തൃശ്ശൂർ: സിറോ മലബാർ സഭയുടെ സിനഡ് തീരുമാനപ്രകാരമുള്ള അൾത്താര അഭിമുഖ കുർബാനയ്‌ക്കെതിരേ തൃശ്ശൂരിലെ വൈദികക്കൂട്ടായ്മ അപ്പീൽ നൽകും. അതിനിടെ വിശുദ്ധ കുർബാനയുടെ ഏകീകൃത അർപ്പണ രീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണങ്ങൾ നടക്കുന്നതായി സിറോ മലബാർ സഭ മീഡിയ കമ്മിഷൻ അറിയിച്ചു.

ഏതായാലും കുർബാനയിൽ എതിർപ്പ് തുടരാനാണ് സഭയിലെ വടക്കൻ പക്ഷത്തിന്റെ നീക്കം. സഭയുടെ നൂൺഷ്യോക്കും പൗരസ്ത്യ തിരുസംഘത്തിനും മാർപാപ്പയ്ക്കുമാണ് അപ്പീൽ നൽകുകയെന്ന് വൈദികക്കൂട്ടായ്മയുടെ പ്രതിനിധികൾ അറിയിച്ചു. അൾത്താര അഭിമുഖ കുർബാനയ്‌ക്കെതിരേ സഭയിലെ 230 വൈദികർ ഒപ്പിട്ട നിവേദനം സിറോ മലബാർ മെത്രാന്മാരുടെ സിനഡിനും കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും തൃശ്ശൂർ മെത്രാപ്പൊലീത്ത മാർ ആൻഡ്രൂസ് താഴത്തിനും നൽകിയിരുന്നു.

തൃശ്ശൂർ മെത്രാപ്പൊലീത്തയുടെ ബിഷപ്പ് ഹൗസിൽ വൈദികക്കൂട്ടായ്മയുടെ പ്രതിനിധികൾ പ്രതിഷേധം അറിയിക്കാനെത്തിയിരുന്നു. അപ്പോഴാണ് അപ്പീൽ പോകുന്ന കാര്യം അറിയിച്ചത്. അഞ്ചുപതിറ്റാണ്ടുമുമ്പ് നിലനിന്നിരുന്ന ബലി അർപ്പണരീതിയാണ് സിനഡ് മാറ്റുന്നത്. ഇതിനായി വൈദികരുമായി കൂടിയാലോചിച്ചില്ല. മെത്രാന്മാർ മാത്രം ഉൾപ്പെടുന്നതല്ല കത്തോലിക്കാസഭ. അതിൽ അല്മായന്മാർ വരെയുണ്ട്. വിശുദ്ധകുർബാനയെപ്പറ്റി ചർച്ചചെയ്യാതെ ദിവ്യബലിയിൽ മാറ്റം വരുത്തരുത്. ആരോടും കൂടിയാലോചിക്കാതെ ഒരു സുപ്രഭാതത്തിൽ പറയുകയാണുണ്ടായത്. ഓരോ കാര്യവും അടിച്ചേൽപ്പിക്കുമ്പോൾ പ്രതിഷേധമുണ്ടാകുന്നത് സാധാരണമാണെന്നും വടക്കൻ പക്ഷം പറയുന്നു.

സിനഡിലുള്ള പിതാക്കന്മാരുടെ അഭിപ്രായം വ്യക്തിപരമായിരിക്കരുത്. അത് രൂപതയുടെ അഭിപ്രായമായിരിക്കണം. അല്ലെങ്കിൽ സിനിഡാലിറ്റി നഷ്ടപ്പെടും. വ്യവസ്ഥാപിതമാർഗത്തിലൂടെയല്ല പുതിയ തീരുമാനങ്ങളെടുത്തത്. അതിനാലാണ് ഇതിനെതിരേ അപ്പീൽ പോകുന്നതെന്നും വൈദികക്കൂട്ടായ്മാ പ്രതിനിധികൾ അറിയിച്ചു. കർദിനാൾ മാർ ആലഞ്ചേരി തെക്ക് നിന്നുള്ള വൈദികനാണ്. ആലഞ്ചേരി തെക്കുള്ള കുർബാന ക്രമം അടിച്ചേൽപ്പുന്നുവെന്നാണ് എറണാകുളത്തേയും തൃശൂരിലേക്കും പ്രതിഷേധക്കാരുടെ നിലപാട്. ഇതാണ് അപ്പീലിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച കുർബാന മാറ്റത്തിൽ പല പള്ളികളിലും സംഘർഷം ഉണ്ടായിരുന്നു.

ഓഗസ്റ്റിൽ നടന്ന മെത്രാൻ സിനഡാണ് വി. കുർബാനയർപ്പണത്തിന്റെ ഏകീകൃത രീതി നടപ്പിലാക്കാൻ തീരുമാനിച്ചത്. പിന്നീട് ഇത് മാർപ്പാപ്പയും അംഗീകരിച്ചു. ഇതുമായി ബന്ധപ്പെടുത്തി മദ്ബഹ വിരി, മാർതോമാ സ്ലീവ, ക്രൂശിത രൂപം എന്നിവ നിർബന്ധമായി എല്ലാ രൂപതകളിലും ഉണ്ടായിരിക്കണമെന്ന് തീരുമാനിച്ചതായി ചിലർ തെറ്റിദ്ധാരണ പരത്തുന്നുണ്ടെന്ന് സിറോ മലബാർ സഭ മീഡിയ കമ്മിഷൻ പറയുന്നു.

ഓരോ രൂപതയിലും രൂപതാദ്ധ്യക്ഷന്റെ തീരുമാനപ്രകാരം ഇപ്പോൾ നിലവിലിരിക്കുന്ന രീതി ഇക്കാര്യങ്ങളിൽ തുടരാം. കുർബാനയർപ്പണത്തിന്റെ പുതിയ രീതി നടപ്പിലാക്കുന്നതോടെ ദൈവാലയങ്ങളുടെ ഘടനയിൽ മാറ്റം വരുത്തി സക്രാരി മാറ്റി സ്ഥാപിക്കണമെന്ന് തീരുമാനിച്ചതായുള്ള പ്രചാരണവും വാസ്തവ വിരുദ്ധമാണ്. പരിശുദ്ധ കുർബാനയുടെ ആരാധന, കുരിശിന്റെ വഴി, ജപമാല, നൊവേനകൾ, വലിയ ആഴ്ചയിലെ കർമങ്ങൾ, വിശുദ്ധരുടെ രൂപങ്ങളുടെ ഉപയോഗം എന്നിവ നിർത്തലാക്കുമെന്നുള്ള പ്രചാരണങ്ങളും ശരിയല്ലെന്ന് കമ്മിഷൻ അറിയിച്ചു.