തിരുവനന്തപുരം: വിവരം വച്ചാൽ എല്ലാവരും ആർഎസ്എസും സേവാഭാരതിയുമൊക്കെയാകുമെന്ന് മുൻ ഡിജിപി ടിപി സെൻകുമാർ. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ ചർച്ചയിൽ പ്രതികരിക്കുകയായിരുന്നു ടിപി സെൻകുമാർ. ടിപി സെൻകുമാർ ആർഎസിഎസിന്റെ പ്രതിനിധിയായാണ് ചർച്ചയിൽ പങ്കെടുക്കുന്നത് എന്ന് സിപിഎം പ്രതിനിധി എഎ റഹീമിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ടിപി സെൻകുമാർ. താങ്കൾ അപ്പോൾ വിവരമില്ലാത്ത കാലത്താണോ കേരളത്തിന്റെ പൊലീസ് മേധാവിയായിരുന്നതെന്ന് ചർച്ചയിൽ പങ്കെടുത്ത ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം ചോദിച്ചെങ്കിലും അറിവില്ലാത്ത കാലത്ത് എന്നെ സഖാവ് സെൻകുമാർ എന്നാണ് വിളിച്ചിരുന്നതെന്ന് പറഞ്ഞ് സെൻകുമാർ തിരിച്ചടിച്ചു. ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് തിരുത്തുന്നുവോ? ഒരടി മുന്നോട്ട്; രണ്ടടി പിന്നോട്ട് എന്ന ടാഗ് ലൈനുമായാണ് എഷ്യാനെറ്റ് ന്യൂസ് അവർ ഇന്നലെ ചർച്ച നടത്തിയത്. ഇതിനെ ശ്രദ്ധേയമാക്കിയത് സെൻകുമാറും റഹിമും തമ്മിലെ വാദപ്രതിവാദമാണ്.

ഓപ്പൺ കോർട്ടിൽ റിവ്യൂ എടുത്ത ശേഷം ശബരിമലയിൽ തീരുമാനമെടുക്കണമെന്ന വികാരമാണ് ടിപി സെൻകുമാർ ചർച്ചയിൽ വിശദീകരിച്ചത്. ഹിന്ദു സ്ത്രീകൾക്ക് മാത്രം ബാധകമാണ് സുപ്രീംകോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധിയിൽ ആറിടത്ത് ഇത് വ്യക്തമാണ്. അതുകൊണ്ട് തന്നെ രഹ്നാ ഫാത്തിമയേയും കൊണ്ട് മല ചവിട്ടിയ പൊലീസ് നടപടി തെറ്റാണ്. നിയമവിരുദ്ധമായ കാര്യം പലവട്ടം പൊലീസ് ചെയ്തു. അഹിന്ദുക്കളെ കോടതി വിധി ലംഘിച്ചു കൊണ്ട് പോയത് തന്നെ തെറ്റാണ്. ഡിക്ലറേറ്റീവ് വിധിയാണ് ഉണ്ടായത്. അതുകൊണ്ടാണ് അത് സ്റ്റേ ചെയ്യാത്തതെന്നും സെൻകുമാർ പറഞ്ഞു.

വിശ്വാസിയായ സ്ത്രീ ആചാരങ്ങൾ പാലിച്ച് ദർശനം നടത്തണമെന്ന് ആവശ്യപ്പെട്ടാൽ പൊലീസും സർക്കാരും അനുവദിച്ചു കൊടുക്കേണ്ടി വരുമെന്നും സെൻകുമാർ വിശദീകരിച്ചു. ചർച്ചയുടെ രണ്ടാം ഭാഗമായാണ് ഡിവൈഎഫ്ഐ നേതാവ് പി റഹിം ചർച്ചയ്ക്കെത്തിയത്. ശബരിമലയിൽ പ്രശനങ്ങളുണ്ടാക്കാൻ ആർഎസ്എസ് ശ്രമിക്കുന്നുവെന്നും അതുകൊണ്ടാണ് യുവതി പ്രവേശനത്തിൽ സർക്കാർ കരുതലോടെ തീരുമാനം എടുക്കുന്നത്. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കാൻ വേണ്ടി ആർഎസ്എസ് ക്രിമിനൽ സംഘം അവിടെയുണ്ട്. അവർക്കെതിരെ ബലപ്രയോഗത്തിന് പറ്റുന്ന അവസ്ഥയില്ലെന്ന് പൊലീസും മനസ്സിലാക്കുന്നുണ്ടെന്നും പി റഹിം പറഞ്ഞു. ഭക്തരുടെ വേഷം കെട്ടിയാണ് ആർ എസ് എസുകാർ എത്തുന്നത്. ഭക്തർ ആരാണ് വിശ്വാസികൾ ആരാണെന്ന് അറിയില്ല.

സെൻകുമാർ മുൻ ഡിജിപിയായല്ല. അദ്ദേഹം ഇപ്പോൾ ആർ എസ് എസിന്റേയും സേവാഭാരതിയുടേയും അയ്യപ്പ കർമ്മസമിതിയുടേയും എല്ലാം വക്താവായാണ് സംസാരിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങളെ അങ്ങനെ കണ്ടാൽ മതി. രഹ്നാഫാത്തിമയ്ക്കൊപ്പം മാധ്യമ പ്രവർത്തകയും പോയി. അവരേയും തടഞ്ഞു. മറ്റ് വിശ്വാസികളേയും തടഞ്ഞുവെന്നും റഹിം വിശദീകരിച്ചു. മെൻസസുമായി ബന്ധപ്പെട്ട പരിശോധനയ്ക്ക് എന്ത് ഉപകരണമാണ് താങ്കളുടേയും ആർ എസ് എസിന്റേയും കൈയിലുള്ളതെന്ന് ചോദിച്ചും റഹിം പ്രകോപനമുണ്ടാക്കി. അഹിന്ദുക്കളല്ലെങ്കിൽ നിങ്ങൾ സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കുമോ എന്നും റഹിം ചോദിച്ചു. സർക്കാർ ശബരിമലയിലേക്ക് യുവതികളെ കൊണ്ടു പോയി അപമാനിക്കുകയാണെന്നാണ് ആശ ഉണ്ണിത്താൻ നിലപാട് എടുത്തത്. ഓടിയ സ്ത്രീകൾ മാത്രമല്ല എല്ലാ സ്ത്രീകളും അപമാനിക്കപ്പെട്ടുവെന്നും ആശ ഉണ്ണിത്താൻ പറഞ്ഞു. ആർഎസ്എസ് അക്രമികളുടെ കൈയിലേക്ക് സ്ത്രീകളെ ഇട്ടുകൊടുക്കുകയാണ് സർക്കാരെന്നും ആശ ഉണ്ണിത്താൻ പറഞ്ഞു.

എല്ലാ സുപ്രീംകോടതി വിധിയും സർക്കാർ നടപ്പിലാക്കിയിട്ടുണ്ടോ എന്റെ കാര്യം തന്നെ നോക്കാം. എന്റെ കാര്യത്തിൽ കോടതി വിധി വന്നിട്ട് എന്താണ് സംഭവിച്ചതെന്ന് അറിയാമോ? 25000 രൂപ പിഴ അടച്ച ശേഷമാണ് ഡിജിപിയായി നിയമനം നൽകിയത്. ശബരിമലയിൽ മൂന്ന് നാല് കോടി ക്രിമിനലുകൾ വരുന്നുണ്ട്. അത് നിർത്താൻ റഹിം വിചാരിച്ചാൽ നടക്കില്ല. മെൻസസ് പീരിഡീൽ ആണോ ക്ഷേത്രത്തിൽ വന്നതെന്ന് കേരളത്തിൽ ഏതെങ്കിലും ക്ഷേത്രത്തിൽ ആരെങ്കിലും ചോദിച്ചിട്ടുണ്ടോ? ഈ ആധുനിക ലോകത്ത് മെൻസസ്സ് ഒഴിവാക്കി 100 ദിവസം വേണമെങ്കിലും വൃതം നോക്കാൻ പറ്റും. അത് ദേവസ്വം ബോർഡിന് പറ്റിയ തെറ്റാണെന്നും സെൻകുമാർ കൂട്ടിച്ചേർത്തു.

ഞാൻ ആർ എസ് എസിന്റേയോ സേവാഭാരതിയുടേയോ ആളായളിട്ടുണ്ടെങ്കിൽ വിവരം വച്ചുതകൊണ്ട് മാത്രമാണെന്നേ പറയാൻ കഴിയൂ. എല്ലാവരും ആകും റഹിം. അതുകൊണ്ടാണ് ഇന്ത്യ നിലനിൽക്കുന്നത്. പുണ്യ മനോഹര ഭൂമിയിൽ മുഹമ്മദ് എന്ന് ആർക്കെങ്കിലും പേരിടാൻ പറ്റുമോ? എന്നൊക്കെയായി സെൻകുമാറിന്റെ ചോദ്യങ്ങൾ. എല്ലാ ക്രിമനിലുകൾക്കും നല്ല ആളുകളെ ക്രിമിനലുകളായി തോന്നുമെന്നും കൂട്ടി ചേർത്തു. ഇതോടെയാണ് താങ്കൾ വിവരമില്ലാത്തകാലത്തായിരുന്നോ സംസ്ഥാനത്തെ ഡിജിപിയായിരുന്നതെന്ന് റഹിം തിരിച്ചടിച്ചത്. വീണ്ടും ആർ എസ് എസിനെ കടന്നാക്രമിച്ചു. കലാപമുണ്ടാക്കി വിളവെടുപ്പ് നടത്തി രാഷ്ട്രീയ നേട്ടത്തിനാണ് ആർഎസ്എസ് ശ്രമമെന്നും റഹിം പറഞ്ഞു. സെൻകുമാറിനെ ബിജെപിക്കാരനായും റഹിം ചിത്രീകരിച്ചു.

റഹിമിന് എനിക്ക് ബിജെപി മെമ്പർഷിപ്പ് തരാൻ കഴിയുമോ എന്ന് അറിയില്ല. റഹിമിന്റെ മെമ്പർഷിപ്പ് ഞാൻ എടുത്തിട്ടില്ല. ബിജെപിക്കാർ എനിക്ക് മെമ്പർഷിപ്പും തന്നിട്ടില്ല. എന്റെ അറിവന്റെ കാര്യത്തിൽ പറയാനുള്ളത്. എന്റെ അറിവില്ലാത്ത കാലത്ത് എന്ന് വിളിച്ചത് സഖാവ് സെൻകുമാറെന്നാണ്. പിറവത്തും കോതമംഗലത്തും കോടതി വിധികളുണ്ട്. ഈ കോടതി വിധികൾ നടപ്പാക്കുന്ന കാര്യത്തിൽ എല്ലായിടത്തും ഒരുപോലെ സർക്കാർ മുൻകൈയെടുക്കണമെന്നും സെൻകുമാർ പറഞ്ഞു. ആവേശം ഒന്നിന് മാത്രമാകുമ്പോഴാണ് പ്രശ്നമെന്നും സെൻകുമാർ പറഞ്ഞു. ചർച്ചയിൽ വീണ്ടും സെൻകുമാറിനെ ബിജെപിക്കാരനാക്കാൻ റഹിം ശ്രമിച്ചു. ബിജെപിയോ മറ്റാരെങ്കിലും വങ്കത്തരം കാണിച്ചാൽ അത് ന്യായീകരിക്കേണ്ട ഉത്തരവാദിത്തം എനിക്കില്ലെന്നും സെൻകുമാർ പറഞ്ഞു. എന്റെ ആർജവം റഹിമിന്റെ മുമ്പിൽ തെളിയിക്കേണ്ട ആവശ്യമുണ്ടെന്ന് കേരളത്തിൽ ആർക്കും സംശയമുണ്ടാകില്ലെന്നും സെൻകുമാർ വിശദീകരിച്ചു.

സുപ്രീംകോടതി വിധിപ്രകാരം ഹിന്ദു സ്ത്രീകൾക്ക് ശബരിമലയിൽ പോകാൻ അവസരമുണ്ടാക്കണമെന്ന് തന്നെയാണ് തന്റെ അഭിപ്രായം. താൻ ഡിജിപി യാണെങ്കിലും ഇത് ചെയ്യേണ്ടിവരും. സത്രീകൾക്ക് പോകണമെങ്കിൽ പ്രത്യേക പാത്ത് വേയുണ്ടാക്കണം. ഇതില്ലാതെ സ്ത്രീകളെ കൊണ്ടു പോകാനാകില്ല. അല്ലാത്ത പക്ഷം അവിടെ നരവധി 364 വകുപ്പ് പ്രകാരമുള്ള കേസുകൾ ഉണ്ടാകുമെന്നും സെൻകുമാർ പറഞ്ഞു. ഇതിന് ശേഷം പിറവം-കോതംമംഗലം പള്ളിയിലെ സർക്കാർ നടപടിയെ ന്യായീകരിക്കാനും റഹിം ശ്രമിച്ചു. ഇത് ഏകമുദ്രവും ദ്വിമുഖവുമാണെന്നും സെൻകുമാർ ആവർത്തിച്ചു. ഇതിനിടെയിൽ ചർച്ച അവസാനിക്കുകയും ചെയ്തു.