പത്തനംതിട്ട: ഗുണനിലവാരമുള്ള അരവണയുടെ ചേരുവകൾ ലഭ്യമല്ലാത്തതിനാലാണ് അരവണ ഉദ്പാദനം നിർത്തിവയ്‌ക്കേണ്ടി വന്നതെന്നും അരവണയുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും ദേവസ്വം കമ്മിഷണർ പി. വേണുഗോപാൽ. ആവശ്യത്തിന് അപ്പവും അരവണയും സ്‌റ്റോക്കുമുണ്ടെന്ന് വേണുഗോപാൽ കൂട്ടിച്ചേർത്തു.

നിലവാരം കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് അരവണ നിർമ്മിക്കില്ലെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉൽപാദനം നിർത്തിയത്. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര മാനദണ്ഡം പാലിക്കുന്ന നല്ല ചേരുവകൾ മാത്രമേ അരവണ നിർമ്മാണത്തിന് ഉപയോഗിക്കൂ. അപ്പത്തിന്റെയും അരവണയുടെയും ഗുണനിലവാരം സംബന്ധിച്ച് കഴിഞ്ഞ വർഷവും ഈ വർഷവും പരാതികളില്ല. അയ്യപ്പഭക്തർ വലിയ തോതിൽ അപ്പവും അരവണയും വാങ്ങുന്നുണ്ട്.

രാജ്യത്തെ മറ്റേതൊരു തീർത്ഥാടന കേന്ദ്രത്തെയും പോലെ മെച്ചമായ സൗകര്യങ്ങൾ ശബരിമലയിൽ നൽകുന്നുണ്ട്. പമ്പ സന്നിധാനം ശരണപാതയിൽ കൂടുതൽ ഓക്‌സിജൻ പാർലറുകൾ തുടങ്ങി. ഇതിനോടനുബന്ധിച്ച് സ്ഥാപിക്കുന്നതിനുള്ള ഹൃദയ പുനരുജ്ജീവന യന്ത്രം എത്തിയിട്ടുണ്ടെന്നും വേണുഗോപാൽ പറഞ്ഞു.