ശബരിമല: നെയ്ത്തിരി വിളക്കിന്റെ ദീപപ്രഭയിൽ ആത്മചൈതന്യത്തിന്റെ ഐശ്വര്യം പ്രദാനം ചെയ്യുന്ന ഭഗവതിസേവ മാളികപ്പുറത്തിന്റെ ശ്രദ്ധയാകർഷിക്കുന്നു. മാളികപ്പുറം മേൽശാന്തി എസ്. കേശവൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ത്രിസന്ധ്യയിൽ ഭഗവതിസേവാ ചടങ്ങുകൾ നടത്തുന്നത്. നാടിനും നാട്ടാർക്കും ശബരിമല ദർശനം നടത്തുന്ന അയ്യപ്പന്മാർക്കും സർവചരാചരങ്ങൾക്കും ശാന്തി നേരുകയാണു ഭഗവതി സേവയിലൂടെ ശാന്തിക്കാർ ചെയ്യുന്നത്. പഞ്ച ദുർഗാ മന്ത്രങ്ങൾ ചൊല്ലി ത്രിസന്ധ്യക്കു പുഷ്പാഞ്ജലി അർപ്പിക്കുമ്പോൾ അത് സർവൈശ്വര്യദായകമെന്നാണു വിശ്വാസം.

മാളികപ്പുറം ക്ഷേത്ര നടയിലെ വിളക്കിൽ അഞ്ചു നെയ്ത്തിരി തെളിച്ച് അതിലേക്ക് ദേവിയെ ആവാഹിച്ച് ദീപാരാധന നടത്തുന്നു. ഇത്തരത്തിൽ ദേവീചൈതന്യത്തെ ആവാഹിച്ച് കടും പായസം, വത്സൻ, വെറ്റയും പാക്കും, ത്രിമധുരം എന്നിവ നൽകി ദേവിയെ തൃപ്തിപ്പെടുത്തുന്നു.