ശബരിമല: കരുതൽ ശേഖരമില്ലാത്തതും ഉത്പാദനം പഴയനിലയിലാകാത്തതും മൂലം ഭക്തർക്ക് വിതരണം ചെയ്യുന്ന അരവണ മൂന്ന് ടിൻ ആയി വെട്ടിക്കുറച്ചു. ഇതോടെ ആവശ്യത്തിന് അരവണ കിട്ടാതെ തീർത്ഥാടകർ ഇന്നലെ വൈകിട്ട് 5.30 ന് മാളികപ്പുറത്തെ പ്രസാദ വിതരണകൗണ്ടറിനു മുന്നിൽ കുത്തിയിരുന്ന് ശരണംവിളിച്ച് പ്രതിഷേധിച്ചു.

ആവശ്യത്തിന് സ്‌റ്റോക്കില്ലാത്തതാണ് അരവണ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ കാരണം. ഇത് മൂന്നാം തവണയാണ് വാങ്ങാവുന്ന അരവണയുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത്. നേരത്തെ ഒരാൾക്കു നൽകുന്ന അരവണ കണ്ടെയ്‌നറുകളുടെ എണ്ണം അമ്പതും തുടർന്ന് മുപ്പതും ആക്കി നിജപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ മൂന്ന് കണ്ടെയ്‌നർ മാത്രമാണ് നൽകുന്നത്. ഇന്നലെ ഉച്ച മുതലാണു നിയന്ത്രണമേർപ്പെടുത്തിയത്. അന്യസംസ്ഥാനത്തുനിന്ന് എത്തിയ ഭക്തരാണ് പ്രസാദത്തിന്റെ ലഭ്യതക്കുറവുമൂലം വെട്ടിലായത്.

ഇന്നലെ സന്നിധാനത്ത് അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്കേറിയപ്പോൾ പ്രസാദവിൽപ്പനയും ഉയർന്നു. ഉത്പാദിപ്പിക്കപ്പെടുന്ന അരവണ കൂടുതൽ തണുക്കാതെയാണ് ഇപ്പോൾ ടിന്നിലാക്കുന്നത്. വാങ്ങുന്ന അരവണയ്ക്ക് ചിലപ്പോൾ പൊള്ളുന്ന ചൂട് ഉണ്ടാകാം. ഉണ്ടാക്കുന്ന പ്രസാദം ഉടൻ ടിന്നിലാക്കി വിപണനത്തിനെത്തിക്കുന്നതുകൊണ്ടാണ് കൗണ്ടറുകൾ അടയ്ക്കാതിരിക്കുന്നത്. അരവണയുടെ വിൽപനയിൽ 15 ശതമാനത്തിലധികം വർധനവ് ഉണ്ടാകുമ്പോഴാണ് ഉത്പാദനത്തിലെ ഇടിവും വിതരണത്തിലെ നിയന്ത്രണവും ഉണ്ടായിരിക്കുന്നത്. ഇത് ദേവസ്വം ബോർഡിന് വൻ നഷ്ടം വരുത്തുമെന്നുറപ്പാണ്.

പ്രസാദത്തിൽ ജലാംശം 10ശതമാനത്തിൽ താഴെ മാത്രമെ പാടുള്ളു എന്നനിർദ്ദേശത്തെതുടർന്നാണ് പ്രസാദത്തിന്റെ ഉത്പാദനം കുറഞ്ഞത്. തിരക്കേറിയ ഈ ദിവസങ്ങളിൽ പ്രതിദിനം ഒന്നര ലക്ഷത്തിൽപരം ടിൻ അരവണയാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. എങ്കിലും നിലവിലുള്ള സ്ഥിതി തരണം ചെയ്യാൻ ഇത് പര്യാപ്തമല്ല. രണ്ടര ലക്ഷം ടിൻ അരവണയാണ് പ്രതിദിനം വിൽക്കപ്പെടുന്നത്.ഇത് വരും ദിവസങ്ങളിൽ ഉയരാതിരിക്കാനാണ് പ്രസാദത്തിൽ റേഷനിങ് ഏർപ്പെടുത്തിയത്. അരവണ വാങ്ങാൻ വേണ്ടി സന്നിധാനത്ത് ഭക്തർ കൂടുതൽ സമയം ഇപ്പോൾ ചെലവഴിക്കുന്നു. ഇത് തിരക്ക് വർദ്ധിക്കുന്നതിനും കാരണമാകുന്നു.