ശബരിമല: പമ്പയിലും സന്നിധാനത്തും ബി.എസ്.എൻ.എൽ മൊബൈൽ, 3 ജി സേവനം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ വിദഗ്ധ സംഘം എത്തിയെന്ന് സബ് ഡിവിഷണൽ എൻജിനീയർ എസ്. കൃഷ്ണകുമാർ അറിയിച്ചു. ദർശനത്തിന് എത്തുന്ന ഭക്തരുടെ വർധനവ് മൂലം ദിവസേന ഉണ്ടാകുന്ന കോളുകൾ 4.5 ലക്ഷത്തിനടുത്തെത്തിയെന്നും സ്മാർട്ട് ഫോൺ ഉപഭോക്താക്കളുടെ 3 ജി ഉപയോഗത്തിലുണ്ടായ വർധന മൂലം കോളുകൾ ലഭിക്കാൻ കാലതാമസമുണ്ടാകുന്നതായി പരാതി ഉയർന്നിരുന്നു.

ശബരിമലയുടെ പ്രത്യേക സാഹചര്യം മൂലം കൂടുതൽ ടവറുകൾ സ്ഥാപിക്കാൻ കഴിയില്ലെന്ന് കൃഷ്ണകുമാർ പറഞ്ഞു. മാത്രമല്ല, ട്രായിയുടെ കർശന നിയന്ത്രണത്തിൽ ട്രാൻസ്മിഷൻ പരിധി പാലിക്കുന്നതും ബി.എസ്.എൻ.എൽ മാത്രമാണ്. സിഗ്‌നൽ കുറവുള്ള സ്ഥലങ്ങളിൽ ബൂസ്റ്റർ ആന്റിന സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

2 ജി സംവിധാനത്തിൽ നിലവിൽ പ്രശ്‌നങ്ങളൊന്നുമില്ല. ഉപഭോക്താക്കൾ 2 ജി സേവനത്തിലേക്ക് സെറ്റിങ്‌സ് മാറ്റി ഉപയോഗിച്ചാൽ പ്രശ്‌നങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും. മകരവിളക്ക് കാലത്ത് പുല്ലുമേട്ടിൽ കവറേജ് ലഭ്യമാക്കുന്നതിന് ബി.ടി.എസ് സ്ഥാപിക്കും. പ്ലാപ്പള്ളിയിൽ ടവർ സ്ഥാപിച്ച് കവറേജ് ലഭ്യമാക്കിയിട്ടുണ്ട്.

സന്നിധാനം, പമ്പ ടെലികോം സെന്ററുകളിൽ മണിക്കൂറിന് അഞ്ചു രൂപ നിരക്കിൽ കിയോസ്‌കുകളും ആവശ്യത്തിനു റീ ചാർജ്, ഫ്‌ളെക്‌സി റീചാർജ്, സിം കാർഡുകൾ എന്നിവയും ഫോൺ ബില്ലടയ്ക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. സന്നിധാനം, നിലയ്ക്കൽ, പമ്പ, എന്നിവിടങ്ങളിലെ ബൂത്തുകളിൽ നിന്ന് ഇന്ത്യയിലെവിടേയ്ക്കും ഒരു രൂപയ്ക്ക് വിളിക്കാൻ സാധിക്കുമെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു.