ശബരിമല: നാൽപ്പത്തിയൊന്നു ദിവസത്തെ വ്രതാനുഷ്ഠാനങ്ങൾക്ക് പരിസമാപ്തി കുറിച്ച് ശബരിമല സന്നിധാനത്ത് നടന്ന മണ്ഡല പൂജയുടെ ആത്മനിർവൃതിയുമായി ഭക്തർ മലയിറങ്ങി. ശരണ കീർത്തനങ്ങളുടെ ആരതികളുമായി വിശുദ്ധിയുടെ പടവുകൾ താണ്ടിയെത്തിയ ഭക്തർക്കു മണ്ഡലപൂജ ആത്മനിർവൃതിയുടെ പൊൻകിരണമായി. മണ്ഡലകാല തീർത്ഥാടനം പൂർത്തിയാക്കി അയ്യപ്പ ക്ഷേത്രനട അടച്ചു.

അത്താഴപൂജയ്ക്കു ശേഷം മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി അയ്യപ്പ വിഗ്രഹത്തിൽ ഭസ്മാഭിഷേകം നടത്തി. ജപമാലയും മുദ്രവടിയും ചാർത്തി ധ്യാന നിരതനാക്കി രാത്രി 10ന് നട അടച്ചു. ഇനി മകരവിളക്കിനായി 30ന് വൈകിട്ട് അഞ്ചിനു നട തുറക്കും. ഇത്തവണത്തെ മകരവിളക്ക് ജനുവരി 14ന്. മകരവിളക്ക് തീർത്ഥാടനം പൂർത്തിയാക്കി ജനുവരി 20ന് ക്ഷേത്ര നട അടയ്ക്കും.

രാവിലെ 11.45നും 1.05നും ഇടയിലുള്ള മീനം രാശിയിലായിരുന്നു മണ്ഡലപൂജ നടന്നത്. രാത്രി 10 മണിക്ക് ഹരിവരാസനം ചൊല്ലി നട അടച്ചതോടെയാണ് മണ്ഡലകാല തീർത്ഥാടനം സമാപിച്ചത്. ഡിസംബർ 30നാണ് ആണ് മകരവിളക്കിനായി നട ഇനി തുറക്കുക.

രാവിലെ 10ന് നെയ്യഭിഷേകം പൂർത്തിയാക്കി. മണ്ഡലപൂജയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. 25 കലശാഭിഷേകത്തിനു ശേഷം വിശേഷാൽ കളഭാഭിഷേകം നടന്നു. 11.50നും 1.15നും ഇടയിലെ മീനം രാശി മുഹൂർത്തത്തിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ തങ്കഅങ്കി ചാർത്തി മണ്ഡലപൂജ നടന്നപ്പോൾ പൂങ്കാവനമാകെ ശരണഘോഷങ്ങളായിരുന്നു. ആത്മനിർവൃതിയുടെ പൊൻകിരണങ്ങൾ ഏറ്റുവാങ്ങാൻ ആയിരങ്ങളാണു കാത്തുനിന്നത്.

ശരണ വഴികളെ ഭക്തി സാഗരത്തിൽ ആറാടിച്ചാണു തങ്കഅങ്കി ഘോഷയാത്ര സന്നിധാനത്തേക്കു മല കയറി എത്തിയത്. മന്ത്രി കെ.രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ, അംഗങ്ങളായ മനോജ് ചരളേൽ, പി.എം. തങ്കപ്പൻ, ദേവസ്വം വകുപ്പ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, എഡിജിപി എസ്.ശ്രീജിത്ത്, സ്‌പെഷൽ കമ്മിഷണർ എം. മനോജ്, എഡിഎം അർജുൻ പാണ്ഡ്യൻ തുടങ്ങിയവർ മണ്ഡലപൂജ ദർശിച്ചു

രാവിലെ 11.45നും 1.05നും ഇടയിലുള്ള മീനം രാശിയിലാണ് മണ്ഡലപൂജ നടന്നത്. കിഴക്കേ മണ്ഡപത്തിൽ പൂജിച്ച കലശങ്ങളും കളഭവും അഭിഷേകം ചെയ്തതിന് ശേഷമായിരുന്നു തങ്കയങ്കി ചാർത്തിയുള്ള മണ്ഡലപൂജ. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ നിരവധി തീർത്ഥാടകർ മണ്ഡലപൂജയിൽ പങ്കെടുക്കാൻ സന്നിധാനത്ത് എത്തിയിരുന്നു. പമ്പയിൽ നിന്ന് എത്തിച്ച തങ്കയങ്കി ചാർത്തി ഇന്നലെ വൈകീട്ട് ദീപാരാധന നടന്നിരുന്നു.

മണ്ഡല പൂജ ദിവസമായ ഇന്നലെ 33,751 തീർത്ഥാടകർ ദർശനം നടത്തി. ഇത്തവണ മണ്ഡല പൂജയ്ക്കു ശേഷം വൈകിട്ടും തീർത്ഥാടകരുടെ പ്രവാഹമായിരുന്നു. ഉച്ചയ്ക്കു മണ്ഡല പൂജ കഴിഞ്ഞാൽ വൈകിട്ടു ദർശനത്തിനു സാധാരണ തിരക്ക് ഉണ്ടാകാറില്ല. 41 ദിവസം നീണ്ട മണ്ഡല കാലത്ത് 10.68 ലക്ഷം തീർത്ഥാടകർ ദർശനം നടത്തി. ഉച്ചയ്ക്കു ശേഷം അയ്യപ്പന്മാരുടെ മടക്കയാത്രയ്ക്കു പമ്പയിൽ ദീർഘദൂര കെഎസ്ആർടിസി ബസുകൾ കുറവായിരുന്നു.

മകരവിളക്ക് ഉത്സവത്തിനായിഡിസംബർ 30ന് ശബരിമല നടതുറക്കുമെങ്കിലും അന്ന് തീർത്ഥാടകർക്ക് പ്രവേശനം ഉണ്ടാകില്ല. അടുത്ത ദിവസം രാവിലെ 4 മണിയോടെ തീർത്ഥാടകരെ പ്രവേശിപ്പിക്കും. ജനുവരി 14ന് ആണ് മകരവിളക്ക് നടക്കുക.

അതേസമയം നിയന്ത്രണങ്ങൾക്ക് ഇളവ് അനുവദിച്ചതോടെ സന്നിധാനത്ത് എത്തിയ തീർത്ഥാടകരിൽ കാര്യമായ വർദ്ധനയുണ്ടായതായി തിരുവതാം കൂർ ദേവസ്വംബോർഡ് വ്യക്തമാക്കി. നടവരവും ഉയർന്നിട്ടുണ്ടെന്ന് തിരുവതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ പറഞ്ഞു. നവംബർ 12ന് തുടങ്ങിയ മണ്ഡലകാലത്തിന്റെ 41 ദിവസം പിന്നിടുമ്പോൾ ശബരിമലയിലെ നടവരവ് 78.92 കോടി രൂപയാണ്. കോവിഡ് നിയന്ത്രണങ്ങൾ ശക്തമായിരുന്ന കഴിഞ്ഞ വർഷം (2020 ൽ) ലഭിച്ച വരുമാനം വെറും 8 കോടി രൂപ മാത്രമായിരുന്നു. 2019 ലെ മണ്ഡലകാലത്ത് 156 കോടി രൂപയായിരുന്നു നടവവരവ്.

അരവണ വിൽപ്പനയിലൂടെ ഇക്കുറി 31കോടി രൂപ ലഭിച്ചു. കാണിക്ക ഇനത്തിൽ 29 കോടി രൂപയും നടവരവായി കിട്ടി. ഇതുവരെ ശബരിമല സന്നിധാനത്ത് 10.35 ലക്ഷം പേരാണ് ദർശനം നടത്തിയത്. ഒരു ദിവസം 43000പേർ വരെ സന്നിധാനത്ത് ദർശനം നടത്തിയ ദിവസങ്ങൾ ഉണ്ടായിരുന്നു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് എത്തിയ എല്ലാവർക്കും ദർശനം ലഭിച്ചുവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറയുന്നു. ഇടുക്കി പുല്ലേട് പാതതുറക്കുന്നതിന് വേണ്ടി സംസഥാന സർക്കാരിനെ സമീപിക്കുമെന്നും മകരവിളക്ക് കണക്കിലെടുത്ത് കൂടുതൽ അപ്പം അരവണ കൗണ്ടറുകൾ തുറക്കുമെന്നും കെ അനന്തഗോപൻ അറിയിച്ചു.