തിരുവനന്തപുരം: കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിഐപി യാത്ര വിവാദത്തിലാണ്. ഗോ എയറിന്റെ ബെംഗളൂരു-തിരുവനന്തപുരം വിമാനം കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയത് വി.ഐ.പി.കൾക്കുവേണ്ടിയായിരുന്നു. ഈ വിഷയത്തിൽ സർക്കാരിനെ ട്രോളുകയാണ് കോൺഗ്രസിലെ യുവ എംഎൽഎ ശബരിനാഥ്. പണ്ട് രാജാക്കന്മാർ നായാട്ടിന്‌പോകുമ്പോൾ സർവ്വസന്നാഹവുമായി യാത്രചെയ്യാറുണ്ടെന്നു കേട്ടിട്ടുണ്ട്. ഇപ്പോൾ ഇടതുപക്ഷ രാജവാഴ്ചയായതുകൊണ്ടായിരിക്കും പ്രളയകാലത്ത് ഏമാന്മാരുടെ ഈ ധൂർത്ത്. വിപ്ലവാഭിവാദ്യങ്ങൾ-എന്നാണ് ശബരിനാഥ് കുറിക്കുന്നത്. ഈ ഫെയ്‌സ് ബുക്ക് പോസ്റ്റ് വൈറലാണ്. മുഖ്യമന്ത്രിയുടെ കുടുംബം ഉൾപ്പെടെയുള്ളവരുടെ വിമാന യാത്ര വിവാദം പ്രതിപക്ഷം ചർച്ചയാക്കുമെന്നും ഇതോടെ വ്യക്തമായി.

മുഖ്യമന്ത്രി പിണറായി വിജയനും കുടംബവും മന്ത്രിമാരായ ഇ.പി.ജയരാജനും കുടുംബവും കെ.കെ.ശൈലജയും കുടുംബവും മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.കൃഷ്ണൻകുട്ടി, എ.കെ.ശശീന്ദ്രൻ, സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ചീഫ് സെക്രട്ടറി ടോംജോസ്, ഡി.ജി.പി ലോകനാഥ് ബെഹ്റ, ട്രാൻസ്‌പോർട്ട് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ തുടങ്ങിയവരാണ് വിമാനത്തിൽ ഗ്രൂപ്പ് ടിക്കറ്റിൽ പോയത്. ഇതിൽ രാഷ്ട്രീയ വിവാദവും തുടങ്ങി. മുഖ്യമന്ത്രിയുടേ ഭാര്യയും മന്ത്രിമാരുടെ കുടുംബവുമെല്ലാം സർക്കാർ ഖജനാവിൽ നിന്ന് പണമെടുത്ത് യാത്ര നടത്തിയതാണ് വിവാദത്തിന് കാരണം. ഒഡേപെക്കാണ് ടിക്കറ്റ് റിസർവ് ചെയ്തത്. 63 പേർക്ക് 2.28 ലക്ഷം രൂപയാണ് മൊത്തം ടിക്കറ്റ് ചാർജായത്. ഡിസംബർ ഏഴിനാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവർ വിമാന ടിക്കറ്റെടുക്കുന്നത് മിക്കപ്പോഴും ഒഡേപെക്ക് മുഖേനയാണ്.

12.20-ന് കണ്ണൂരിലിറങ്ങിയ വിമാനം തിരുവനന്തപുരത്തേക്ക് തിരിച്ചത് മൂന്ന് മണിക്കാണ്. ഉദ്ഘാടനച്ചടങ്ങിനെത്തിയ മുഖ്യമന്ത്രിയടക്കമുള്ളവർക്കായി പ്രത്യേക സംവിധാനമൊരുക്കുകയായിരുന്നു. മന്ത്രിമാർ, അവരുടെ കുടുംബാംഗങ്ങൾ, ചീഫ് സെക്രട്ടറി, ഡി.ജി.പി. അടക്കമുള്ള ഉദ്യോഗസ്ഥർ, എംഎ‍ൽഎ.മാർ എന്നിവർക്കായി ഗ്രൂപ്പ് ടിക്കറ്റ് ബുക്ക് ചെയ്തതിനാലാണ് ഗോ എയർ കണ്ണൂരിലിറങ്ങിയത്. തിങ്കളാഴ്ച നിയമസഭാ സമ്മേളനം നടക്കുന്നത് കൂടി പരിഗണിച്ചായിരുന്നു ഇത്. മഹാപ്രളയം വന്ന് താറുമാറാക്കിയ കേരളത്തിന്റെ പുനഃസൃഷ്ടിക്കായി മുണ്ടുമുറുക്കിയുടുക്കാൻ മുഖ്യമന്ത്രി അടക്കമുള്ളവർ ആഹ്വാനം ചെയ്യുകയും, സാലറി ചലഞ്ചടക്കം പലവഴികളിലൂടെ ധനസമാഹരണത്തിന് പരിശ്രമം തുടരുകയുമാണ്.

4200 കോടി മാത്രമാണ് സർക്കാരിന്റെ കയ്യിലുള്ള ഫണ്ട്. ഇതുക്കൊണ്ടാണ് 40000 കോടിയുടെ നവകേരളം പദ്ധതി നടത്തുമെന്ന വാദം പ്രതിപക്ഷം ചോദ്യം ചെയ്യുന്നുമുണ്ട്. ഇതിനിടെയാണ് പുതിയ വിവാദമെത്തുന്നത്.

ശബരിനാഥിന്റെ പോസ്റ്റ് ഇങ്ങനെ

ഇന്ന് വൈകുന്നേരം കണ്ണൂർ എയർപോർട്ടിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഗോ എയർ ഫ്‌ളൈറ്റിൽ ഒറ്റ PNR നമ്പറിൽ ടിക്കറ്റെടുത്ത് സഞ്ചരിച്ചത് 63 യാത്രക്കാർ. ഇതിൽ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും കുടുംബവും മന്ത്രിമാരും പരിവാരങ്ങളും ഗൺമാന്മാരും സഖാക്കളും DYFI നേതാക്കളും ഉൾപ്പെടുന്നു. സംശയിക്കേണ്ട, ഈ ശുഭയാത്രയ്ക്ക് Rs 2,28,000 രൂപ ചിലവഴിച്ചത് ODEPC എന്ന തൊഴിൽ വകുപ്പിന് കീഴിലുള്ള സർക്കാർ സ്ഥാപനമാണ്. എന്നുമാത്രമല്ല, മുഖ്യമന്ത്രിയുൾപ്പെടെ യാത്രചെയ്തപ്പോൾ ബില്ലിൽ കൊടുത്തിട്ടുള്ള ODEPC അഡ്രസ് പോലും വ്യാജമാണ്.

പണ്ട് രാജാക്കന്മാർ നായാട്ടിന്‌പോകുമ്പോൾ സർവ്വസന്നാഹവുമായി യാത്രചെയ്യാറുണ്ടെന്നു കേട്ടിട്ടുണ്ട്. ഇപ്പോൾ ഇടതുപക്ഷ രാജവാഴ്ചയായതുകൊണ്ടായിരിക്കും പ്രളയകാലത്ത് ഏമാന്മാരുടെ ഈ ധൂർത്ത്.
വിപ്ലവാഭിവാദ്യങ്ങൾ.