ശബരിമല: പതിനെട്ടാം പടിയിലെ പഞ്ചലോഹ കവചത്തിന് തേയ്മാനം സംഭവിച്ചതിനാൽ വീണ്ടും പഞ്ചലോഹം പൊതിയാൻ ആലോചന. നിരന്തരമായ ഉപയോഗം മൂലവും കാലപ്പഴക്കംമൂലവുമാണ് പഞ്ചലോഹ കചത്തിന് തേയ്മാനം സംഭവിച്ചത്.

നിലവിലുള്ള പഞ്ചലോഹ കവചത്തിന് തേയ്മാനം സംഭവിക്കുകയും നിറവ്യത്യാസം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. പടിയിലെ പഞ്ചലോഹ കവചം തേഞ്ഞ് ചില ഭാഗങ്ങൾ കൂർത്തിരിക്കുന്നത് തീർത്ഥാടകരുടെ പാദം മുറിക്കുന്നുമുണ്ട്. കാൽമുറിയുന്നതുമൂലം പടിയിലും തിരുമുറ്റത്തും രക്തംവീണ് അശുദ്ധി സംഭവിക്കുന്നു.

ഇതുമൂലം കഴിഞ്ഞ വർഷം നിരവധി തവണ പഞ്ചപുണ്യാഹം നടത്തേണ്ടി വന്നു. പുതിയ പഞ്ചലോഹ കവചം പൊതിയുന്നതിന് തന്ത്രിയുടെ അഭിപ്രായം ആരാഞ്ഞശേഷം നടപടികളുമായി മുന്നോട്ടുപോകുമെന്ന് എക്‌സിക്യൂട്ടീവ് ഓഫസർ വി എസ്. ജയകുമാർ പറഞ്ഞു. മുപ്പതുവർഷം മുമ്പാണ് പഞ്ചലോഹം പൊതിഞ്ഞത്. ദർശനത്തിനെത്തുന്ന കോടിക്കണക്കിനു തീർത്ഥാടകർ പടിവിട്ടിയാണ് സോപാനത്ത് എത്തുന്നത്.