ശബരിമല: കരുതൽ ശേഖരം കുറഞ്ഞതിനെ തുടർന്ന് അരവണയ്ക്ക് നിയന്ത്രണമേർപ്പെടുത്തി. ഒരാൾക്ക് 30 ടിന്നിൽ കൂടുതൽ നൽകരുതെന്നാണ് നിർദ്ദേശം. കഴിഞ്ഞയാഴ്ച ഇത് 50 ആയിരുന്നു. തീർത്ഥാടകരുടെ തിരക്ക് വർധിച്ചത് അനുസരിച്ച് ഉൽപാദനമില്ലാത്തതാണ് നിയന്ത്രണമേർപ്പെടുത്താൻ കാരണം. ഗുണനിലവാരമില്ലാത്ത ഏലയ്ക്ക, കൽക്കണ്ടം, ഉണക്ക മുന്തിരി എന്നിവ സ്‌റ്റോക്കില്ലാത്തതുമൂലം മൂന്നു ദിവസം അരവണ ഉൽപാദനം നിർത്തിവച്ചിരുന്നു. പിന്നീടുള്ള ദിനങ്ങളിൽ ഉൽപാദനത്തിൽ ആനുപാതികമായി കുറവും സംഭവിച്ചു.

ഇതിനിടെ അരവണയിൽ ജലാംശം കണ്ടതും തിരിച്ചടിയായി. ജലാംശമുണ്ടാകാതിരിക്കാൻ ഇപ്പോൾ കൂടുതൽ സമയം തണുപ്പിച്ചാണ് അരവണ കണ്ടെയ്‌നറിൽ നിറയ്ക്കുന്നത്. ഇതും ഉൽപാദനത്തിന് കാലതാമസം ഉണ്ടാകാൻ കാരണമായി. ദിവസം രണ്ടരലക്ഷം ടിൻ അരവണയാണ് ഉൽപാദിപ്പിച്ചിരുന്നത്. ഇപ്പോഴത് രണ്ടു ലക്ഷമായി. നിലവിൽ മൂന്നുലക്ഷം കണ്ടെയ്‌നർ അരവണ മാത്രമാണ് സ്‌റ്റോക്കുള്ളത്.