ശബരിമല : രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് 5.30 ന്  മേൽശാന്തി കൃഷ്ണദാസ് നമ്പൂതിരി ശ്രീകോവിലിൽ ദീപം തെളിക്കും. ഇന്ന് പ്രത്യേക പൂജകൾ ഇല്ല. നാളെ പുലർച്ചെ അഷ്ടാഭിഷേകം, ഗണപതിഹോമം എന്നീ ചടങ്ങുകളോടെ ഇരുപതു ദിവസം നീളുന്ന പൂജാദികർമ്മങ്ങൾക്ക് തുടക്കം കുറിക്കും. വിവിധ സംസ്ഥാനങ്ങളിൽനിന്ന്  എത്തിയ ആയിരക്കണക്കിന് തീർത്ഥാടകരാണ്  പമ്പയിൽ തങ്ങുന്നത്. ഇവരെ ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ സന്നിധാനത്തേക്ക് കടത്തിവിടും.

14 നാണ് മകരവിളക്ക്. 18  വരെ നെയ്യഭിഷേകം നടത്താം. ദർശനം 19 വരെ. 20 ന്  രാവിലെ 7 ന് നടയടയ്ക്കുന്നതോടെ ശബരിമല തീർത്ഥാടനം സമാപിക്കും.രണ്ട് ദിവസംകൊണ്ട്  സന്നിധാനവും പരിസരവും ശുചീകരിച്ചു. പത്ത് ലക്ഷത്തോളം ടിൻ അരവണ സ്റ്റോക്ക് ചെയ്തു. തീർത്ഥാടകർ ക്യൂ നിൽക്കുന്ന ബാരിക്കേഡുകൾ ബലപ്പെടുത്തി. വരും ദിവസങ്ങളിൽ അരവണ പ്രസാദത്തിൽ നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് എക്‌സിക്യൂട്ടീവ് ഓഫീസർ വി. എസ്. ജയകുമാർ അറിയിച്ചു.