സന്നിധാനം: നിറപുത്തരിപൂജയ്ക്കും ചിങ്ങമാസ-ഓണം നാളുകളിലെ പൂജകൾക്കുമായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട മറ്റന്നാൾ(15.08.2021) വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്രശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കും. ശേഷം ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകൾ തെളിക്കും. തുടർന്ന് തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്യും.

നിറപുത്തരിപൂജകൾക്കായി 16 ന് പുലർച്ചെ 5 മണിക്ക് ക്ഷേത്ര നട തുറക്കും. തുടർന്ന് നിറപുത്തരിക്കായി ക്ഷേത്ര തിരുമുറ്റത്ത് എത്തിച്ച ,ശബരിമലയിൽ കരനെൽകൃഷിചെയ്ത നെൽകറ്റകൾ, മേൽശാന്തി ആചാരപൂർവ്വം ശിരസ്സിലേറ്റി നിറപുത്തരിപൂജയ്ക്കായി ക്ഷേത്രശ്രീകോവിലിനുള്ളിലേക്ക് കൊണ്ട്‌പോകും.പൂജകൾക്ക് ശേഷം തന്ത്രി കണ്ഠരര് മഹേഷ് മോഹനര് നെൽകതിരുകൾ ഭക്തർക്ക് പ്രസാദമായി നൽകും.16 ന് പുലർച്ചെ 5.55 ന് മേൽ 6.20നകമുള്ള മുഹൂർത്തത്തിലാണ് നിറപുത്തരിപൂജ.16 മുതൽ 23 വരെ ഭക്തരെ ശബരീശദർശനത്തിനായികടത്തിവിടും.

ഓൺലൈനിലൂടെ ബുക്ക്‌ചെയ്ത് ദർശനാനുമതി ലഭിച്ച ഭക്തർക്ക് മാത്രമെ ഇക്കുറിയും ശബരിമലയിലെത്താനാവുകയുള്ളൂ.ദർശനത്തിനായി സമയം അനുവദിച്ച് കിട്ടിയ അയ്യപ്പഭക്തർ കോവിഡ് 19 ന്റെ രണ്ട്‌ഡോസ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ അല്ലെങ്കിൽ 48 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് 19 ആർടിപിസി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ കൈയിൽ കരുതേണ്ടതാണ്.

17 ന് ആണ് ചിങ്ങം ഒന്ന്.ഓണം നാളുകളിൽ കോവിഡ് 19 പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ച് ഭക്തർക്കായി ഓണസദ്യയും നൽകും.ഓഗസ്റ്റ് 23 ന് രാത്രി ഹരിവരാസനം പാടി ക്ഷേത്ര തിരുനട അടയ്ക്കും.ഓഗസ്റ്റ് മാസത്തിൽ ക്ഷേത്രനട തുറന്നിരിക്കുന്ന 8 ദിവസങ്ങളിൽ പ്രതിദിനം 15,000 എന്നകണക്കിന്,ഭക്തർക്ക് ഓൺലൈൻ ബുക്കിംഗിലൂടെ പ്രവേശനാനുമതി നൽകിയിട്ടുണ്ട്.കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 16 ന് ശബരിമല നടതുറക്കും.