ന്യൂഡൽഹി: ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജികളിൽ ഭരണഘടനാ ബെഞ്ച് തീരുമാനമെടുക്കും. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് നിർണ്ണായ വിധി പുറപ്പെടുവിട്ടത്.

പത്തിനും അമ്പതിനുമിടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് സ്ത്രീകൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്നാണ് വാദം. കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് ദേവസ്വം ബോർഡും ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് തീരുമാനം. അഞ്ചംഗ ബഞ്ചാകും ഇക്കാര്യം പിരശോധിക്കുക.

പ്രവേശന വിലക്ക് സ്ത്രീകളുടെ അവകാശത്തിന്റെ ലംഘനമാണോയെന്നാണ് സുപ്രീംകോടതി പ്രധാനമായും പരിഗണിക്കുന്നത്. ശബരിമല പ്രവേശനം സ്ത്രീകൾക്ക് വിലക്കുന്നത് പൗരസ്വാതന്ത്രത്തിന്റെ ലംഘനമാണോ, ആരാധനാ സ്വാതന്ത്രത്തിന് എതിരാണോ, ആർത്തവ സമയത്ത് നിയന്ത്രണം ഏർപ്പെടുത്തുന്നതിന് സാധുതയുണ്ടോ എന്നീ കാര്യങ്ങളും ബെഞ്ച് പരിശോധിക്കും. പത്തിനും അമ്പതിനുമിടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് സ്ത്രീകൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹർജിക്കാരായ യങ് ലോയേഴ്‌സ് അസോസിയേഷൻ ഉന്നയിച്ച പ്രധാന വാദം.

ഭരണഘടനാ ബെഞ്ചിന്റെ പരിഗണനാ വിഷയങ്ങൾക്കുള്ള ചോദ്യങ്ങൾ സമർപ്പിക്കണമെന്ന് മുഴുവൻ കക്ഷികൾക്കും ഫെബ്രുവരിയിൽ കോടതി നിർദ്ദേശം നൽകിയിരുന്നു. സർക്കാരുകൾ മാറുമ്പോൾ നിലപാടുകളിൽ മാറ്റംവരുത്താൻ കഴിയുമോ എന്നകാര്യവും ഭരണഘടാന ബെഞ്ച് പരിഗണിച്ചേക്കും. പ്രവേശനത്തെ അനുകൂലിച്ച് 2007-ൽ എൽ.ഡി.എഫ്. സർക്കാർ നൽകിയ സത്യവാങ്മൂലം പരിഗണിക്കരുതെന്ന് പിന്നീടു വന്ന യു.ഡി.എഫ്. സർക്കാർ ആവശ്യപ്പെട്ടിരുന്നു.

എൽ.ഡി.എഫ്. വീണ്ടും അധികാരത്തിലെത്തിയപ്പോൾ 2007-ലെ സത്യവാങ്മൂലത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് കോടതിയെ അറിയിച്ചു. സർക്കാരുകൾക്ക് ഇങ്ങനെ നിലപാട് മാറ്റാനാവില്ലെന്നാണ് ദേവസ്വംബോർഡിന്റെ വാദം.