മുളന്തുരുത്തി: നഷ്ടമായ പള്ളികളിലേക്ക് ആരാധനയ്ക്കായി തിരികെ കയറാനെത്തിയ യാക്കോബായ സഭാ വിശ്വാസികളെ പൊലീസ് തടഞ്ഞു. മുളന്തുരുത്തി പള്ളിയിലും കായംകുളം കട്ടച്ചിറ സെന്റ്‌മേരീസ് പള്ളിയിലും എത്തിയ യാക്കോബായ വിശ്വാസികളെ പൊലീസ് തടഞ്ഞു. പ്രതിഷേധിക്കാനാണ് യാക്കോബായ സഭ തീരുമാനമെങ്കിൽ നിയമവഴി സ്വീകരിക്കുമെന്ന് ഓർത്തഡോക്‌സ് സഭ അറിയിച്ചു.

മുളന്തുരുത്തി പള്ളിക്ക് തൊട്ടടുത്തുള്ള പള്ളിയിൽ പ്രാർത്ഥന നടത്തിയ ശേഷമാണ് യാക്കോബായ വിശ്വാസികൾ മുളന്തുരുത്തി പള്ളിയിലേക്കെത്തിയത്. യാക്കോബായ സഭയുടെ മെത്രാപൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയസ് മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിൽ വിശ്വാസികൾ പള്ളിക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പള്ളിക്ക് മുന്നിൽ പ്രാർത്ഥന നടത്തി. പള്ളിക്കകത്തേക്ക് കയറാനുള്ള ശ്രമം പൊലീസ് തടഞ്ഞു. പള്ളിയുടെ പ്രധാനവാതിലിന് മുന്നിൽ തന്നെ നിലയുറപ്പിച്ച പൊലീസ് വിശ്വാസികളെ അകത്ത് കയറ്റാനാവില്ലെന്ന് വ്യക്തമാക്കി.

സുപ്രീംകോടതി വിധിയെ തുടർന്നാണ് മുളന്തുരുത്തി പള്ളി യാക്കോബായ വിഭാഗത്തിന് നഷ്ടമാകുന്നത്. തുടർന്ന് ജില്ലാ കളക്ടർ ഏറ്റെടുത്ത് പള്ളി ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറി. യാക്കോബായ സഭയുടെ നിലപാട് കോടതിവിധിയുടെ ലംഘനമാണെന്നും കോടതി വിധി പ്രകാരമാണ് യാക്കോബായ വിഭാഗത്തിൽ നിന്ന് പള്ളി ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് നൽകിയിരിക്കുന്നത് എന്നാണ് പൊലീസിന്റെ വിശദീകരണം. അതുകൊണ്ടുതന്ന് പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

കായംകുളം കട്ടച്ചിറ പള്ളിയിലും യാക്കോബായ വിശ്വാസികളെ പൊലീസ് തടഞ്ഞു. വിശ്വാസികൾക്ക് പള്ളിയിൽ പ്രവേശിക്കുന്നതിന് തങ്ങൾ തടസ്സമല്ലെന്നാണ് ഓർത്തഡോക്സ് സഭ പ്രതികരിച്ചത്. എന്നാൽ വിശ്വാസികൾക്കൊപ്പം പുരോഹിതന്മാർ പള്ളിയിലെത്തി പ്രാർത്ഥന നടത്താൻ ശ്രമിച്ചാൽ അത് അനുവദിക്കാനാവില്ലെന്നാണ് നിലപാട്.