ശബരിമല: മണ്ഡലകാലത്ത് ശബരിമലയിൽ എത്തുന്ന ഭക്തലക്ഷങ്ങളെ സേവിക്കുന്നതിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘം സന്നിധാനത്ത് പ്രവർത്തനം തുടങ്ങി. മികച്ച ദുരന്ത നിവാരണ സേനാ വിഭാഗമായ എൻ.ഡി. ആർ.എഫിലെ തമിഴ്‌നാട് ആർക്കോണത്തെ നാലാം ബറ്റാലിയനിലെ നൂറോളം അംഗങ്ങളാണ് ഡെപ്യൂട്ടി കമാൻഡന്റ് കൊല്ലം കുണ്ടറ നീരാവിൽ സ്വദേശി ജി. വിജയന്റെ നേതൃത്വത്തിൽ എത്തിച്ചേർന്നത്. സിആർപിഎഫ്. ബി എസ്, ഐ.ടി.ബി.പി, സിഐഎസ്.എഫ് എന്നീ അർധസേനാ വിഭാഗങ്ങളിൽ നിന്നുമുള്ള അംഗങ്ങളാണ് ഡെപ്യൂട്ടേഷനിൽ എൻ.ഡി.ആർ.എഫിൽ എത്തിയിരിക്കുന്നത്.

2008 മുതൽ ദ്രുതകർമസേനയോടൊപ്പം എൻ.ഡി.ആർ.എഫും സന്നിധാനത്ത് സുരക്ഷയ്ക്കായി എത്താറുണ്ട്. വിശാഖപട്ടണത്തെ ചുഴലിക്കാറ്റ്, കശ്മീരിലെ വെള്ളപ്പൊക്കം, ചെന്നൈയിൽ നടന്ന കെട്ടിട തകർച്ച എന്നീ ദുരന്ത സാഹചര്യങ്ങളിൽ പ്രവർത്തിച്ചവരാണ് സേനയിലെ മിക്കവരും.
സന്നിധാനത്ത് മൂന്ന് ഷിഫ്റ്റുകളായാണ് സേനാംഗങ്ങൾ പ്രവർത്തിക്കുന്നത്. ജൈവ, രാസ, ആണവ ദുരന്തങ്ങൾ ഉണ്ടായാൽ പോലും സമയബന്ധിതമായി പരിഹരിക്കുവാൻ പ്രത്യേക പരിശീലനം നേടിയ സംഘം കെട്ടിടങ്ങളുടെ തകർച്ച, അമിതമായ തിക്കും തിരക്കും നിയന്ത്രിക്കൽ, റോപ്പ് റെസ്‌ക്യു, അടിയന്തിര ചികിത്സാ സഹായം എന്നിവയും കൈകാര്യം ചെയ്യാൻ പ്രാപ്തമാണ്. പമ്പയിൽ വെള്ളപ്പൊക്കമുണ്ടായാൽ അടിയന്തിരമായി പ്രവർത്തിക്കാൻ ബോട്ടുകളും ഒരുക്കിയിട്ടുണ്ട്.

ടവർ ലൈറ്റുകൾ, അസ്‌ക ലൈറ്റുകൾ, ഓക്‌സിജൻ സിലിണ്ടറുകൾ, ആംഗിൾ കട്ടർ, എയർ ലിഫ്റ്റിങ് ബാഗ്, സെർച്ച് ലൈറ്റ്, ചിപ്പിങ് മെഷിൻ, ചെയിൻ സോ എന്നിവയെല്ലാം കൈവശമുള്ള സംഘം മണ്ഡലകാലം തീരുന്ന ജനുവരി 20 വരെ ശബരിമലയിലുണ്ടാകും.