സന്നിധാനം: മീനമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര തിരുനട ഈമാസം 14 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. 15 ാം തീയതി മുതൽ ഭക്തരെ ശബരിമലയിലേക്ക് ദർശനത്തിനായി കടത്തിവിടും. വെർച്ചൽ ക്യൂ വഴി ബുക്ക് ചെയ്ത് ദർശനത്തിനുള്ള പാസ്സ് ലഭിച്ചവരെ മാത്രമെ ഇക്കുറിയും ശബരിമലയിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ.

ശബരിമലയിലേക്ക് വരുന്നവർക്ക് ആർ ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കിയിട്ടുണ്ട്. ഉത്രം മഹോൽസവവും മാസപൂജകളെ തുടർന്ന് നടക്കും. 19 ന് രാവിലെ 7.15നും 8 നും മദ്ധ്യേ ഉത്രം മഹോൽസവത്തിന് കൊടിയേറും.ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ആണ് കൊടിയേറ്റ് ചടങ്ങുകൾ നടക്കുക.

ഉത്സവബലിയും ശീവേലി എഴുന്നെള്ളത്തും സേവയും ഉത്സവത്തിന്റെ ഭാഗമായി ഉണ്ടാകും.27 ന് രാത്രി പള്ളിവേട്ട.28 ന് രാവിലെ ആറാട്ടിന് എഴുന്നെള്ളിപ്പ്. ഉച്ചയ്ക്ക് ശേഷം പമ്പയിൽ തിരു ആറാട്ട് നടക്കും.28 ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. വിഷുവിനായി ക്ഷേത്രനട ഏപ്രിൽ 10ന് വൈകുന്നേരം 5 മണിക്ക് തുറക്കും.ഏപ്രിൽ 14 ന് ആണ് വിഷുക്കണി ദർശനം. പൂജകൾ പൂർത്തിയാക്കി 18 ന് തിരുനട അടയ്ക്കും.