ശബരിമലയിലെ വരുമാനം 100 കോടി രൂപയോടടുത്തു. 27 ദിവസത്തെ വരുമാനം 97.66 കോടി രൂപയാണെന്ന് എക്‌സിക്യൂട്ടീവ് ഓഫീസർ വി എസ്. ജയകുമാർ പറഞ്ഞു.

സന്നിധാനം ദേവസ്വം ഓഫീസ് കോംപ്ലക്‌സിൽ കൂടിയ മണ്ഡലം-മകരവിളക്ക് മഹോത്സവത്തിന്റെ അവലോകന യോഗത്തിനുശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിസംബർ 13 വരെയുള്ള കണക്കാണിത്. കഴിഞ്ഞവർഷം ഇതേ സമയം 84.84 കോടി രൂപയായിരുന്നു വരുമാനം.

അഭിഷേകം 1,08,00,640 രൂപ, അപ്പം 7,30,25,850 രൂപ, അരവണ 39,37,79,380 രൂപ, കാണിക്ക 34,98,06,451 എന്നിങ്ങനെയാണ് വരുമാനം. മൊത്തം 97,66,88,346 രൂപ. അരവണ വില്പനയിൽ റിക്കാർഡ് വരുമാനം നേടി. പ്രതിദിനം ശരാശരി 50000 ടിന്നിലേറെ അരവണയാണ് വിറ്റഴിക്കപ്പെടുന്നത്.

പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് സാധനങ്ങളെത്തിക്കുന്ന ട്രാക്ടറുകളുടെ വേഗപരിധി മണിക്കൂറിൽ അഞ്ചു കിലോമീറ്ററാക്കി കുറച്ചിരുന്നു. ഇതു സംബന്ധിച്ച്് ട്രാക്ടർ ഡ്രൈവർമാർക്ക് നോട്ടീസ് നൽകി. ചരൽമേട്ടിലെ സർക്കാർ ആശുപത്രിക്കു മുമ്പിൽനിന്ന് ട്രോളി പാർക്കിങ് മാറ്റി.

സ്വാമി അയ്യപ്പൻ റോഡിൽ വെള്ളമെത്തിക്കുന്ന പൈപ്പുകൾക്ക് അടിയന്തരമായി ലിവർ സ്ഥാപിക്കാൻ ജല അഥോറിറ്റി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. 626 പേർക്ക് ഹെൽത്ത് കാർഡ് വിതരണം ചെയ്തു.

സബ്‌വേയിലെ വഴിവിളക്കുകൾ നന്നാക്കും. പാചകവാതക സിലിണ്ടറുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി ഭക്ഷണശാലകൾക്ക് നോട്ടീസ് നൽകും. ചരൽമേട്ടിൽ കൂടുതൽ ബയോ യൂറിനൽ ടോയ്‌ലറ്റുകൾ തുടങ്ങുന്നതിന് സാധ്യത ആരായും. മൂന്നു പോർട്ടബിൾ ഓക്‌സിജൻ സിലണ്ടറുകൾ കൂടി എത്തിച്ചിട്ടുണ്ട്.

പുണ്യം പൂങ്കാവനം ശുചീകരണയഞ്ജത്തിലൂടെ പകർച്ച വ്യാധികൾ കുറയ്ക്കാനായി. അരവണ, അപ്പം നിർമ്മാണത്തിന് പ്ലാന്റുകളുടെ പരമാവധി ശേഷി വിനിയോഗിക്കും. വെള്ള നിവേദ്യം വിൽപ്പന വർധിച്ചു.

എക്‌സിക്യൂട്ടീവ് ഓഫീസർ വി എസ്. ജയകുമാർ അധ്യക്ഷത വഹിച്ചു. പൊലീസ് ഓഫീസർ സ്‌പെഷൽ ഓഫീസർ കെ. വിജയൻ, ദേവസ്വംബോർഡ് വിജിലൻസ് എസ്‌പി സി.പി. ഗോപകുമാർ, ദുരന്തനിവാരണ സേന ഡപ്യൂട്ടി കമാൻഡന്റ് ജി. വിജയൻ, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ റ്റി.കെ. അജിത്പ്രസാദ്, ഫെസ്റ്റിവൽ കൺട്രോൾ ഓഫീസർ ജി. കൃഷ്ണകുമാർ, പിആർഒ മുരളി കോട്ടയ്ക്കകം, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.