പമ്പ: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി അടിയന്തര ദുരന്ത നിവാരണ കേന്ദ്രം ഇന്ന് പമ്പയിൽ പ്രവർത്തനം ആരംഭിക്കും. വൈകിട്ട് മൂന്നിന് മന്ത്രി അടൂർ പ്രകാശ് ഉദ്ഘാടനം ചെയ്യും. രാജു ഏബ്രഹാം എംഎ‍ൽഎ അധ്യക്ഷത വഹിക്കും.

20 സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ചു കൊണ്ടാണ് ദുരന്ത നിവാരണ വിഭാഗത്തിനു കീഴിൽ പമ്പയിലെ ഇൻഫർമേഷൻ ഓഫീസിന് സമീപത്തായി അടിയന്തര ദുരന്ത നിവാരണ കേന്ദ്രം പ്രവർത്തിക്കുക. അടിയന്തര സാഹചര്യം നേരിടുന്നതിന് അത്യാധുനിക വാർത്താ വിനിമയ സംവിധാനങ്ങൾ ഈ കേന്ദ്രത്തിൽ ഉണ്ടാകും. ഇന്റർനെറ്റ്, വയർലെസ്, ടെലിഫാക്‌സ്, ഹാം റേഡിയോ, ഹോട്ട്‌ലൈൻ തുടങ്ങിയവയാണ്‌സൗകര്യങ്ങൾ. എസ്.എം.എസ്, മോഡം എന്ന സംവിധാനം ഉപയോഗിച്ച് ഓരോ മണിക്കൂർ ഇടവിട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മൊബൈൽ ഫോണിൽ സന്ദേശം ലഭ്യമാക്കും. തീർത്ഥാടകരുടെ തിരക്ക് സംബന്ധിച്ച വിവരവും ഇത്തരത്തിൽ കൈമാറും.

24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ ദുരന്ത നിവാരണ വിഭാഗത്തിന് പുറമേ പൊലീസ്, ആരോഗ്യം, അഗ്‌നിശമന സേന, വനം, ദേവസ്വം, വാട്ടർ അഥോറിറ്റി, ജലസേചനം, പൊതുമരാമത്ത്, കെ.എസ്.ഇ.ബി, എക്‌സൈസ്, നാഷണൽ ഇൻഫർമാറ്റിക്‌സ്, ബി.എസ്.എൻ.എൽ, കെ.എസ്.ആർ.ടി.സി, മോട്ടോർ വാഹനം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉണ്ടാകും. പമ്പ, നിലയ്ക്കൽ, ജില്ലാ കളക്ടറേറ്റ്, സംസ്ഥാന ദുരന്ത നിവാരണ സെൽ എന്നിവിടങ്ങളുമായി അടിയന്തര ദുരന്ത നിവാരണ കേന്ദ്രത്തെ ബന്ധിപ്പിക്കും. സംസ്ഥാന ദുരന്ത നിവാരണ വിഭാഗത്തിന് കീഴിയുള്ള ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ മേൽനോട്ടത്തിലാണ് കേന്ദ്രം പ്രവർത്തിക്കുക. കഴിഞ്ഞ വർഷം മകരവിളക്ക് കാലത്ത് അടിയന്തര ദുരന്ത നിവാരണ കേന്ദ്രം പ്രവർത്തിച്ചിരുന്നു. ഇതിന്റെ പ്രവർത്തനം ഫലപ്രദമാണെന്ന് മനസിലായതിനെ തുടർന്ന് റവന്യൂമന്ത്രി അടൂർ പ്രകാശിന്റെ പ്രത്യേക നിർദേശാനുസരണമാണ് ഈ വർഷം നേരത്തെ പ്രവർത്തനം ആരംഭിക്കുന്നത്.