ന്യൂഡൽഹി: ശബരിമലയിൽ അനധികൃത നിർമ്മാണം കണ്ടെത്തിയാൽ പൊളിക്കണമെന്ന് സുപ്രീംകോടതി. ശബരിമലയിൽ മാസ്റ്റർ പ്ലാൻ അനുസരിച്ചാണ് പുനർ നിർമ്മാണം വേണ്ടതെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ശബരിമല വനഭൂമിയിലെ നിർമ്മാണ പ്രവർത്തനം നിർത്തിവെക്കണമെന്ന് ഉന്നതാധികാര സമിതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഈ കേസിലാണ് ഇന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

ശബരിമലയിൽ അനധികൃത നിർമ്മാണം കണ്ടെത്തിയാൽ പൊളിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. അനധികൃത നിർമ്മാണങ്ങൾക്ക് എന്തിനാണ് അറ്റകുറ്റപ്പണിയെന്നും കോടതി ആരാഞ്ഞു. അതേസമയം നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുന്നതിനെതിരെ സർക്കാർ രംഗത്ത് എത്തി. നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കരുതെന്നും ദേവസ്വം ബോർഡ് ആവശ്യപ്പെട്ടു. മറുപടി നൽകാൻ നാലാഴ്‌ച്ചത്തെ സമയം വേണമെന്നും ദേവസ്വം ബോർഡ് കോടതിയിൽ ആവശ്യപ്പെട്ടു.

പ്രളയത്തിൽ തകർന്ന പമ്പയിലെ കെട്ടിടങ്ങൾ പുനർനിർമ്മിക്കാനോ അറ്റകുറ്റപ്പണിക്കോ അനുവദിക്കരുത്. നിലവിൽ കുടുവെള്ള വിതരണം, ശൗചാലയ നിർമ്മാണം എന്നിവ മാത്രമേ ശബരിമലയിൽ അനുവദിക്കാവൂ എന്നും ഉന്നതാധികാര സമിതി സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഉന്നതാധികാര സെക്രട്ടറി അമർനാഥ് ഷെട്ടിയാണ് സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

ശബരിമല. പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ വനഭൂമിയിലുള്ള നിർമ്മാണപ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് ഉത്തരവിടണമെന്നാണ് ഉന്നതാധികാര സമിതി ഇന്നലെ സുപ്രീംകോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ നിർദ്ദേശിച്ചിരുന്നത്. പ്രളയത്തിൽ തകർന്ന പമ്പയിലെ കെട്ടിടങ്ങൾ പുനർനിർമ്മിക്കാനോ അറ്റകുറ്റപ്പണിക്കോ അനുവദിക്കരുതെന്നും റിപ്പോർട്ടിൽ പറയുന്നു.

അന്തിമ മാസ്റ്റർപ്ലാനിന് സുപ്രീം കോടതി അംഗീകാരം നൽകുന്നതുവരെ കുടിവെള്ള വിതരണം, ശൗചാലയം എന്നിവയ്ക്കുള്ള നിർമ്മാണപ്രവർത്തനങ്ങൾ മാത്രമേ അനുവദിക്കാവൂ എന്നാണ് റിപ്പോർട്ട് ആവശ്യപ്പെടുന്നത്. മാത്രമല്ല പമ്പയിൽ അനധികൃത നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയവർക്കെതിരെ കർശന നടപടികൾ എടുക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. ഈ ഉന്നതാധികാര സമിതി കഴിഞ്ഞ രണ്ടാഴ്ചയായി പദ്ധതി പ്രദേശങ്ങളിൽ സന്ദർശനം നടത്തിയതിന് ശേഷമാണ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.

ശബരിമലയിൽ അനധികൃത നിർമ്മാണങ്ങൾ നടക്കുന്നുണ്ടെന്നും അത് പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുന്നെന്നും ചൂണ്ടിക്കാട്ടി പ്രൊഫ. ശോഭീന്ദ്രനാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നത്. അനധികൃത നിർമ്മാണം നിയന്ത്രിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഏറെക്കാലം സുപ്രീം കോടതിയുടെ പരിഗണനയിലിരുന്ന ഈ ഹർജിയിലെ വസ്തുതകൾ പരിശോധിക്കുന്നതിന് പിന്നീട് സുപ്രീം കോടതി ഒരു ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തുകയായിരുന്നു.

വിഷയത്തിൽ കോടതിയുടെ ഭാഗത്തുനിന്ന് ഇടക്കാല ഉത്തരവുണ്ടാകണമെന്ന ആവശ്യവും സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. ജസ്റ്റിസ് മദൻ ബി ലോകൂർ അധ്യക്ഷനായ ബെഞ്ച് അടുത്ത ദിവസം റിപ്പോർട്ട് പരിഗണിക്കും. റിപ്പോർട്ടിലെ ആവശ്യങ്ങൾ പരിഗണിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ കോടതി ആവശ്യപ്പെട്ടാൽ മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലത്ത് ദേവസ്വം ബോർഡിനും സർക്കാരിനും വലിയ വെല്ലുവിളിയാണ് ഉണ്ടാകുക.