ശബരിമല: 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങൾക്ക് പരിസമാപ്തികുറിച്ചുകൊണ്ടുള്ള മണ്ഡലപൂജ 27ന് ഉച്ചയ്ക്ക് 12.30ന് നടക്കും. മണ്ഡല പൂജയ്ക്ക് മുന്നോടിയായി അയ്യപ്പവിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന 26നു വൈകുന്നേരം നടക്കും. തങ്ക അങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര 23നു രാവിലെ ഏഴിന് ആറന്മുള പാർഥസാരഥി ക്ഷേത്രമതിലകത്തുനിന്നും പുറപ്പെടും.

തിരുവിതാംകൂർ മഹാരാജാവ് ശബരിമലയിൽ സമർപ്പിച്ച തങ്ക അങ്കി സന്നിധാനത്തേക്കു കൊണ്ടുവരുന്നത് രഥഘോഷയാത്രയായിട്ടാണ്. 23ന് തിരിക്കുന്ന ഘോഷയാത്ര കോഴഞ്ചേരി, നെടുംപ്രയാർ, ഓമല്ലൂർ, കടമ്മനിട്ട, പത്തനംതിട്ട, കോന്നി, മുരിങ്ങമംഗലം, മലയാലപ്പുഴ, പെരുനാട്, നിലയ്ക്കൽ എന്നിവിടങ്ങളിലൂടെ 26ന് ഉച്ചയ്ക്ക് പമ്പയിലെത്തും. അവിടെ നിന്നും അയ്യപ്പസേവാസംഘം സന്നദ്ധ പ്രവർത്തകർ തലച്ചുമടായി തങ്ക അങ്കി ശരംകുത്തിയിലെത്തിക്കും.

ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തങ്ക അങ്കി ഏറ്റുവാങ്ങി സന്നിധാനത്തെത്തി അയ്യപ്പവിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തും. തുടർന്ന് 27നു ഉച്ചയ്ക്ക് 12.30ന് മണ്ഡലപൂജ നടക്കും. പൂജയ്ക്കുശേഷം രാത്രി ക്ഷേത്രനട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകുന്നേരം 5.30ന് നടതുറക്കും.