ശബരിമല: തീർത്ഥാടനവുമായി ബന്ധപ്പെട്ട വിശേഷങ്ങൾ തൽസമയം അറിയുന്നതിന് സഹായിക്കുന്ന മോട്ടോർ വാഹന വകുപ്പിലെ തത്വമസി, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ശബരിമല ഒഫീഷ്യൽ മൊബൈൽ ആപ്ലിക്കേഷനുകൾ ശ്രദ്ധേയമാകുന്നു. പൂജാ സമയങ്ങൾ, വാഹനങ്ങൾക്ക് അറ്റകുറ്റപണി ആവശ്യമായാൽ അടിയന്തര സഹായം, വിശ്രമ സ്ഥലങ്ങൾ സംബന്ധിച്ച വിവരം, ഭക്ഷണം ലഭിക്കുന സ്ഥലങ്ങൾ, പെട്രോൾ പമ്പുകൾ, മോട്ടോർ വാഹന വകുപ്പിന്റെ ശബരിമല തീർത്ഥാടന പാതകളിലെ സേഫ് സോൺ ഫോൺ നമ്പറുകൾ, പൊലീസ്, ആശുപത്രി, ഫയർ ഫോഴ്‌സ്, റെയിൽവേ സ്‌റ്റെഷനുകൾ, കെ.എസ്.ആർ.ടി.സി, ഗസ്റ്റ് ഹൗസ്, ഫോറസ്റ്റ് ഓഫീസ്, അപ്പാച്ചിമേട്ടിലെ സ്‌ട്രെച്ചർ സർവീസ്, ടോൾ ഗേറ്റ്, ബസ്, ട്രെയിൻ സമയങ്ങൾ, ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന പാർക്കിങ് സ്ഥലങ്ങളായ നിലയ്ക്കൽ, ചക്കുപാലം, ത്രിവേണി, ഹിൽടോപ് എന്നിവിടങ്ങളിലെ തത്സമയ വിവരം, റൂട്ട് മാപ്പ്, തത്സമയ മാപ്പ് എന്നിവ തത്വമസി ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ദേവസ്വം ബോർഡിന്റെ ശബരിമല ഒഫീഷ്യൽ ആപ്ലിക്കേഷനിൽ പൂജാ സമയം, വഴിപാട് നിരക്കുകൾ, ആരോഗ്യ കേന്ദ്രങ്ങളുടെ ഫോൺ നമ്പരുകൾ, താമസ സ്ഥലങ്ങളുടെ ഫോൺ നമ്പരുകൾ, പൊലീസിന്റെ ഫോൺ നമ്പരുകൾ, സന്നിധാനത്തെ പ്രധാന ഫോൺ നമ്പരുകൾ,വിവിധ വകുപ്പുകളുടെ ഫോൺ നമ്പരുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ആൻഡ്രോയിഡ് ആപ്ലിക്കേഷൻ സ്‌റ്റോറിൽ നിന്നും തത്വമസിയും ശബരിമല ഒഫീഷ്യലും സൗജന്യമായി ഡൗൺലോഡ് ചെയ്യാം.