- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്രതശുദ്ധിയോടെ തീർത്ഥാടന നാളുകൾ വരവായി; ഒരുക്കങ്ങൾ പൂർത്തിയാക്കി ദേവസ്വംബോർഡ്: ശബരിമല നട ഇന്നു തുറക്കും
41 നാൾ നീണ്ടുനിൽക്കുന്ന മണ്ഡലകാല ഉത്സവത്തിന് തുടക്കം കുറിച്ച് ശബരിമല നട ഇന്നു തുറക്കും. നാളെയാണ് വൃശ്ചികം ഒന്ന്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ. നാരായണൻ നമ്പൂതിരി വൈകിട്ട് 5.30 നു നടതുറന്നു ശ്രീലകത്ത് നെയ്‌വിളക്ക് കൊളുത്തും. തുടർന്നു പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്ത് എത്തി ആഴി ജ്വലിപ്പിക്കും. നിയുക
41 നാൾ നീണ്ടുനിൽക്കുന്ന മണ്ഡലകാല ഉത്സവത്തിന് തുടക്കം കുറിച്ച് ശബരിമല നട ഇന്നു തുറക്കും. നാളെയാണ് വൃശ്ചികം ഒന്ന്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ. നാരായണൻ നമ്പൂതിരി വൈകിട്ട് 5.30 നു നടതുറന്നു ശ്രീലകത്ത് നെയ്‌വിളക്ക് കൊളുത്തും. തുടർന്നു പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്ത് എത്തി ആഴി ജ്വലിപ്പിക്കും. നിയുക്ത മേൽശാന്തി ആദ്യം പതിനെട്ടാംപടി കയറി തിരുമുറ്റത്തെത്തും. വൈകിട്ട് ഏഴിനാണു പുതിയ മേൽശാന്തിമാരുടെ അവരോധനച്ചടങ്ങ്. സോപാനത്ത് പത്മംവരച്ചു കലശംപൂജിച്ച ശേഷം നിയുക്ത മേൽശാന്തിയെ അഭിഷേകം ചെയ്തശേഷം തന്ത്രി, മേൽശാന്തിയെ ശ്രീലകത്തേക്കാനയിക്കും. തുടർന്നു ഭഗവാന്റെ മൂലമന്ത്രം കാതിൽ ഓതിക്കൊടുക്കുന്നതോടെ ഒരുവർഷത്തെ പുറപ്പെടാശാന്തിയായി പുതിയ മേൽശാന്തി അവരോധിക്കപ്പെടും.
ഇന്നു പ്രത്യേക പൂജകളൊന്നുമില്ല. രാത്രി 11 നു ഹരിവരാസനം പാടി നടയടച്ചതിനു ശേഷം മേൽശാന്തി പി.എൻ. നാരായണൻ നമ്പൂതിരി പുതിയ മേൽശാന്തി കൃഷ്ണദാസ് നമ്പൂതിരിക്കു താക്കോൽ കൈമാറും. ഒരുവർഷക്കാലം ഭഗവാനെ പൂജ ചെയ്ത പുണ്യവുമായി നാരായണൻ നമ്പൂതിരി സന്നിധാനത്തുനിന്നു മലയിറങ്ങും. അതേസമയം തീർത്ഥാടനകാലം സുഗമമാക്കാൻ വേണ്ടി ദേവസ്വംബോർഡിന്റെ നേതൃത്വത്തിൽ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.
പമ്പയിൽ 15കോടി ചെലവിൽ നിർമ്മിച്ച ആരോഗ്യഭവനാണ് ഈ തീർത്ഥാടന കാലത്ത് അയ്യപ്പന്മാർക്ക് അനുഗ്രഹം. മല കയറുന്നവർക്ക് കടുത്ത ശാരീരിക ബുദ്ധിമുട്ടു നേരിടുമ്പോൾ പത്തനംതിട്ടയിലെയോ കോട്ടയത്തെയോ ആശുപത്രികളിലെത്തിക്കുകയേ മാർഗമുണ്ടായിരുന്നുള്ളൂ. കാനന പാതയിലെ തരിക്കിനിടയിലൂടെ ആശുപത്രികളിലേക്കുള്ള ദീർഘദൂര യാത്ര ഒഴിവാക്കാനും അടിയന്തര ചികിത്സ ലഭിക്കാനും ഇനി ആരോഗ്യഭവനുണ്ട്. അലോപ്പതി, ആയുർവേദം, ഹോമിയോ, പഞ്ചകർമ്മ ചികിത്സകളാണ് ഇവിടെ ലഭിക്കുന്നത്. അത്യാഹിതം, കാർഡിയോളജി ക്രിട്ടിക്കൽ യൂണിറ്റുകൾ പ്രവർത്തന സജ്ജമായി. ഒരേ സമയം മുപ്പതു പേരെ കിടത്തി ചികിത്സിക്കാനാകും. മിനി ഓപ്പറേഷൻ തീയറ്ററും ഓക്‌സിജൻ സ്റ്റോറേജുമുണ്ട്. ക്രിട്ടിക്കൽ യൂണിറ്റുകളും മിനി ഓപ്പറേഷൻ തീയേറ്ററുകളും ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്. അപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് അടിയന്തര ചികിത്സയും ലഭിക്കും. നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിൽ കാർഡിയോളജി സെന്ററുകളും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ശബരിമല വാർഡും തുറന്നു.
മലകയറുമ്പോൾ ക്ഷീണിക്കുന്നവരെയും അവശരാകുന്നവരെയും സഹായിക്കാൻ ഓക്‌സിജൻ പാർലറുകൾ ഇത്തവണ കൂടുതലായി തുറന്നിട്ടുണ്ട്. ആവശ്യമുള്ളവർക്ക് പൊലീസ് സഹായവും ലഭിക്കും. പമ്പയ്ക്കും സന്നിധാനത്തിനുമിടയിൽ 15 ഓക്‌സിജൻ പാർലറുകളാണ് സ്ഥാപിക്കുന്നത്. ഔഷധ കുടിവെള്ളവും ലഭിക്കും.
തീർത്ഥാടകരെ സഹായിക്കാൻ അയ്യപ്പസേവാ സംഘം വിവിധ സ്ഥലങ്ങളിൽ 30 ക്യാമ്പുകൾ തുറന്നു. അന്നദാനം, ചുക്കുവെള്ള വിതരണം, സൗജന്യ വൈദ്യസഹായം എന്നിവ എല്ലാ ക്യാമ്പുകളിലുമുണ്ടാകും. സന്നിധാനം, പമ്പ, അപ്പാച്ചിമേട്, അഴുത, കരിമല, വലിയാനവട്ടം,ഉപ്പുപാറ, സത്രം, എരുമേലി, നിലയ്ക്കൽ, കോട്ടയം, എറണാകുളം, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ, പത്തനംതിട്ട, റാന്നി,ആറ്റുകാൽ, കന്യാകുമാരി, തേനി, മധുര, പഴനി എന്നിവിടങ്ങളിലാണ് പ്രധാന ക്യാമ്പുകൾ. സന്നിധാനത്തും പമ്പയിലും അപ്പാച്ചിമേട്ടിലും 24മണിക്കൂറും സേവനം ലഭിക്കും.
മലകയറുന്ന അയ്യപ്പന്മാർക്ക് കുടിക്കുന്നതിന് പൈപ്പുകൾ വഴിയും ചുക്കുവെള്ളം ലഭിക്കും. പമ്പയിലും സന്നിധാനത്തും 24മണിക്കൂറും അന്നദാനമുണ്ടാകുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്. ഇതിനു പുറമേ അയ്യപ്പ സേവാസംഘം, അയ്യപ്പ സേവാസമാജം എന്നിവരുടെയും അന്നദാനമുണ്ട്. തിരക്കു കൂടുമ്പോൾ പമ്പയ്ക്കും സന്നിധാനത്തിനുമിടയിൽ ഭക്തരെ വടം കെട്ടി തടയുന്ന രീതി ഈ വർഷം മുതലുണ്ടാവില്ല. പകരം പൊലീസ് ബാരിക്കേഡുകൾ സ്ഥാപിക്കും. ഭക്തരെ തള്ളിമാറ്റി വടം കെട്ടി വഴി തടയുന്നത് തർക്കത്തിൽ കലാശിച്ചിരുന്നു. വടം അഴിക്കുമ്പോൾ ഭക്തർ ഇരച്ചോടുന്നത് അപകട ഭീഷണിയായിട്ടുമുണ്ട്. ഇത്തവണ ദേവസ്വം ബോർഡ് അനുവദിച്ച തുക കൊണ്ട് ഒൻപതിടങ്ങളിൽ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചു.
ദർശനത്തിനുള്ള വെർച്വൽ ക്യൂവിലേയ്ക്ക് ഓൺലൈൻ വഴി ബുക്കു ചെയ്ത തീർത്ഥാടകരുടെ പ്രവേശന കൂപ്പൺ ഇനി പമ്പയിൽ തന്നെ പരിശോധിക്കുമെന്ന് എ.ഡി.ജി.പി എ. പത്മകുമാർ അറിയിച്ചു. മരക്കൂട്ടത്തിനു സമീപമായിരുന്നു കഴിഞ്ഞ സീസണിൽ പരിശോധന നടത്തിയിരുന്നത്. വെർച്വൽ ക്യൂ പാസേജിൽ കയറാതെ തീർത്ഥാടകർ താഴേ തിരുമുറ്റത്തെത്തി അവിടെ നിന്ന് വെർച്വൽ ക്യൂവിൽ കയറാൻ ശ്രമിക്കുകയും പതിവായിരുന്നു. ഇത് തിക്കിത്തിരക്കിനും തർക്കത്തിനും ഇടയാക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനാലാണ് പുതിയ തീരുമാനം. ഇതുവരെ എട്ടു ലക്ഷത്തിലേറെ ഭക്തർ വെർച്വൽ ക്യൂവിന് ബുക്കു ചെയ്തു. ഏറെയും തമിഴ്‌നാട്ടുകാരാണ്.
പതിനെട്ടാം പടിക്കു താഴെ മുറ്റം ടൈൽസ് പാകുന്ന ജോലികൾ പൂർത്തിയായി. ആഴി നവീകരിച്ചു. പതിനെട്ടാം പടിക്കു മുന്നിൽ പഴയ കരിങ്കല്ലുകൾ മാറ്റി പുതിയ കൃഷ്ണ ശിലകൾ പാകി. സന്നിധാനത്ത് കന്നിമൂല ഗണപതിയുടെയും നാഗരാജാവിന്റെയും സോപാനങ്ങൾ പിത്തളയും വെള്ളിയും പൊതിഞ്ഞ് മുഖം മിനുക്കി. ഗണപതിയുടെ രൂപങ്ങൾ കൊത്തിയെടുത്ത പിത്തള കൊണ്ട് കന്നിമൂല ഗണപതിയുടെയും, പിത്തളയും വെള്ളിയും കൊണ്ട് നാഗങ്ങളുടെ രൂപങ്ങളുണ്ടാക്കി നാഗരാജ ക്ഷേത്രത്തിന്റെയും സോപാനങ്ങൾ പൊതിഞ്ഞു.
ശബരിമല പാത, പരമ്പരാഗതാ കാനന പാത എന്നിവിടങ്ങിലൂടെയെത്തുന്ന തീർത്ഥാടകർക്കു വഴിതെറ്റിയാൽ ആൻഡ്രോയിഡ് ഫോണുകളിൽ ലഭിക്കുന്ന 'തത്ത്വമസി' മൊബൈൽ ആപ്‌ളിക്കേഷൻ ശരിയായ ദിശ കാട്ടിത്തരും. 'തത്ത്വമസി' ഡൗൺലോഡ് ചെയ്യുമ്പോൾ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള വഴി, വാഹനങ്ങുടെ തിരക്ക് എവിടെല്ലാം, വെർച്വൽ ക്യൂവിന്റെ സ്ഥിതി, ക്ഷേത്രത്തിലെ പൂജാ സമയം തുടങ്ങിയ വിവരങ്ങൾ ലഭിക്കുന്നതിനുള്ള ലിങ്ക് ലഭിക്കും. സന്നിധാനത്ത് എത്തിയാൽ പ്രായമായവർക്കും കുട്ടികൾക്കും തിരക്കിൽപ്പെടാതെ ദർശനം നടത്താൻ ഇത്തവണ മുതൽ പ്രത്യേക ക്യൂ ഏർപ്പെടുത്തി. തിരുമുറ്റത്ത് വെർച്വൽ ക്യൂവിനു സമീപത്താണിത്. നിർദ്ദേശം നൽകാൻ പൊലീസുണ്ടാവും.
മണ്ഡലമകരവിളക്കു കാലത്തേക്ക് ആവശ്യമായ സുരക്ഷാ സന്നാഹങ്ങളുടെ പൊലീസിന്റെ ചീഫ് കോർഡിനേറ്റർ എ.ഡി.ജി.പി കെ. പത്മകുമാറാണ്. തിരുവനന്തപുരം, എറണാകുളം റേഞ്ച് ഐ.ജിമാരായ മനോജ് എബ്രഹാം, എം. ആർ. അജിത്കുമാർ എന്നിവരാണ് ജോയിന്റ് കോർഡിനേറ്റർമാർ.
സന്നിധാനത്ത് 600, പമ്പയിൽ 450 പൊലീസുകാർ ആദ്യഘട്ടത്തിൽ സേവനത്തിനുണ്ടാകും. ദേശീയ ദ്രുത കർമ്മസേന, ദുരന്ത നിവാരണസേന, തമിഴ്‌നാട്, ആന്ധ്ര, കർണാടക പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.
കാനന പാതയും സന്നിധാനവും പമ്പയും സമ്പൂർണ്ണ പ്‌ളാസ്റ്റിക് നിരോധിത മേഖലകളാണ്. പ്‌ളാസ്റ്റിക്കിനു പകരം തുണിസഞ്ചികൾ ഉപയോഗിക്കണമെന്നാണ് വിവിധ വകുപ്പുകൾ ഭക്തർക്കു നൽകുന്ന നിർദ്ദേശം. പ്‌ളാസ്റ്റിക് ഉപയോഗം തടയാൻ എല്ലായിടത്തും എക്കോ ഗാർഡുകളെയും വിശുദ്ധി സേനാംഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്. തീർത്ഥാടകരുടെ വാഹനങ്ങൾ ശബരിമല പാതകളിൽ എവിടെ അപകടത്തിൽ പെട്ടാലും 9400044991, 9562318181എന്നീ ടോൾ ഫ്രീ നമ്പരുകളിൽ വിളിച്ചാൽ മോട്ടോർ വാഹനവകുപ്പിന്റെ അടിയന്തര സേവനം ലഭിക്കും. ഇന്നു മുതൽ സേവനം ലഭ്യമാണ്. സേഫ്‌സോൺ പദ്ധതിപ്രകാരം 24മണിക്കൂർ സേവനമുണ്ട്. വാഹനങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നതിന് മെക്കാനിക്കുകളുടെ സഹായവും ലഭിക്കും.
സംസ്ഥാനത്തെ പ്രധാന കെ. എസ്. ആർ.ടി.സി ഡിപ്പോകളിൽ നിന്നെല്ലാം പമ്പാ സർവ്വീസ് ഇന്നു മുതൽ ഓടിത്തുടങ്ങും.ഇരുന്നൂറോളം ബസുകളാണ് സജ്ജമാക്കിയിട്ടുള്ളത്. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് 25 ബസുകളാണ് ആദ്യ ഘട്ടത്തിൽ പമ്പ സർവ്വീസ് നടത്തുന്നത്.
പ്രധാന ഫോൺ നമ്പരുകൾ: എസ്. ടി.ഡി കോഡ് 04735
ദേവസ്വം കമ്മീഷണർ 202004
വിജിലൻൻസ് എസ്‌പി 202081
വിജിലൻസ് ഓഫീസ് 202058
ഇൻഫർമേഷൻ സെന്റർ ശബരിമല 202048
ഇൻഫർമേഷൻ സെന്റർ പമ്പ 202339
അക്കോമഡേഷൻ 202049
ഗസ്റ്റ് ഹൗസ് പമ്പ 202441
ഗസ്റ്റ് ഹൗസ് ശബരിമല 202056
അന്നദാന മണ്ഡപം 202918
പോസ്റ്റ് ഓഫീസ് ശബരിമല 202130
പോസ്റ്റ് ഓഫീസ് പമ്പ 202330
പൊലീസ് സ്റ്റേഷൻ ശബരിമല 202014, 202016
പൊലീസ് സ്റ്റേഷൻ പമ്പ 203419, 203386
പൊലീസ് സ്‌പെഷ്യൽ ഓഫീസർ ശബരിമല 202029
പൊലീസ് സ്‌പെഷ്യൽ ഓഫീസർ പമ്പ 203523
പൊലീസ് വയർലെസ് 202079
ഫയർഫോഴ്‌സ് ശബരിമല 202033
കെ. എസ്. ആർ. ടി. സി പമ്പ 203445
ഫോറസ്റ്റ് ഓഫീസ് പമ്പ 202335
ഫോറസ്റ്റ് ഓഫീസ് പമ്പ 202074
ഗവ.ആശുപത്രി പമ്പ 203318
ഗവ.ആശുപത്രി ശബരിമല 202101
ടെലിഫോൺ എക്‌സ്‌ചേഞ്ച് ശബരിമല 202199, 202000, 202836.