ശബരിമല: ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അധികൃതർ തന്നെ ലംഘിക്കുന്നതായി ഭക്തർക്കു പരാതി. സുരക്ഷയുടെ പേരിൽ വളരെ പവിത്രമെന്നു വിശേഷിപ്പിക്കുന്ന കൊടിമരച്ചുവട്ടിൽ നിറത്തോക്കുകളുമേന്തി കേന്ദ്രസേനാംഗം നിൽക്കുന്നതാണ് ഭക്തർക്കിടയിൽ പ്രതിഷേധം ഉളവാക്കിയിരിക്കുന്നത്. സംസ്ഥാന പൊലീസാകട്ടെ, യൂണിഫോം പോലും ഇൻസർട്ട് ചെയ്യാതെയുള്ള സേവനമാണ് സന്നിധാനത്ത് നടത്തുന്നത്. പതിനെട്ടാംപടി കയറി വരുന്ന തീർത്ഥാടകന് കൊടിമരച്ചുവട്ടിൽ നിറതോക്കുമേന്തി സേനാംഗത്തിന്റെ നിൽപ് ഭയം സൃഷ്ടിക്കുന്നുണ്ടെന്നു ഭക്തർ അധികൃതരോടു പറഞ്ഞു. പരാതിയെപ്പറ്റി ഉയർന്നതലത്തിൽ ചർച്ച നടത്തി പരിഹാരം ഉണ്ടാക്കാമെന്നാണ് ദേവസ്വം അധികൃതർ പറഞ്ഞിരിക്കുന്നത്.