ശബരിമല: സന്നിധാനത്ത് പൊലീസിന്റെ പുതിയ ബാച്ച് ഇന്നലെ ചുമതലയേറ്റു. അസിസ്റ്റന്റ് സ്‌പെഷൽ ഓഫീസറായ എഎസ്‌പി ഹരിശങ്കറടക്കം 1612 പൊലീസുകാരാണ് ചുമതലയേറ്റത്. മൂന്ന് ഡപ്യൂട്ടി കമ്മീഷണർമാർ, 18 ഡിവൈഎസ്‌പിമാർ, 30 സിഐമാർ, 110 എസ്‌ഐമാർ, 1450 സിവിൽ പൊലീസ് ഓഫീസർമാരുമാണ് സന്നിധാനത്ത് വിവിധയിടങ്ങളിലായി ജോലിയിൽ പ്രവേശിച്ചത്. സന്നിധാനം ശ്രീധർമ ശാസ്താ ഓഡിറ്റോയത്തിൽ നടന്ന ചുമതലയേറ്റെടുക്കൽ ചടങ്ങ് സ്‌പെഷൽ ഓഫീസർ കെ. വിജയൻ ഉദ്ഘാടനം ചെയ്തു.

ദർശനത്തിനെത്തുന്ന ഭക്തരോടു മാന്യമായി പെരുമാറാൻ ശ്രദ്ധിക്കണമെന്നും അവശ്യമായ സഹായം നൽകണമെന്നും അദ്ദേഹം പൊലീസുകാർക്ക് നിർദ്ദേശം നൽകി. ദുരന്തനിവാരണ സേന ഡപ്യൂട്ടി കമാൻഡന്റ് ജി. വിജയൻ, എഎസ്‌പി ഹരിശങ്കർ, ദ്രുതകർമ സേന അസിസ്റ്റന്റ് കമാൻഡന്റ് രമേശ് കുമാർ, ഡിവൈഎസ്‌പിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. 19 വരെയാണ് പുതിയ സംഘത്തിന്റെ സുരക്ഷാചുമതല. സേവനം പൂർത്തിയാക്കിയവർക്ക് യാത്രയയപ്പ് നൽകി.

ശബരിമലയെ 10 ഡിവിഷനുകളായി വിഭജിച്ച് ഓരോന്നിന്റെയും സുരക്ഷാ ചുമതല ഓരോ ഡിവൈഎസ്‌പിമാരെ ഏല്പിച്ചിട്ടുണ്ട്. ഓരോ ഡിവൈഎസ്‌പിയുടെ കീഴിലും മൂന്നു സിഐമാരും മറ്റു സേനാംഗങ്ങളും ഉണ്ടായിരിക്കും. സംഘാംഗങ്ങളെ എ,ബി,സി, എന്നിങ്ങനെ തിരിച്ച് നാല് മണിക്കൂർ വീതം ഷിഫ്റ്റായാണ് ചുമതല നൽകിയിരിക്കുന്നത്.

പൊലീസിനെക്കൂടാതെ ദേശീയ ദുരന്തനിവാരണ സേനയും ദ്രുതകർമ സേനയും തമിഴ്‌നാട്, സീമാന്ധ്രാ, തെലങ്കാന, കർണാടക എന്നിവിടങ്ങളിൽനിന്നുള്ള പൊലീസും ഇന്ത്യൻ റിസർവ് ബറ്റാലിയനും മലബാർ സ്‌പെഷൽ പൊലീസ് സേനാംഗങ്ങളും സന്നിധാനത്ത് സുരക്ഷാചുമതലയിലുണ്ട്..