ശബരിമല: ശബരിമലയിൽ വർദ്ധിച്ചുവരുന്ന തിരക്ക് കണക്കിലെടുത്ത് ഭക്തർക്ക് വിപുലമായ സേവനങ്ങൾ ഒരുക്കി ദേവസ്വം ബോർഡ്. 12 വിളക്ക് കഴിഞ്ഞതോടെ ശബരിമലയിലേക്ക് തീർത്ഥാടക പ്രവാഹം വർദ്ധിച്ചിരിക്കുകയാണ്. ക്യുവും ഏറെ മണിക്കൂറുകൾ നീളുന്നുണ്ട്. ഈ സാഹചര്യത്തിൽ ക്യൂവിൽ നിൽക്കുന്ന തീർത്ഥാടകർക്കു ചുക്ക് വെള്ളം നൽകുന്നുണ്ട്. ക്യൂ രണ്ടു മണിക്കൂറിലേറെ നീണ്ടാൽ തീർത്ഥാടകർക്കായി ദേവസ്വം ബോർഡ് ഭക്ഷണം ക്രമീകരിക്കും. ദേവസ്വം ബോർഡിനു പുറമേ അയ്യപ്പ സേവാ സംഘവും അയ്യപ്പ സേവാ സമാജവും തീർത്ഥാടകർക്കു ഭക്ഷണം നൽകുന്നുണ്ട്. ഭക്തർക്കായി ദർശനസമയത്തിലും മാറ്റം വരുത്തിയിട്ടുണ്ടെന്ന് ദേവസ്വം കമ്മിഷണർ പി. വേണുഗോപാൽ അറിയിച്ചു.വലിയ തിരക്കുള്ളപ്പോൾ പുലർച്ചെ മൂന്നിന് നട തുറക്കുകയും രാത്രി 11.45 ന് അടയ്ക്കുകയും ചെയ്യും. ഇപ്പോൾ

തീർത്ഥാടനത്തിന്റെ തുടക്കത്തിൽ തന്നെ പൊലീസ് നിർദേശിച്ച എല്ലാ സ്ഥലങ്ങളിലും ആവശ്യമായ ബാരിക്കേഡുകൾ നിർമ്മിച്ചു നൽകിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. സ്വാമി അയ്യപ്പൻ റോഡിൽ ബാരിക്കേഡ് നിർമ്മിക്കാൻ വനം വകുപ്പിന് 7.50 ലക്ഷം രൂപ ദേവസ്വം ബോർഡ് നൽകി. ഇതിനു പുറമേ സ്വാമി അയ്യപ്പൻ റോഡിൽ ബയോ യൂറിനുകളും മറ്റു സൗകര്യങ്ങളും ഒരുക്കുന്നതിന് 33 ലക്ഷം രൂപയും വനം വകുപ്പിന് നൽകി. സ്വാമി അയ്യപ്പൻ റോഡിൽ ദേവസ്വത്തിന് സ്ഥല പരിമിതിയുണ്ട്. ഇത് കണക്കിലെടുത്ത് വനം വകുപ്പ് തന്നെ പ്രവർത്തി ചെയ്യട്ടെ എന്ന നിലയിൽ ദേവസ്വം ബോർഡ് പണം നൽകുകയാണ് ചെയ്തത്. ആകെ 40.50 ലക്ഷം രൂപ വനം വകുപ്പിന് നൽകിയിട്ടുണ്ട്. സ്വാമി അയ്യപ്പൻ റോഡിൽ കുടിവെള്ള പൈപ്പ് ലൈൻ നീട്ടുന്നതിന് 20 ലക്ഷം രൂപ ദേവസ്വം ബോർഡ് നൽകി. കെ.എസ്.ഇ. ബിക്കു ഒരു കോടി ഏഴ് ലക്ഷം രൂപ നൽകിയത് പ്രകാരം കേബിൾ സ്ഥാപിച്ച് വഴി വിളക്ക് സ്ഥാപിച്ചു.

മാർബിൾ ഇട്ടതോടെ സന്നിധാനത്തെ താഴത്തെ തിരുമുറ്റം മനോഹരമായി. വളരെയധികം തീർത്ഥാടകർ ഇവിടം ഇരിക്കാനും കിടക്കാനും ഉപയോഗിക്കുന്നുണ്ട്. സന്നിധാനത്തെ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിർമ്മാണം പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഹോട്ടൽ ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ജില്ല കലക്ടർ നിയോഗിച്ചിട്ടുള്ള സ്‌ക്വാഡുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ തീർത്ഥാടന കാലത്ത് അയ്യപ്പന്മാർക്ക് വിരി വയ്ക്കുന്നതിനു ലഭ്യമായ എല്ലാ സ്ഥലവും സജ്ജമാക്കും. അടുത്ത തീർത്ഥാടന കാലത്ത് വിരി വയ്ക്കുന്നതിന് കൂടുതൽ സൗകര്യം ഒരുക്കും. ദേവസ്വം ബോർഡിന്റെ അന്നദാനം ഏറ്റവും മികച്ച രീതിയിലാണ് നടക്കുന്നത്. അന്നദാനം കൂടുതൽ വിപുലമാക്കുന്നതിന് ദേവസ്വം ബോർഡിന്റെ രണ്ട് അന്നദാന മണ്ഡപങ്ങളുടെ നിർമ്മാണം പൂർത്തിയാകേണ്ടതുണ്ട്. മദ്യപരെ പിടികൂടാൻ എക്‌സൈസ് വിഭാഗം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ദേവസ്വം കമ്മിഷണർ പറഞ്ഞു.