സന്നിധാനം: ശബരിമലയിലെയും മാളികപ്പുറം ക്ഷേത്രത്തിലെയും പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണം വൃശ്ചികത്തലേന്ന് രാത്രിയിൽ നടന്നു. സോപാനത്തിൽ പ്രത്യേക ചടങ്ങുകളോടെയാണ് ഇവരെ അഭിഷേകം ചെയ്തത്. ശബരിമല ക്ഷേത്രം മേൽശാന്തിയായി ഒറ്റപ്പാലം ചെർപ്പുളശേരി തെക്കുംപുറത്ത് മനയിലെ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ അവരോധചടങ്ങുകളാണ് ആദ്യം നടന്നത്. ഒറ്റക്കലശം പൂജിച്ചു തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ അഭിഷേകം ചെയ്തു. പിന്നീട് ശ്രീകോവിലിലേക്ക് കൈപിടിച്ചാനയിച്ച് അയ്യപ്പമൂലമന്ത്രം ചൊല്ലിക്കൊടുത്തു. പൂജാവിധികളും അദ്ദേഹത്തെ അറിയിച്ചു. മാളികപ്പുറം ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി ചങ്ങനാശേരി വാഴപ്പള്ളി പുതുമന ഇല്ലത്തെ മനു നമ്പൂതിരിയുടെ സ്ഥാനാഭിഷേകവും പിന്നാലെ നടന്നു.

സ്ഥാനമൊഴിയുന്ന ശബരിമല മേൽശാന്തി ശങ്കരൻ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയും പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകളിൽ കാർമികരായി. രാത്രിയിൽ നട അടച്ചത് സ്ഥാനമൊഴിഞ്ഞ മേൽശാന്തിമാരാണ്. താക്കോൽ ദേവസ്വം അധികൃതർക്ക് കൈമാറിയതോടെ ഇവരുടെ ചുമതലകൾ പൂർത്തിയായി. കഴിഞ്ഞ ഒരുവർഷം പുറപ്പെടാശാന്തിമാരെന്ന നിലയിൽ സന്നിധാനത്തു താമസിച്ച് പൂജകൾ നിർവഹിച്ചു വന്ന ശബരിമല, മാളികപ്പുറം മേൽശാന്തിമാർ രാത്രിയിൽത്തന്നെ പടിയിറങ്ങി.

പുതുതായി ചുമതലയേറ്റ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ശബരിമല ക്ഷേത്രത്തിലും മനു നമ്പൂതിരി മാളികപ്പുറത്തും ഇന്നു പുലർച്ചെ മൂന്നിനു നട തുറന്നു. 41 ദിവസത്തെ മണ്ഡലകാലത്തിനും ഇന്ന് ആരംഭമായി. തീർത്ഥാടനകാലത്ത് എല്ലാദിവസവും പുലർച്ചെയും വൈകുന്നേരവും മൂന്നിനാണു നട തുറക്കുന്നത്. മണ്ഡലകാലത്തെ നെയ്യഭിഷേകവും ഇന്നാരംഭിക്കും. പുലർച്ചെ 3.15 മുതൽ രാവിലെ 11.30വരെയാണ ്നെയ്യഭിഷേകം. ഇക്കുറി ഒരുമണിക്കൂർ നേരത്തേ ദിവസവും നടതുറക്കാൻ തീരുമാനിച്ചിട്ടുണ്ട്.