ന്യൂഡൽഹി: ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കണമെന്ന സംസ്ഥാന മന്ത്രിമാരുടെയും എംപിമാരുടെയും നിരന്തര അഭ്യർത്ഥന കേന്ദ്രം തള്ളി. ശബരിമല മാസ്റ്റർ പ്ലാൻ പരിഗണനയിൽ ഇല്ലെന്ന് കേന്ദ്രമന്ത്രി മഹേഷ് ശർമ അറിയിച്ചു.

ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രമാക്കുന്നതു സംബന്ധിച്ച് എംപി ഉന്നയിച്ച ചോദ്യത്തിനു മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കില്ല. മാസ്റ്റർ പ്ലാൻ പരിഗണനയിലുമില്ല.

ശബരിമല കേന്ദ്രസർക്കാരിന്റെ സംരക്ഷിത സ്മാരകമോ ആർക്കിയോളജിക്കൽ സർവെയുടെ കീഴിലുള്ള ദേശീയ പ്രാധാന്യമുള്ള കേന്ദ്രമോ അല്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു. കേരളത്തിന്റെ നിരന്തര ആവശ്യമാണ് ഇതിലൂടെ കേന്ദ്രസർക്കാർ തള്ളിയത്.

മുഖ്യമന്ത്രിയും മന്ത്രിമാരും എംപിമാരുമെല്ലാം ശബരിമല മാസ്റ്റർ പ്ലാനിന്റെ കാര്യം കേന്ദ്രസർക്കാരിനു മുന്നിൽ സമർപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു നേരിട്ടും സംസ്ഥാന ത്തെ ജനപ്രതിനിധികൾ ഇക്കാര്യം ചർച്ച ചെയ്തിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ശബരിമല സന്ദർശിക്കുമെന്നും അദ്ദേഹത്തിന്റെ സന്ദർശനവേളയിൽ ഇവിടം ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കും എന്നുമായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ, ശബരിമല സന്ദർശിക്കാൻ പ്രധാനമന്ത്രി എത്തില്ലെന്നാണ് പിന്നീട് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങൾ അറിയിച്ചത്. ദേശീയ തീർത്ഥാടന കേന്ദ്രമാക്കുമെന്ന പ്രതീക്ഷ നഷ്ടമായതോടെ ശബരി റെയിൽപാതയുടെ കാര്യവും അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്.