രമ്പരാഗത പാതയിലൂടെ വരുന്ന അയ്യപ്പഭക്തരുടെ പ്രശ്‌നങ്ങൾ നേരിട്ട് മനസിലാക്കാൻ പത്തനംതിട്ട ജില്ലാ കലക്ടർ എസ്. ഹരികിഷോർ പുല്ലുമേട്, ഉരക്കുഴി, പാണ്ടിത്താവളം വഴി കാനനപാതയിലൂടെ സന്നിധാനത്തെത്തി. ഇന്നലെ വൈകിട്ടോടെ അസിസ്റ്റന്റ് കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ, ഇടുക്കി അസിസ്റ്റന്റ് കലക്ടർ ജാഫർ മാലിക് എന്നിവരോടൊപ്പമാണ് ഹരികിഷോർ കാനനപാതയിലൂടെ നടന്നെത്തിയത്.

പുല്ലുമേട്, ഉപ്പുപാറ, സത്രം എന്നിവിടങ്ങളിൽ കുടിവെള്ളവും മെഡിക്കൽ സൗകര്യവും ഉറപ്പ് വരുത്താൻ കലക്ടർ നിർദേശിച്ചു. നീലിമലയുടെയും കരിമലയുടെയും ഇടയ്ക്ക് വൈദ്യുതി ലൈൻ താണു കിടക്കുന്നത് ഉയർത്താനും അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ നീക്കം ചെയ്യാനും അദ്ദേഹം നിർദേശിച്ചു. ഇവിടെ ബി.എസ്.എൻ.എൽ. കവറേജ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കാനും ഉത്തരവിട്ടു.