രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും വരുന്ന അയ്യപ്പ ഭക്തർക്ക് സുഖകരമായ ദർശനം ഈ വർഷം ലഭിച്ചു വരുന്നുണ്ടെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. വൃശ്ചികം ഒന്ന് മുതൽ അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്. അയ്യപ്പന് മുന്നിൽ എല്ലാവരും സമന്മാരാണ്. ഭക്തകോടികൾ ദർശനം നടത്തി വരുന്ന അയ്യപ്പ വിഗ്രഹത്തിൽ പൂജ നടത്താൻ സാധിച്ചത് പൂർവ്വ ജന്മ സുകൃതമായി കാണുന്നു. ഇതിൽ ഏറെ സന്തോഷവാനാണ്.

പിതാവ് കണ്ഠര് കൃഷ്ണരുടെ മരണ ശേഷമാണ് താന്ത്രിക ചുമതല പൂർണമായും ഏറ്റെടുക്കേണ്ടി വന്നത്. അയ്യപ്പ ചൈതന്യം നേരിട്ടനുഭവിക്കുമ്പോഴും ഭക്തർക്ക് സർവ്വ ഐശ്വര്യവും ഉണ്ടാകണമെന്നാണ് പ്രാർത്ഥിക്കാറുള്ളത്. മുൻകാലങ്ങളിൽ വൃശ്ചിക മാസത്തിൽ അഞ്ച് ദിവസം മാത്രമേ പൂജയുണ്ടായിരുന്നുള്ളു. മകര വിളക്കിന് ജനുവരി ആറിന് നടതുറന്ന് പൂജാകർമ്മങ്ങൾ പൂർത്തിയാക്കി 20ന് നട അയക്കും. തിരക്ക് കൂടിയതോടെയാണ് ദർശന സമയം കൂട്ടിയത്. ഇതോടെ മണ്ഡലകാലത്ത് 41 ദിവസവും പൂജയായി. മാസപൂജയ്ക്ക 5 ദിവസം നടതുറക്കാൻ തുടങ്ങി. തീർത്ഥാടന കാലത്തുൾപ്പെടെ മുമ്പ് പടിപൂജ ഉണ്ടായിരുന്നെങ്കിലും ഭക്തർക്ക് പടിചവിട്ടാൻ ദീർഘനേരം കാത്തിരിക്കേണ്ടി വരുന്നതിനാൽ പടിപൂജയും ഉദയാസ്തമയ പൂജയും തീർത്ഥാടന കാലത്ത് ഒഴിവാക്കുകയായിരുന്നു. ഇപ്പോൾ നട തുറക്കുന്നതും അടയ്ക്കുന്നതുമായ സമയത്തിൽ മാറ്റം വരാമെന്നല്ലാതെ മറ്റ് പൂജാ ക്രമങ്ങൾ ഒരിക്കലും മാറ്റാറില്ലെന്നും തന്ത്രി പറഞ്ഞു.

സന്നിധാനത്തെത്തുന്ന അയ്യപ്പ ഭക്തരിൽ അനാചാരങ്ങൽ കൂടി വരികയാണ്. കല്ലുകൾ അടുക്കി വയ്ക്കുക, തൊട്ടിൽ കെട്ടുക, മാളികപ്പുറത്ത് ഭസ്മവും കുങ്കുമവും വാരി വിതറുക തുടങ്ങിയ കാര്യങ്ങൾ ഒഴിവാക്കണം. ശബരിമലയിലെത്തുന്ന ഭക്തർ ആചാരാനുഷ്ഠാനങ്ങൾ കർശനമായി പാലിക്കണമെന്നും തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു.