- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്തിസാന്ദ്രം സന്നിധാനം; മണ്ഡല - മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു; മൂന്നുദിവസം തീർത്ഥാടകർക്ക് നിയന്ത്രണം
സന്നിധാനം: മണ്ഡല - മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു. വൈകുന്നേരം 4.52ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി ജയരാജ് പോറ്റി വി.കെ നട തുറന്ന് ദീപം തെളിയിച്ചു. പതിവു പൂജകൾക്ക് ശേഷം പുതിയ മേൽശാന്തിമാർ ചുമതലയേറ്റു.
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലായിരുന്നു സന്നിധാനം. വലിയ മഴയാണ് സന്നിധാനത്ത് നടതുറക്കുന്ന സമയത്ത് ഉണ്ടായിരുന്നത്. വൃശ്ചികം ഒന്നായ ചൊവ്വാഴ്ച പുലർച്ചെ മുതൽ ഭക്തരെ കടത്തിവിടും. ശബരിമലയിലേക്കുള്ള പ്രധാന റോഡുകളിൽ എല്ലാം വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ട്.
ആദ്യദിനം 8000 ആളുകളാണ് ആദ്യദിവസത്തെ ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. പ്രതിദിനം 30000 തീർത്ഥാടകരെ പ്രവേശിപ്പിക്കുമെന്നാണ് സർക്കാർ തീരുമാനമെങ്കിലും കനത്ത മഴയുടെ പശ്ചാത്തലത്തിൽ തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു. പമ്പാസ്‌നാനവും ഒഴിവാക്കി. സ്‌പോട്ട്ബുക്കിങ്ങും തത്കാലമില്ല. മഴ കുറയുന്നതോടെ നിയന്ത്രണങ്ങൾ മാറുമെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.
കാലാവസ്ഥ പ്രതികൂലമായതിനാൽ ആദ്യ മൂന്നു ദിവസം ചില നിയന്ത്രണങ്ങളുണ്ട്. ബുക്ക് ചെയ്ത ഭക്തർക്ക് ഈ ദിവസങ്ങളിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊരു ദിവസം സൗകര്യം ഒരുക്കും. സ്‌പോട്ട് ബുക്കിങ് ഉണ്ടായിരിക്കില്ല. ശക്തമായ ഒഴുക്കായതിനാലാണ് പമ്പാ സ്‌നാനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്.
വെള്ളം കയറിയതു മൂലം പുനലൂർ - മൂവാറ്റുപുഴ, പന്തളം - പത്തനംതിട്ട റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. മൂന്നു തവണ ലേലം നടത്തിയെങ്കിലും സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ ഭൂരിഭാഗം കടകളും ആരും ഏറ്റെടുത്തിട്ടില്ല. സന്നിധാനത്ത് നിലവിൽ ഒരു ഹോട്ടൽ മാത്രമാണുള്ളത്. വിവിധ ഹൈന്ദവ സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും പമ്പയിൽനിന്നു പരമ്പരാഗത പാത വഴി ഭക്തരെ കടത്തിവിടാൻ പൊലീസ് തയാറായിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ