ശബരിമല:  ഭക്തസഹസ്രങ്ങൾക്ക് ദർശനപുണ്യമേകി മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മേൽശാന്തി കൃഷ്ണദാസ് നമ്പൂതിരിയാണ് നടതുറന്ന്   ശ്രീലകത്ത്  നെയ് വിളക്ക്  തെളിച്ചത്.

തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി എന്നിവർ ചേർന്ന് വൈകീട്ട് അഞ്ചരയ്ക്കാണ് തിരുനട തുറന്നത്.
തുടർന്ന് ശ്രീകോവിലിനുള്ളിൽ നെയ്വിളക്ക് തെളിച്ചു. പിന്നീട് ഉപക്ഷേത്രങ്ങളും മാളികപ്പുറം ക്ഷേത്രവും തുറന്നു. മേൽശാന്തി പതിനെട്ടാം പടിയിറങ്ങി ആഴിയിലേക്ക് അഗ്‌നിപകർന്ന് മടങ്ങിയ ശേഷമാണ് ഭക്തരെ പടികയറ്റിയത്. അപ്പോഴേക്കും തീർത്ഥാടകനിര ശബരീപീഠം വരെയെത്തിയിരുന്നു.

മൂന്ന് ദിവസമായി വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിയ തീർത്ഥാടകരെ പമ്പയിൽ നിയന്ത്രിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക്  രണ്ട് മണിയോടെയാണ്  ഇവരെ സന്നിധാനത്തേയ്ക്ക് കയറ്റിവിട്ടത്. വിവിധ ബാച്ചുകളായി തിരിച്ചുവിട്ട തീർത്ഥാടകരെ വലിയ നടപ്പന്തലിലും  തടഞ്ഞു.  മേൽശാന്തി പതിനെട്ടാംപടി ഇറങ്ങി ആഴി ജ്വലിപ്പിച്ചശേഷമാണ് തടസം നീക്കി. ഇന്ന് പുലർച്ചെ 4 ന് നട തുറക്കും.  തന്ത്രി കണ്ഠരര് രാജീവരുടെ കാർമ്മികത്വത്തിൽ നടത്തുന്ന ഗണപതിഹോമത്തോടെ മകരവിളക്ക് സീസണിലെ പൂജാചടങ്ങുകൾ ആരംഭിക്കും.

ജനുവരി 11 നാണ് എരുമേലി പേട്ട. 12 ന്  പന്തളത്തുനിന്ന് തിരുവാഭരണഘോഷയാത്ര പുറപ്പെടും. 13 ന് പമ്പാവിളക്കും സദ്യയും. 14 ന് മകരവിളക്ക് കഴിഞ്ഞാൽ 18 ന് സീസണിലെ നെയ്യഭിഷേകം നിറുത്തിവയ്ക്കും. 19 ന് മാളികപ്പുറത്തെ ഗുരുതിയോടെ തീർത്ഥാടകരുടെ ദർശനം അവസാനിക്കും. 20 ന് പുലർച്ചെ പന്തളം രാജപ്രതിനിധി ദർശനം നടത്തി നട അടയ്ക്കുന്നതോടെ മകരവിളക്ക് തീർത്ഥാടനത്തിന് പരിസമാപ്തിയാകും.