ശബരിമല: മണ്ഡലപൂജയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കേ സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്. ഇന്നലെ പുലർച്ചെ മൂന്നിന് നട തുറന്നപ്പോൾ ദർശനത്തിനായുള്ള തീർത്ഥാടകരുടെ നീണ്ട നിര ശരംകുത്തി ക്യൂ കോംപ്ലക്‌സ് വരെ എത്തിയിരുന്നു. ആറുമണിക്കൂർ ക്യൂവിൽ നിന്നശേഷമാണ് പലർക്കും ദർശനം സാധ്യമായത്.

തീർത്ഥാടകർക്ക് നൽകിയ അരവണയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ അരവണ വിതരണ കൗണ്ടറുകൾക്കു മുന്നിൽ നീണ്ട ക്യൂ ദൃശ്യമായിരുന്നു. അരവണ ലഭിക്കാൻ തീർത്ഥാടകർക്ക് മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടതായി വന്നു. മാളികപ്പുറത്തെ അരവണ കൗണ്ടറിലെ ക്യൂ മീഡിയാ സെന്ററിന്റെ വരാന്തവരെ നീണ്ടു. വടക്കേ നടയ്ക്ക് സമീപമുള്ള പ്രസാദ ടിക്കറ്റ് വിതരണ കൗണ്ടറിനുമുന്നിലും നീണ്ട ക്യൂ ദൃശ്യമായിരുന്നു.

പമ്പാ ത്രിവേണി മുതൽ നിലയ്ക്കൽ വരേയും കണമല ഭാഗത്തേക്കും ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. പത്തനംതിട്ടയിൽനിന്ന് നാല് മണിക്കൂർ സമയമെടുത്താണ് കെ.എസ്.ആർ.ടി.സി ബസുകൾ പമ്പയ്ക്ക് എത്തിയത്. കെ.എസ്.ആർ.ടി.സി സർവീസുകളേയും പമ്പനിലയ്ക്കൽ ചെയിൻ സർവീസിനേയും ഗതാഗത കുരുക്ക് ബാധിച്ചു.