41 നാൾ നീണ്ടുനിന്ന മണ്ഡലകാല തീർത്ഥാടനത്തിന് സമാപ്തി കുറിച്ച് ശബരിമലയിൽ ഇന്ന് മണ്ഡല പൂജ. ഇന്നലെ പതിനെട്ടാം പടി കടന്ന് സോപാനത്തെത്തിയ തങ്ക അങ്കി തന്ത്രി കണ്ഠരര് രാജീവരും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് തങ്ക അങ്കി ചാർത്തി സന്ധ്യയ്ക്ക് ശബരീശന് ദീപാരധനയും നടന്നു.

ഇന്ന് ഉച്ചയ്ക്ക് 12.30നാണ് മണ്ഡലപൂജ നടക്കുക. ഇന്ന് രാവിലെ പതിനൊന്നിന് നെയ്യഭിഷേകം നിറുത്തി വയ്ക്കും. തുടർന്ന് ഉച്ചപൂജയ്ക്ക് മുന്നോടിയായി കളഭാഭിഷേകം നടക്കും. തുടർന്നാണ് മണ്ഡലപൂജ.

ഭക്തലക്ഷങ്ങളാണ് മണ്ഡലപൂജ കണ്ട് വണങ്ങാനായി ശബരിമലയിൽ എത്തിച്ചേർന്നിരിക്കുന്നത്. മണ്ഡലപൂജയ്ക്ക് ശേഷം ഇന്ന് രാത്രി നട അടയ്ക്കും. മകരവിളക്ക് തീർത്ഥാടനത്തിനായി 30-ാം തിയതി വൈകിട്ട് 5.30ന് നട വീണ്ടും തുറക്കും.