സന്നിധാനം: ശബരിമല മണ്ഡല - മകരവിളക്ക് തീർത്ഥാടനം ഭംഗിയായി പൂർത്തിയാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. ശബരിമല സന്നിധാനത്ത് ചേർന്ന അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലാവസ്ഥ അനുകൂലമാകുന്നതോടെ കൂടുതൽ തീർത്ഥാടകർ എത്തിച്ചേരും. ഇതിന് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്തും. തീർത്ഥാടകരുടെ സുരക്ഷ മുൻനിർത്തിയാണ് കോവിഡ് പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ പരിഹരിക്കും. നിലവിൽ 13 ലക്ഷം പേർ ഓൺലൈനായി ദർശനം നടത്തുന്നതിന് ബുക്ക് ചെയ്തിട്ടുണ്ട്.

ജലനിരപ്പ് ഉയർന്നിരിക്കുന്നതിനാൽ പമ്പയിൽ സ്നാനം ചെയ്യുന്നത് അപകടകരമായതിനാലാണ് നിലവിൽ അനുവദിക്കാത്തത്. ശക്തമായ മഴയിൽ തകർന്ന പമ്പയിലെ ഞുണങ്ങാർ പാലം പുനർനിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കും. പ്രകൃതിക്ഷോഭം മൂലം തീർത്ഥാടനവുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങളിൽ തടസങ്ങൾ നേരിട്ടിരുന്നു. എന്നാൽ, ഇതിനെ അതിജീവിച്ച് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചു.

മഴയിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണം എത്രയും വേഗം പൂർത്തിയാക്കും. പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. മതിയായ മുൻകരുതലുകൾ എടുത്ത് തീർത്ഥാടനം പൂർത്തിയാക്കാൻ കഴിയും. കൂടുതൽ ഭക്തർ വന്നു തുടങ്ങുന്നതിന് അനുസരിച്ച് നിലവിൽ ഉപയോഗിക്കുന്ന സ്വാമി അയ്യപ്പൻ റോഡിന് പുറമെ നീലിമല-അപ്പാച്ചിമേട് വഴിയുള്ള പരമ്പരാഗത ശബരിമല പാത മല ഇറങ്ങുന്നതിനായി തുറന്നുകൊടുക്കുന്നത് പരിഗണിക്കും. ഇതിന്റെ ഭാഗമായി ഈ പാതയിലെ രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ സജ്ജമാക്കുന്നതിനും ആവശ്യമായ വെളിച്ചം ഉറപ്പുവരുത്തുന്നതിന് സംവിധാനം ഒരുക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇ-ടോയ്ലെറ്റ്, ബയോ-ടോയ്ലെറ്റ് സംവിധാനങ്ങൾ വർധിപ്പിക്കും. തീർത്ഥാടകർക്ക് കുളിക്കുന്നതിനും കുടിക്കുന്നതിനും ആവശ്യമായ ശുദ്ധജലം സംഭരിച്ചിട്ടുണ്ട്. തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഓരോ വകുപ്പുകൾ ഒറ്റയ്ക്കും മറ്റു വകുപ്പുകളുമായി ചേർന്നും ആവശ്യമായ തുടർ പ്രവർത്തനങ്ങൾ നടത്തണം. അതത് സമയത്തെ സ്ഥിതി വിലയിരുത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും മന്ത്രി പറഞ്ഞു.

എംഎൽഎമാരായ അഡ്വ. പ്രമോദ് നാരായൺ, അഡ്വ. കെ.യു. ജനീഷ് കുമാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, ബോർഡ് അംഗങ്ങളായ പി.എം. തങ്കപ്പൻ, അഡ്വ. മനോജ് ചരളേൽ, എഡിജിപി എസ്. ശ്രീജിത്ത്, ശബരിമല എഡിഎം അർജുൻ പാണ്ഡ്യൻ, സന്നിധാനം പൊലീസ് കൺട്രോളർ എ.ആർ. പ്രേം കുമാർ, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ കൃഷ്ണകുമാർ വാര്യർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ അവലോകന യോഗത്തിൽ ഓൺലൈനായി പങ്കെടുത്തു.