സഭയിൽ പ്രതിപക്ഷ ബഹളം തുടരവേ സഭാ ടിവിയിലെ ക്യാമറയിൽ തിരിഞ്ഞത് മുഖ്യമന്ത്രിയുടെ നേർക്ക്; പശ്ചാത്തലത്തിൽ പ്രതിപക്ഷ എംഎൽഎമാരുടെ മുദ്രാവാക്യം വിളിയും; സെൻസറിംഗിന് സമാനമായ നിയന്ത്രണം സഭയിൽ; മാധ്യമങ്ങൾക്ക് ലഭിച്ചത് തെരഞ്ഞെടുത്ത ഏതാനും ദൃശ്യങ്ങൾ മാത്രം; സഭയിൽ മാധ്യമങ്ങൾക്ക് വിലക്കില്ലെന്ന് സ്പീക്കറും
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: നിയമസഭയിലെ ഇന്നത്തെ കാഴ്ച്ചകൾ തീർത്തും മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന കാര്യങ്ങളായിരുന്നു. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണവും സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലും അടക്കമുള്ള വിവാദങ്ങൾ പ്രതിപക്ഷം ആളിക്കത്തിക്കാൻ വേണ്ടി സഭയിൽ ശ്രമിക്കുമ്പോഴാണ് സഭയിൽ മീഡിയാ സെൻസറിംഗിന് സമാനമായ കാര്യങ്ങൾ ഉണ്ടായിരിക്കുന്നത്. നിയമസഭയിലെ ദൃശ്യങ്ങളൊന്നും സഭാ ടി.വിയിൽ ലഭ്യമാക്കാതിരിക്കുകയായിരുന്നു സർക്കാർ. നിയമസഭയിലെ പ്രതിപക്ഷത്തിന്റെ പ്രതിഷേധ ദൃശ്യങ്ങളൊന്നും മാധ്യമങ്ങൾക്ക് ലഭിക്കാത്ത അവസ്ഥയാണ്. സഭയിൽ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി ബഹളം വെക്കുന്ന വേളയിൽ സഭാ ടിവിയിൽ കാണിച്ചത് മുഖ്യമന്ത്രിയുടെ ദൃശ്യങ്ങളായിരുന്നു.
ലൈവ് ദൃശ്യങ്ങൾ കൊടുക്കാതെ പഴയ ദൃശ്യങ്ങൾ മാത്രമാണ് സഭാ ടിവി വഴി മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും ലഭ്യമാകുന്നത്. ഇത് സാങ്കേതിക തകരാറാണോ ബോധപൂർവമാണോ എന്നത് വ്യക്തമല്ല. സെൻസറിംഗിന് സമാനമായ നിയന്ത്രണമാണ് സഭയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുത്ത ഏതാനും ദൃശ്യങ്ങൾ മാത്രമാണ് മാധ്യമങ്ങൾക്ക് ലഭിച്ചത്.
നിയമസഭയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. മാധ്യമങ്ങളുടെ പ്രവേശനം മീഡിയാ റൂമിൽ മാത്രമാണ്. മന്ത്രിമാരുടെ ഓഫീസിലും പ്രതിപക്ഷ നേതാവിന്റെ ഓഫീസിലും ഉൾപ്പടെ മാധ്യമപ്രവർത്തകരെ വിലക്കിയിരിക്കുകയാണ്. എന്നാൽ നിയമസഭയിൽ മാധ്യമങ്ങളെ വിലക്കിയിട്ടില്ലെന്നാണ് സ്പീക്കറുടെ ഓഫിസ് അറിയിച്ചിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ തെറ്റിദ്ധാരണയാണെന്നാണ് വിശദീകരണം. പ്രതിപക്ഷ നേതാവിന്റെയോ മന്ത്രിമാരുടേയോ ഓഫിസിലേക്ക് പോകാൻ തടസമില്ലെന്നും സ്പീക്കർ അറിയിച്ചു.
ഇന്ന് യുഡിഎഫിന്റെ യുവ എംഎൽഎമാർ നിയമസഭയിലെത്തിയത് കറുപ്പണിഞ്ഞാണ്. കറുത്ത ഷർട്ടും മാസ്കും ധരിച്ചാണ് ഷാഫി പറമ്പിൽ ഉൾപ്പടെയുള്ള യുവ എംഎൽഎമാർ എത്തിയത്. മുഖ്യമന്ത്രിക്കെതിരായ സ്വർണക്കടത്ത് ആരോപണങ്ങൾ മുതൽ എസ്എഫ്ഐ ആക്രമണം വരെയുള്ള നിരവധി വിഷയങ്ങൾ പ്രതിപക്ഷം ഉന്നയിക്കാനിരിക്കേയാണ് സഭാ നടപടികൾ നിർത്തിയത്.
രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവം അടിയന്തര പ്രമേയമായി ശൂന്യവേളയിൽ ഉന്നയിക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ നീക്കം. കൽപ്പറ്റ എംഎൽഎ ടി. സിദ്ധിഖാക്കാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകാനിരുന്നത്. ചോദ്യോത്തര വേളയ്ക്കിടെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചതോടെയാണ് സഭ നിർത്തിവെച്ചത്. രാവിലെ സഭയിലെത്തിയ മാധ്യമങ്ങൾക്ക് വലിയ തോതിലുള്ള വിലക്കാണ് ഉണ്ടായിരുന്നത്.
പ്രതിപക്ഷ നേതാവിന്റെ ഓഫിസിലേക്കോ മന്ത്രിമാരുടെ ഓഫിസിലേക്കോ പോകാൻ അനുമതി നിഷേധിച്ചു. ചാനലുകൾക്ക് സ്വന്തം നിലയിൽ പ്രസ് ഗ്യാലറിയിൽ നിന്ന് ദൃശ്യങ്ങളെടുക്കാനുള്ള അനുമതിയും നിഷേധിച്ചു. പി ആർ ഡി ഔട്ട് മാത്രം നൽകി. എന്നാൽ സഭയ്ക്കുള്ളിലെ പ്രതിപക്ഷ പ്രതിഷേധ ദൃശ്യങ്ങൾ പി ആർ ഡി നൽകിയില്ല. ഭരണപക്ഷത്തെ ദൃശ്യങ്ങൾ മാത്രമാണ് പി ആർ ഡി നൽകിയത്.
പ്രതിഷേധിച്ച പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങുന്ന സാഹചര്യത്തിൽ പ്രതിരോധവുമായി ഭരണപക്ഷ അംഗങ്ങളും സീറ്റിൽ നിന്നെഴുന്നേറ്റു.ഈ സമയത്ത് പി ആർ ഡി ക്യാമറയിൽ പ്രതിപക്ഷ പ്രതിഷേധം കാണാനായത്. നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധ ദൃശങ്ങൾ ഒഴിവാക്കി ഭരണപക്ഷത്തിന്റെ മാത്രം ദൃശ്യങ്ങൾ നൽകിയ പി ആർ ഡി നടപടിയിൽ വ്യാപക പരാതി ഉയർന്നതോടെയാണ് അന്വേഷിക്കുമെന്ന് സ്പീക്കർ വ്യക്തമാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ