ശബരിമല: ഇന്നലെ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. പുലർച്ചെ നടതുറന്നപ്പോൾ ദർശനത്തിനായുള്ള തീർത്ഥാടകരുടെ നീണ്ടനിര മരക്കൂട്ടംവരെ എത്തിയിരുന്നു. അഞ്ചുമണിക്കൂർ വരെ ക്യൂ നിന്നശേഷമാണു ഭക്തർക്ക് ദർശനത്തിന് അവസരം കിട്ടുന്നത്. വൈകിട്ട് നടതുറന്നപ്പോഴും ഇതേ സ്ഥിതി തന്നെയായിരുന്നു. ക്ഷേത്രവും പരിസരവും ഭക്തരെക്കൊണ്ട് നിറഞ്ഞ അവസ്ഥയാണ്. വിരിപ്പന്തൽ വിശ്രമപന്തലുകൾ, സോണർഹൗസുകൾ, പിൽഗ്രിം സെന്ററുകൾ എന്നിവിടങ്ങൾ തീർത്ഥാടകരെക്കൊണ്ട് നിറഞ്ഞു. കാത്തിരിപ്പിന്റെ കാഠിന്യത്തിൽ പല കന്നി അയ്യപ്പന്മാരും തളർന്നുവീണു.

കുടിവെള്ളം കിട്ടാതെയും ക്യൂവിൽ നിൽക്കുന്നവർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെയും ബുദ്ധിമുട്ടി.നെയ്യഭിഷേകത്തിനും നീണ്ട ക്യൂ ദൃശ്യമായിരുന്നു. പമ്പയിലെ പാർക്കിങ് ഗ്രീണ്ടുകളായ ത്രിവേണി, ഹിൽടൊപ്പ്, ചക്കുപാലം എന്നിവ വാഹനങ്ങൾകൊണ്ട് നിറഞ്ഞു. ചെറിയ വാഹനങ്ങൾപോലും നിലയ്ക്കലിലാണ് പാർക്കിംഗിനായി അയച്ചത്. സന്ധ്യയായപ്പോഴേക്കും പമ്പാ മണൽപ്പുറവും തീർത്ഥാടകരെകൊണ്ട് നിറഞ്ഞിരുന്നു. തീർത്ഥാടകർക്ക് സുഖദർശനം ഒരുക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരും ദേവസ്വംബോർഡും വിവിധ കർമ്മപദ്ധതികൾ നടപ്പിലാക്കി വരുന്നു. മണ്ഡല തീർത്ഥാടനകാലം അവസാനഘട്ടത്തിലേക്ക് കടക്കുന്നതോടെയാണ് ശബരിമലയിൽ തിരക്ക് നല്ലതോതിൽ വർദ്ധിച്ചത്.