ശബരിമല: നാൽപ്പത്തൊന്നു ദിവസത്തെ കഠിനവ്രതത്തിനൊടുവിൽ പമ്പയിൽ കുളികഴിഞ്ഞ് കരിമലയും നീലിമലയും താണ്ടി സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തർ. ശരണം വിളികളോടെ പതിനെട്ടാംപടി ചവിട്ടി അയ്യപ്പനെ കണ്ട് മാളികപ്പുറം ചുറ്റി മലയിറങ്ങാനൊരുങ്ങുന്ന ഭക്തർ ശബരിമല പോസ്റ്റോഫീസിൽ കയറാൻ മറക്കാറില്ല. കയ്യിൽ കരുതിയ പോസ്റ്റുകാർഡിൽ സ്വാമിശരണം എന്ന ഒരുവരിമാത്രമെഴുതി പോസ്റ്റുചെയ്യും. ആദ്യമൊക്കെ ഈകാഴ്ച പലർക്കും അത്ഭുതമായിരുന്നു. ചിലർ ഇതിന്റെ പ്രാധാന്യത്തെപ്പറ്റി വിവരിച്ചപ്പോഴാണ് അയ്യപ്പന്മാർ പോസ്റ്റ് ഓഫീസിലേക്ക് കൂടുതലായി എത്തിത്തുടങ്ങിയത്.

ശബരിമല പോസ്റ്റ് ഓഫീസിൽ നിന്ന് അയക്കുന്നതും ഇവിടെയെത്തി മടങ്ങുന്നതുമായ എല്ലാ പോസ്റ്റുകാർഡികൾക്കും ഇല്ലെൻഡുകൾക്കും പുറത്ത് പതിപ്പിക്കുന്ന മുദ്രയാണ് അയ്യപ്പന്മാരെ പോസ്റ്റോഫീസിലേക്ക് ആകർഷിക്കുന്നത്. പതിനെട്ടാംപടിയും അതിനു മുകളിൽ ഇരിക്കുന്ന അയ്യപ്പനുമടങ്ങിയ വൃത്താകൃതിയിലെ മുദ്രയാണ് എല്ലാത്തിലും പതിപ്പിക്കുന്നത്. ലോകത്തൊരിടത്തും കാണാൻ കഴിയാത്ത ഈ അപൂർവമുദ്ര ശബരിമല പോസ്റ്റോഫീസിനുമാത്രം സ്വന്തമാണ്. പോസ്റ്റ്ഓഫീസ് ആരംഭിച്ചകാലം മുതൽ മുദ്ര നിലവിൽവന്നതാണ്. ഈ മുദ്ര പതിപ്പിക്കാൻവേണ്ടിമാത്രം പുതുവത്സരക്രിസ്തുമസ് ആശംസകൾ ശബരിമലയിലെത്തി അയക്കുന്ന അയ്യപ്പഭക്തരുമുണ്ട്. വർഷത്തിലൊരിക്കൽ ലഭിക്കുന്ന ഈ ഭാഗ്യം പരമാവധി പ്രയോജനപ്പെടുത്താൻ അയ്യപ്പന്മാർ മറക്കാറുമില്ല.