ശബരിമല: വിപുലമായ സംവിധനങ്ങളുമായി സന്നിധാനത്തെ പോസ്റ്റ്ഓഫീസ് ഭക്തജനങ്ങൾക്ക് ആശ്വാസമാകുന്നു. മാളികപ്പുറത്തിന് സമീപം പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസ് രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയാണ് പ്രവർത്തിക്കുന്നത്. പോസ്റ്റ് ഓഫീസിൽനിന്നു പുറത്തേക്ക് അയയ്ക്കുന്നതും ഇവിടേക്ക് വരുന്നതുമായ തപാൽ ഉരുപ്പടികളിൽ ഇന്ത്യൻ പോസ്റ്റൽ സർവീസിന്റെ മുദ്രയ്ക്കു പകരം അയ്യപ്പന്റെയും പതിനെട്ടാംപടിയുടെയും ചിത്രമുള്ള മുദ്രയാണു പതിക്കുന്നത്. ഹിന്ദിയിലും ഇംഗ്ലീഷിലും ശബരിമല എന്നും ഒപ്പം പിൻകോഡും മുദ്രയിലുണ്ട്.

ഭഗവാന്റെ പടമുള്ള മുദ്ര തപാൽ കവറിൽ ലഭിക്കുന്നതിനായി ഭക്തരിൽ ചിലർ ഇവിടെ വരുമ്പോൾ സ്വന്തം വിലാസത്തിലേക്ക് കത്തയയ്ക്കാറുണ്ട്. സ്പീഡ് പോസ്റ്റ്, രജിസ്‌ട്രേഷൻ, ഇലക്‌ട്രോണിക് മണിയോർഡർ എന്നീ സംവിധാനങ്ങൾ പോസ്റ്റ് ഓഫീസിലുണ്ട്. ഈ വർഷം മുതൽ മൊബൈൽ റീചാർജിങ് ഉൾപ്പെടെയുള്ള സേവനവും ഒരുക്കിയിട്ടുണ്ട്. ഇൻസ്റ്റന്റ് മണിയോർഡർ സംവിധാനത്തിലൂടെ ആയിരം മുതൽ അമ്പതിനായിരം രൂപ വരെ രാജ്യത്ത് എവിടേക്കും അയയ്ക്കാൻ കഴിയും.

പോസ്റ്റ് ഓഫീസിലൂടെ ഭക്തർക്ക് ഇന്ത്യയിൽ എവിടേയ്ക്കും പ്രസാദമയക്കാം. ഫഌറ്റ് റേറ്റ് ബോക്‌സ് എന്ന പദ്ധതിയിലൂടെ ഒരു കിലോ മുതൽ അഞ്ച് കിലോ വരെ തൂക്കമുള്ള അപ്പം, അരവണ പാഴ്‌സലുകൾ അയയ്ക്കാൻ കഴിയും. ഒരു കിലോ വരെ 125 രൂപയും രണ്ട് മുതൽ രണ്ടര കിലോ വരെ 200 രൂപയും മൂന്ന് മുതൽ അഞ്ച് കിലോ വരെ 400 രൂപയുമാണ് ഈടാക്കുന്നത്. പമ്പയിൽ നിന്നും തലച്ചുമടായിട്ടാണ് തപാൽ ഉരുപ്പടികൾ സന്നിധാനത്ത് എത്തിക്കുന്നത്.