ശബരിമല: അരവണ നിർമ്മാണത്തിന് ആവശ്യമായ സാധനങ്ങൾ സംഭരിക്കുന്നതിൽ വീഴ്ച പറ്റിയതോടെ കൽക്കണ്ടവും ഉണക്കമുന്തിരിയും പ്രാദേശികാടിസ്ഥാനത്തിൽ വാങ്ങാൻ ദേവസ്വം കമ്മീഷണർ പി. വേണുഗോപാൽ എക്‌സിക്യൂട്ടീവ് ഓഫീസർ വി എസ്. ജയകുമാറിന് നിർദ്ദേശം നൽകി. അരവണ നിർമ്മാണത്തിലുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ഗുണനിലവാരമുള്ള സാധനങ്ങൾ കരാറുകാർ എത്തിച്ചില്ലെങ്കിൽ ഇനി പ്രാദേശികാടിസ്ഥാനത്തിൽ ഇവ വാങ്ങാനാണ് തീരുമാനം. ഗുണനിലവാരമുള്ള കൽക്കണ്ടവും ഉണക്കമുന്തിരിയും ഏലയ്ക്കായും ലഭിക്കാതെവന്നതോടെ അരവണ നിർമ്മാണം നിർത്തിവച്ചിരുന്നു. സാധനങ്ങൾ സ്‌റ്റോക്കു ചെയ്യുന്നതിൽ വൻ വീഴ്ചയാണ് പറ്റിയത്. ആദ്യം ഏലയ്ക്കായും ഉണക്കമുന്തിരിയും സ്‌റ്റോക്കില്ലാത്തതുമൂലമാണ് നിർമ്മാണം നിർത്തിയതെങ്കിൽ ഇവയുടെ സ്‌റ്റോക്ക് എത്തിത്തുടങ്ങിയതോടെ കൽക്കണ്ടത്തിന് കടുത്ത ക്ഷാമമായി. ഇതോടെ കഴിഞ്ഞദിവസം വീണ്ടും അരവണ ഉത്പാദനം നിർത്തിവച്ചു.

ഹൈറേഞ്ച് മാർക്കറ്റിങ് സൊസൈറ്റിക്കാണ് കൽക്കണ്ടം എത്തിക്കാൻ ടെൻഡർ നൽകിയിരിക്കുന്നത്. ഒരുവർഷം എഴുപതിനായിരം കിലോ കൽക്കണ്ടം എത്തിക്കാനായിരുന്നു ടെൻഡർ. മുൻവർഷവും ഇവർക്കു തന്നെയായിരുന്നു ടെൻഡർ. കഴിഞ്ഞ വർഷത്തെ ടെൻഡർ പ്രകാരം എത്തിക്കാനുണ്ടായിരുന്ന കൽക്കണ്ടം ആദ്യം എത്തിച്ചിരുന്നു. ഇത് പമ്പയിലെ അനലറ്റിക്ക് ലാബിൽ നടത്തിയ പരിശോധനയിൽ ഗുണമേന്മയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സന്നിധാനത്ത് എത്തിച്ച് അരവണ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നു. തുടർന്ന് ഇവർ വീണ്ടും എത്തിച്ച കൽക്കണ്ടം ലാബ് പരിശോധനയിൽ ഷുഗർ കുറവാണെന്നും ഗുണമേന്മയില്ലെന്നും കണ്ടെത്തിയിരുന്നു. ഇതോടെ സന്നിധാനത്ത് കൽക്കണ്ട ക്ഷാമം രൂക്ഷമാകുകയും അരവണ ഉത്പാദനം നിർത്തിവയ്ക്കുകയുമായിരുന്നു.

ഈ കൽക്കണ്ടം കൂടുതൽ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു. തുടർന്ന് റെയ്ഡ്‌കോയ്ക്ക് കൽക്കണ്ടം എത്തിക്കാൻ ബോർഡ് നിർദ്ദേശം നൽകിയിട്ടുണ്ട്. കുമളി ഹൈറേഞ്ച് മാർക്കറ്റിങ് സൊസൈറ്റി 35000 കിലോ ഉണക്കമുന്തിരി എത്തിക്കാനാണ് കരാർ നൽകിയിരുന്നത്. കഴിഞ്ഞവർഷത്തെ കരാറുകാരായ റെയ്ഡ്‌കോയ്ക്ക് ആ വർഷം നൽകേണ്ടിയിരുന്ന ഉണക്കമുന്തിരിയിൽ എത്തിക്കാൻ കഴിയാതിരുന്ന പതിനായിരം കിലോ ഉണക്കമുന്തിരി ഇക്കുറി എത്തിക്കുന്നതിന് ബോർഡ് നിർദ്ദേശം നൽകിയിരുന്നു. ആദ്യം റെയ്ഡ്‌കോ എത്തിച്ച ഉണക്കമുന്തിരി ലാബിൽ പരിശോധിച്ചെങ്കിലും ഗുണനില വാരമില്ലെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് 4000 കിലോ ഉണക്കമുന്തിരി എത്തിച്ചിരുന്നു. ഇപ്പോൾ സന്നിധാനത്തെ സ്‌റ്റോറിൽ 2000 കിലോ ഉണക്കമുന്തിരി സ്‌റ്റോക്കുണ്ട്. ഇതിൽ 1500 കിലോ റെയ്ഡ്‌കോയും 500 കിലോ ചെറുകിട വ്യാപാരികളുമാണ് എത്തിച്ചിരിക്കുന്നത്. മാർക്കറ്റ് ഫെഡിനാണ് ഏലയ്ക്കാ എത്തിക്കാൻ കരാർ നൽകിയിരിക്കുന്നത്. 3000 കിലോ ഏലയ്ക്കാ മാർക്കറ്റ് ഫെഡ് എത്തിച്ചിരുന്നു. ഒരുകൂട്ട് അരവണയ്ക്ക് 3600 കിലോ ഉണക്കമുന്തിരിയും ഒരുകിലോ 800 ഗ്രാം ഏലയ്ക്കായും 3.60 കിലോ കൽക്കണ്ടവുമാണ് വേണ്ടത്. ഇപ്പോൾ പതിനാലര ലക്ഷം കണ്ടെയ്‌നർ അരവണ മാത്രമാണ് സ്‌റ്റോക്കുള്ളത്. രണ്ടുദിവസംകൂടി ഈ പ്രതിസന്ധി നിലനിന്നാൽ അരവണ വിതരണം നിർത്തിവയ്‌ക്കേണ്ടിവരും. ഉണക്കലരി, ശർക്കര, നെയ്യ്, ഉണക്കമുന്തിരി, ചുക്കുപൊടി, ഏലയ്ക്കാപ്പൊടി, ജീരകപ്പൊടി എന്നിവയാണ് അരവണ നിർമ്മാണത്തിനായി വേണ്ടത്.