ശബരിമല: മണ്ഡല - മകരവിളക്ക് ഉത്സവത്തിനായി ശബരിമല ശ്രീകോവിലിന്റെ നട തുറന്നു. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരരുടെ സാന്നിദ്ധ്യത്തിൽ നിലവിലുള്ള മേൽശാന്തി എ.വി.ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയാണ് ശ്രീകോവിൽ നടതുറന്ന് അയ്യപ്പസ്വാമിയെ ധ്യാനനിദ്രയിൽ നിന്നുണർത്തി ദീപം തെളിയിച്ചത്. തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി എ.വി. ഉണ്ണികൃഷ്ണൻ നമ്പൂതിരിയും ശ്രീകോവിൽ വലംവെച്ചെത്തി തിരുനടയിലെ മണിയടിച്ച് നട തുറന്നതോടെയാണ് മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ആരംഭമായത്.

തുടർന്ന് ഉപദേവതാ ക്ഷേത്രങ്ങളിൽ വിളക്ക് തെളിച്ചശേഷം മേൽശാന്തി പതിനെട്ടാംപടിയിറങ്ങി ആഴിയിലും അഗ്‌നിപകർന്നു. ഇന്ന് പ്രത്യേക പൂജകൾ ഇല്ല. വൈകിട്ട് ആറോടെ നിയുക്ത മേൽശാന്തിമാരുടെ അവരോധന ചടങ്ങുകൾ നടക്കും. പുതിയ മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായി എം.എൻ. നാരായണൻ നമ്പൂതിരിയും സ്ഥാനമേൽക്കും. വൈകിട്ട് ആറിന് തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ കലശം പൂജിച്ച് അഭിഷേകം ചെയ്താണ് സ്ഥാനമേൽക്കുക.

ശബരിമല മേൽശാന്തി മണ്ണാർകാട് തച്ചനാട്ടകം കണ്ടൂർകുന്ന് വരിക്കാശേരി മനയിൽ വി.എൻ.വാസുദേവൻ നമ്പൂതിരിയുടെ അവരോധന ചടങ്ങാകും ആദ്യം നടക്കുക. തന്ത്രിയുടെ കാർമ്മികത്വത്തിൽ കലശംപൂജിച്ച് മേൽശാന്തിയെ അഭിഷേകം ചെയ്തശേഷം ശ്രീകോവിലിലേക്ക് കൂട്ടികൊണ്ടുപോയി മൂലമന്ത്രവും പൂജാവിധികളും പറഞ്ഞു കൊടുക്കും.തുടർന്ന് മാളികപ്പുറം ക്ഷേത്രത്തിലെ നിയുക്ത മേൽശാന്തി തിരുവൻവണ്ടൂർ ഇരമല്ലിക്കര മാമ്പറ്റ ഇല്ലത്ത് എം.എൻ.നാരായണൻ നമ്പൂതിരിയുടെയും അവരോധന ചടങ്ങ് നടക്കും.