ശബരിമല: ഭക്ഷണത്തിൽ ബീഡിക്കുറ്റി കണ്ടെത്തിയതിനെ തുടർന്നു സന്നിധാനത്തെ ഹോട്ടൽ അടച്ചുപൂട്ടി. പൊലീസ് മെസിനു സമീപം രണ്ടാംനമ്പർ സ്റ്റാളിൽ പ്രവർത്തിച്ചിരുന്ന ബ്രൂ ടീസ്റ്റാൾ ആൻഡ് ടിഫിൻ സെന്ററിൽ നിന്നു മലപ്പുറം താനൂർ പരിയാപുരം പുന്നേരി ബാലകൃഷ്ണൻ വാങ്ങിയ ന്യൂഡിൽസിലാണു ബീഡിക്കുറ്റി കണ്ടത്. ഭക്ഷണം വാങ്ങി പകുതിയോളം കഴിച്ചു കഴിഞ്ഞതിനുശേഷമാണ് ബീഡിക്കുറ്റി ശ്രദ്ധയിൽപ്പെട്ടത്.

പരാതിയെത്തുടർന്നു ഭക്ഷ്യ സുരക്ഷാ വിഭാഗവും പൊലീസും പരിശോധന നടത്തി ഹോട്ടൽ പൂട്ടുകയായിരുന്നു. ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മിഷണർ ഡി.വിൽസൺ, ഫുഡ് സേഫ്റ്റി ഓഫീസർ പി.ബി. ദീലീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഹരിപ്പാട് കാർത്തികപ്പള്ളി മഹാറാണി മൻസിൽ അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ളതാണ് ടീ സ്റ്റാൾ. കടയിൽ സ്‌റ്റോക്കുണ്ടായിരുന്ന നൂഡിൽസ് കസ്റ്റഡിയിൽ എടുത്തു. കടകളിൽ പരിശോധന തുടരുമെന്നു ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.