കോട്ടയം: ശബരിമലയിൽ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിക്കെതിരെ വിമർശനവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി നിയമിച്ച നിരീക്ഷക സമിതി തയ്യാറാകുന്നില്ല. ഒരു ജില്ലാ ജഡ്ജിയെ പ്രത്യേക ഉദ്യോഗസ്ഥനായി ഹൈക്കോടതി നിയോഗിച്ചിട്ടുണ്ട്. അവരുടെ നിയോഗം അവർ മറക്കരുതെന്നും കടകംപള്ളി പറഞ്ഞു. ശബരിമലയുടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ സർക്കാർ എല്ലാം ചെയ്യുന്നുണ്ട്. ദേവസ്വം ബോർഡ് അവരുടെ ഉത്തരവാദിത്വം നിർവ്വഹിക്കുന്നുണ്ടെന്നും കടകംപള്ളി കൂട്ടിച്ചേർത്തു. മനിതി സംഘം യഥാർത്ഥ ഭക്തരാണോ അല്ലയോ എന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.

മനിതി സംഘം മല കയറാതെ പിന്മാറിയതിന് പിന്നാലെ സർക്കാരിനെതിരെ ഗൂഢാലോചന ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. നിരീശ്വരവാദികളെ കൂട്ടു പിടിച്ച് ശബരിമലയെ തകർക്കാൻ സർക്കാരിന്റെ നേതൃത്വത്തിൽ നടന്ന നാടകമാണ് നടന്നതെന്ന് ശ്രീധരൻ പിള്ള ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശമനുസരിച്ചാണ് മനിതി പ്രവർത്തകർ ആസൂത്രിതമായി ശബരിമലയിലെത്തിയത്. ഇതിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കും. സിപിഎം നടത്തിയ ഈ കള്ളക്കളിയെക്കുറിച്ചും ശബരിമല തകർക്കാനുള്ള ശ്രമത്തെക്കുറിച്ചും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ശ്രീധരൻ പിള്ള കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ശബരിമലയിലെ നാടകത്തിന്റെ അടിവേരുകൾ എൻഐഎ അന്വേഷിക്കണം. എൻഐഎയുടെ അന്വേഷണം സംസ്ഥാനം ആവശ്യപ്പെടണം. ശബരിമലയിലെ ഇടപെടലുകൾക്ക് ഭീകരസംഘടനകളുടെ ബന്ധമുണ്ടെന്നും ശ്രീധരൻപിള്ള ആരോപിച്ചു. ശബരിമലയെ പോർക്കളമാക്കി നിർത്തുകയാണ് സിപിഎമ്മിന്റെ ശ്രമം. അതിന്റെ ഭാഗമായാണ് തമിഴ്‌നാട്ടിൽ നിന്നും ഹിന്ദുമത വിശ്വാസികൾ പോലുമല്ലാത്ത ഒട്ടേറെ പേരെ ഉൾപ്പെടുത്തി ശബരിമലയിൽ സർക്കാർ നടത്തിയ നാടകം.

ശനിയാഴ്ച രാത്രി ശബരിമലയിൽ ബിജെപി നേതാക്കളുണ്ടായിരുന്നു. പൊലീസ് ഇവരോട് ക്രൂരമായി പെരുമാറി. രാത്രിയുടെ മറവിൽ നടന്ന പൊലീസിന്റെ ക്രൂരത പുറം ലോകം അറിഞ്ഞില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് പൊലീസുമായി ചേർന്ന് ഈ നാടകങ്ങളെല്ലാം നടക്കുന്നതെന്ന് ശ്രീധരൻ പിള്ള ആരോപിച്ചു. ബിജെപി ആശങ്കപ്പെട്ടത് പോലെയാണ് കാര്യങ്ങൾ. അവസരം കിട്ടിയാൽ ശബരിമലയെ തകർക്കാൻ ശ്രമം നടക്കുന്നുണ്ട്. അതിന് സിപിഎം പിന്തുണയ്ക്കും. മനിതികൾക്ക് മധുരയിൽ നിന്ന് തന്നെ കേരള പൊലീസിന്റെ സംരക്ഷണം ഉണ്ടായിരുന്നു. ഇതിന് പൊലീസിന് എങ്ങനെ സാധിച്ചുവെന്നും ശ്രീധരൻ പിള്ള ചോദിച്ചു.

ശബരിമലയിൽ സമാധാനമാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മന്ത്രി ഇ.പി.ജയരാജൻ. സർക്കാർ വിശ്വാസം സംരക്ഷിക്കുമെന്നും മന്ത്രി തൃശൂരിൽ പറഞ്ഞു. ശബരിമല യുവതി പ്രവേശന വിഷയത്തിൽ സർക്കാർ കാണിക്കുന്നത് ബുദ്ധിശൂന്യതയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.. ആർഎസ്എസിനു കലാപമുണ്ടാക്കാനുള്ള അവസരമാണ് സർക്കാർ നൽകിക്കൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമലയെ കലാപകേന്ദ്രമാക്കാൻ ശ്രമിക്കരുത്. സമചിത്തതയോടെ വേണം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ. ശബരിമലയിലെ സർക്കാർ നീക്കങ്ങളിൽ പ്രതിപക്ഷത്തിന് ശക്തമായ പ്രതിഷേധമുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. സർക്കാർ തയാറാക്കിയ നാടകമാണ് ശബരിമലയിൽ നടക്കുന്നതെന്ന് കെപിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആരോപിച്ചു.

പ്രതിഷേധം ശക്തമായതോടെയാണ് മനിതി സംഘം മടങ്ങിയത്. മനിതി സംഘവും പൊലീസും തമ്മിൽ പമ്പയിൽ നടന്ന ചർച്ചകൾക്കുശേഷമാണ് സംഘത്തിന്റെ മടക്കം. മനിതി സംഘം ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇവരെ മടക്കി അയച്ചതെന്ന് എസ്‌പി കാർത്തികേയൻ ഗോകുലചന്ദ്രൻ പറഞ്ഞു. മടങ്ങിയ സംഘത്തിനു പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും എസ്‌പി കൂട്ടിച്ചേർത്തു.അതേസമയം പൊലീസ് ബലം പ്രയോഗിച്ച് തങ്ങളെ മടക്കി അയക്കുകയാണെന്ന് മനിതി സംഘം നേതാവ് സെൽവി പറഞ്ഞു. ശബരിമല ദർശനത്തിനായി മടങ്ങി വരുമെന്നും സെൽവി കൂട്ടിച്ചേർത്തു.

ശനിയാഴ്ച രാത്രിയോടെയാണ് 11 അംഗസംഘം ശബരിമല ദർശനത്തിനായി തമിഴ്‌നാട്ടിൽനിന്നും കേരളത്തിൽ എത്തിയത്. സംഘത്തിന്റെ യാത്രമധ്യേ നിരവധി സ്ഥലത്ത് അയ്യപ്പ ഭക്തർ നാമജപ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പമ്പയിലെത്തിയ മനിതി സംഘത്തിൽ പെട്ട യുവതികൾക്ക് ഇരുമുടിക്കെട്ട് നിറച്ചു നൽകാൻ പൂജാരിമാരും പരികർമികളും തയാറായില്ല. ഇതേത്തുടർന്ന് ശബരിമലയിലേക്ക് പോകുന്ന ആറ് യുവതികള് സ്വയം കെട്ട് നിറച്ചാണ് സന്നിധാനത്തേക്ക് പുറപ്പെട്ടത്.

എന്നാൽ കെട്ടുനിറച്ചശേഷം യാത്ര തുടങ്ങിയ ഇവരെ ശബരിപാത ആരംഭിക്കുന്നിടത്ത് പ്രതിഷേധക്കാർ തടയുകയായിരുന്നു. ഇതേതുടർന്നു മണിക്കൂറുകൾ നീണ്ടുനിന്ന ചർച്ചകൾക്കുശേഷം പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി സംഘത്തെ മലകയറാൻ അനുവദിച്ചു.മനിതി സംഘം മലകയറാൻ തുടങ്ങിയതോടെ കൂടുതൽ പ്രതിഷേധക്കാർ സംഘടിച്ച് ഇവരെ വീണ്ടും തടഞ്ഞു. ഇതോടെ പൊലീസ് മനിതി സംഘത്തെ തിരികെ പന്പയിലെ പൊലീസ് കൺട്രോൾ റൂമിലെത്തിച്ചു ചർച്ച നടത്തുകയായിരുന്നു. മനിതി സംഘത്തെ തടഞ്ഞവർക്കെതിരെ കേസെടുത്തതായും എസ്‌പി കാർത്തികേയൻ ഗോകുലചന്ദ്രൻ അറിയിച്ചു.

ശബരിമല ദര്ശനത്തിനായി എരുമേലിയിൽ എത്തിയ ആദിവാസി നേതാവ് അമ്മിണി തിരികെ പോയി. ശബരിമലയിലെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് പൊലീസ് അറിയിച്ചതിനെ തുടര്ന്നാണ് അമ്മിണി മടങ്ങാന് തീരുമാനിച്ചത്. ഞായറാഴ്ച രാവിലെ പൊൻകുന്നം പൊലീസ് സ്റ്റേഷനിലെത്തിയ അമ്മിണിക്ക് നിലയ്ക്കൽ വരെ സുരക്ഷ നൽകാമെന്ന് പൊലീസ് അറിയിച്ചിരുന്നു.അമ്മിണിയെ എരുമേലി പൊലീസ് സ്റ്റേഷനിൽ എത്തിച്ചതിനെ തുടർന്ന് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തുകയുമായിരുന്നു.