ന്യൂഡൽഹി: ശബരിമല ക്ഷേത്രത്ിൽ സ്ത്രീകളെ പ്രവേശിപ്പിച്ചുകൂടെയെന്ന് സുപ്രീംകോടതി. കേരള സർക്കാറിനോടാണ് സുപ്രീംകോടതി ചോദ്യം ആരാഞ്ഞത്. പത്ത് വയസു മുതൽ 50 വയസ് വരെയുള്ള സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കുന്നതിൽ വിവേചനം നിലനിൽക്കുന്നു എന്ന് ചൂണ്ടിക്കാട്ടി യംഗ് ലോയേഴ്‌സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് കോടതി നിർണ്ണായകമായ ഈ ചോദ്യം ഉന്നയിച്ചത്.

ശബരിമലയിൽ സ്ത്രീകളെ തടയുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. 1500 വർഷങ്ങൾക്ക് മുമ്പ് സ്ത്രീകൾ ക്ഷേത്രത്തിൽ വന്നില്ലെന്നും പൂജ നടത്തിയെന്ന് പറയാൻ സാധിക്കുമോയെന്നും കോടതി ചോദിച്ചു. ഭരണഘടന തടയാത്ത കാലത്തോളം സ്ത്രീകളെ തടയാൻ ദേവശ്വംബോർഡിന് അവകാശമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. മതത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ലേ ദേവസ്വം ബോർഡ് പ്രവേശനം തടയുന്നതെന്നും സ്ത്രീയാണെന്നതിന്റെ പേരിൽ തടയാൻ പറ്റില്ലെന്നും കോടതി വ്യക്തമാക്കി.

മതത്തിന്റെ അടിസ്ഥാനത്തിലല്ലാതെ പ്രവേശനം തടയാൻ കഴിയുമോ? എന്തിനാണ് വിലക്ക് ഏർപ്പെടുത്തുന്നത്? തുടങ്ങിയ ചോദ്യങ്ങളാണ് കേസ് പരിഗണിക്കുന്ന വേളയിൽ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉന്നയിച്ചത്. ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ അഭിപ്രായപ്രകടനം. ലിംഗവിവേചനം പാടില്ലെന്ന് ഭരണഘടന പറയുന്നുണ്ടെന്ന് കോടതി ഓർമിപ്പിച്ചു.

10 വയസിനും 50 വയസിനും ഇടയിൽ സ്ത്രീകളെ പ്രവേശിക്കാൻ പാടില്ലെന്നാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു. കേസ് നീട്ടികൊണ്ടുപോകില്ലെന്നും വിശദമായ വാദം കേട്ട് വേഗത്തിൽ തീരുമാനമെടുക്കുമെന്നും കോടതി പറഞ്ഞു. അതേസമയം ക്ഷേത്രാചാരണങ്ങളുടെ ഭാഗമായാണ് സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചതെന്ന് ദേവസ്വം ബോർഡ് അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. കഠിന വ്രതത്തിനു ശേഷമാണ് അയ്യപ്പന്മാർ ശബരിമലയിൽ എത്തുന്നതെന്നും, സ്ത്രീകൾക്ക് ഇത്ര കഠിനമായ വ്രതം അനുഷ്ഠിക്കാൻ കഴിയില്ലെന്നും ദേവസ്വം ബോർഡ് കോടതിയിൽ വാദിച്ചു.

ദേവസ്വം ബോർഡിന്റെ വാദം കേട്ടശേഷം, ഇക്കാര്യത്തിൽ വിശദമായ വാദം കേൾക്കാമെന്നു കോടതി തീരുമാനിക്കുകയായിരുന്നു. കേസ് വീണ്ടും അടുത്ത മാസം എട്ടിന് കേസിൽ വീണ്ടും വാദം കേൾക്കും. അതേസമയം, ക്ഷേത്രവുമായി ബന്ധപ്പെട്ട ആചരങ്ങളിൽ ഇടപെടാൻ താൽപര്യമില്ലെന്നാണ് സംസ്ഥാന സർക്കാർ നിലപാടെടുത്തത്. ഇക്കാര്യം രേഖാമൂലം സമർപ്പിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.

മുമ്പ് സമാനമായ വിഷയം സുപ്രീം കോടതിയിൽ വന്നപ്പോൾ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ കയറാം എന്നതായിരുന്നു അന്നത്തെ ദേവസ്വം മന്ത്രി ജി. സുധാകരന്റെ നിലപാട്. സുപ്രീംകോടതിയുടെ ഭാഗത്തു നിന്നും പരാമർശം ഉണ്ടായതോടെ വിഷയം സജീവ ചർച്ചയ്ക്കും ഇടയാക്കുമെന്ന കാര്യം ഉറപ്പാണ്. ദേവഹിതം അനുസരിച്ച് മാത്രമേ തീരുമാനം ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളാൻ സാധിക്കൂവെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. സ്ത്രീകൾ പ്രവേശിച്ചിരുന്നില്ലെന്ന് വിശ്വാസികൾക്കെല്ലാം അറിയാമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ശബരിമല ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശിപ്പിക്കുമോ എന്ന് ചോദിച്ചപ്പോൾ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ ആർത്തവ സ്‌കാനർ ഉണ്ടെങ്കിൽ പരിഗണിക്കാം എന്ന ചോദ്യം ഉയർത്തിയിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ കാമ്പയിനും ഉണ്ടായിരുന്നു. ദേശീയ തലത്തിൽ ശ്രദ്ധ നേടിയ ഈ ഓൺലൈൻ കാമ്പയിന് ശേഷമാണ് ഇപ്പോൾ സുപ്രീംകോടതി സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചുകൂടേ എന്ന ചോദ്യം ഉന്നയിച്ചത്.