- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിറ്റക്സിന് എതിരായ നോട്ടിസ് തൊഴിൽ വകുപ്പ് പിൻവലിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കും; കോടതി അലക്ഷ്യത്തിന് ഹൈക്കോടതിയിൽ ഹർജി നൽകും; നോട്ടിസ് നൽകിയത് പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ച നടത്തുമെന്നു വ്യവസായ മന്ത്രി പ്രഖ്യാപിച്ചതിന് ശേഷമെന്നും സാബു ജേക്കബ്
കൊച്ചി: കിറ്റക്സിന് തൊഴിൽ വകുപ്പു നൽകിയ നോട്ടിസ് പിൻവലിച്ചില്ലെങ്കിൽ കോടതിയലക്ഷ്യത്തിന് ഹൈക്കോടതിയിൽ ഹർജി നൽകുമെന്ന് കിറ്റെക്സ് ചെയർമാൻ സാബു ജേക്കബ്. കമ്പനിയെയും മാനേജ്മെന്റിനെയും അപകീർത്തിപ്പെടുത്താൻ നടത്തിയ പരിശോധന ന്യായീകരിക്കാനാണ് നിയമസാധുതയില്ലാത്ത നോട്ടിസുകൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
തൊഴിൽ വകുപ്പു നൽകിയ നോട്ടിസ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവു നടപ്പാക്കിയില്ലെന്നും സാബു ജേക്കബ് ആരോപിച്ചു. നോട്ടിസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥർക്കു വക്കീൽ നോട്ടിസ് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കമ്പനിയിൽ നടത്തിയ പരിശോധനകളുടെ റിപ്പോർട്ട് എന്ന പേരിൽ അടുത്ത ദിവസം പാർട്ടി പത്രത്തിൽ മാത്രം ക്രമക്കേടുകൾ വിശദീകരിച്ച് വാർത്ത വന്നിരുന്നു. കിറ്റെക്സിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ച നടത്തുമെന്നു വ്യവസായ മന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തൊഴിൽ വകുപ്പു നോട്ടിസ് നൽകിയതെന്നും സാബു ജേക്കബ് പറഞ്ഞു.
2010 ലാണ് സംസ്ഥാനത്ത് വസ്ത്ര നിർമ്മാണ മേഖലയിൽ വേജ് ബോർഡ് ശുപാർശകൾ നടപ്പാക്കി തുടങ്ങിയത്. സംസ്ഥാന തൊഴിൽ വകുപ്പിന്റെ 132/2010 നമ്പർ ഉത്തരവ് പ്രകാരമുള്ള വേജ് ബോർഡ് ശുപാർശകളാണ് നിലവിൽ കമ്പനികൾ നൽകുന്നത്. ഇതുപ്രകാരം ഒരു എ ഗ്രേഡ് ടെയ്ലർക്ക് കൊടുക്കേണ്ട മാസശമ്പളം 9,240 രൂപയാണ്, എന്നാൽ കിറ്റെക്സ് 16,250 രൂപ ശമ്പളവും സൗജന്യമായി നാലു നേരം പരിധിയില്ലാതെ നോൺവെജ് ഭക്ഷണവും താമസവും നൽകുന്നു.
തൊഴിൽ വകുപ്പു കഴിഞ്ഞ ദിവസം നൽകിയ നോട്ടിസിൽ 2019 ലെ പുതുക്കിയ കൂലി നടപ്പാക്കുന്നില്ലെന്നാണ് ആരോപിക്കുന്നത്. ഹൈക്കോടതി ഇത് 2021 മാർച്ച് 26ന് ഇതു സ്റ്റേ ചെയ്തിട്ടുണ്ട്. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ 2019 ലെ ശുപാർശ നടപ്പാക്കേണ്ടതില്ലെന്നാണ് ഇടക്കാല ഉത്തരവ്.
അസെൻഡ് നിക്ഷേപക സംഗമത്തിൽ കമ്പനി ഒപ്പുവച്ച 3,500 കോടി രൂപയുടെ പദ്ധതിയിൽ നിന്നു പിന്മാറുന്നു എന്നു പ്രഖ്യാപിച്ച ശേഷമാണ് തൊഴിൽ വകുപ്പു നോട്ടിസ് നൽകുന്നത്. ഒരു മാസത്തിനിടെ വിവിധ വകുപ്പുകളുടേതായി 11 പരിശോധനയാണു നടന്നത്. ഇതേത്തുടർന്നായിരുന്നു സംസ്ഥാനത്ത് വ്യവസായം വിപുലപ്പെടുത്താനുള്ള തീരുമാനത്തിൽ നിന്നു പിന്മാറുന്നത്.
ഇതു സംബന്ധിച്ച വാർത്തകൾക്കു പിന്നാലെ പരിശോധനകൾ ഹൈക്കോടതി നിർദ്ദേശാനുസരണമാണെന്നും പരിശോധനയ്ക്കെത്തിയ ഒരു സബ് ജഡ്ജി തന്നെ വിളിച്ചിരുന്നുവെന്നും സ്ഥലം എംഎൽഎ പി.വി. ശ്രീനിജിൻ വെളിപ്പെടുത്തിയിരുന്നു. ഹൈക്കോടതിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയെങ്കിൽ അക്കാര്യം സ്ഥലം എംഎൽഎ മാത്രം എങ്ങനെ അറിഞ്ഞെന്നും സബ് ജഡ്ജി എന്തിന് എംഎൽഎയെ വിളിച്ചു എന്നും സാബു ചോദിച്ചു.
രാഷ്ട്രീയക്കാർ തന്നെയും തന്റെ സ്ഥാപനങ്ങളെയും ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണെന്ന സാബു ജേക്കബ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. തന്നിലെ രാഷ്ട്രീയക്കാരനെ രാഷ്ട്രീയമായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു.
3,500 കോടി രൂപയുടെ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള നീക്കത്തിൽ നിന്ന് ഇനിയൊരു ആലോചനയില്ല . ഇപ്പോൾ നടക്കുന്ന പരിശോധനകൾക്ക് പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ട് .അതു കൊണ്ടുതന്നെ ആരോടും പരാതി പറഞ്ഞിട്ട് കാര്യമില്ല. മുഖ്യമന്ത്രിയോടടക്കം പരാതി പറയാത്തതും അതാണ്. സ്ഥലത്തെ എം എൽ എ യടക്കം കമ്പനിക്കെതിരെ നീങ്ങുന്നുണ്ട്. ഇതൊന്നും നല്ല പ്രവണതയല്ല. തനിക്ക് ഇതാണ് അനുഭവമെങ്കിൽ കുറഞ്ഞ മുതൽ മുടക്കുള്ള സംരംഭകന്റെ സ്ഥിതി എന്താകുമെന്നും അദ്ദേഹം ചോദിച്ചു. കമ്പനിയിൽ നടക്കുന്ന പരിശോധനകൾ സംബന്ധിച്ച് ഇത് വരെ ആരും ഒരു വിശദീകരണം നൽകിയട്ടില്ലെന്നും സാബു ജേക്കബ് പറഞ്ഞിരുന്നു.
നിരന്തരമായി പരിശോധനകൾ നടത്തി തന്നെ മാനസികമായി പീഡിപ്പിക്കുകയാണ് . മറ്റെവിടെയും ഇതുപോലെ വകുപ്പുകളുടെ നേതൃത്വത്തിൽ പരിശോധനകൾ നടക്കുന്നില്ല . തന്റെ സ്ഥാപനത്തിൽ എന്തൊക്കെയോ കുഴപ്പമുണ്ട് എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത് . ഇതുവരെയും ഒരു നിയമലംഘനവും ഇവിടെ കണ്ടെത്തിയിട്ടില്ല. ഇവിടെ പണം മുടക്കുന്നതിന് ഇനി ആരും സുരക്ഷിതത്വം നൽകില്ല.
ഇടതു വലതു പക്ഷങ്ങൾ തന്നെ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ വേട്ടയാടുന്ന സ്ഥിതിയാണുള്ളത്. ഒരു വ്യവസായിയുടെ രാഷ്ട്രീയവും മതവും നോക്കേണ്ടതില്ല . ഒരേ നീതി ആയിരിക്കണം ഭരണാധികാരികൾ നൽകേണ്ടത്. ഇങ്ങനെയൊരു നിലപാട് എടുത്താൽ മാത്രമേ സംസ്ഥാനത്ത് വികസനം പ്രാവർത്തികമാകുകയുള്ളൂ. മറ്റൊരു സംസ്ഥാനത്തും ഇതേ പോലൊരു അവസ്ഥ നിലനിൽക്കുന്നില്ല.
താൻ ഒരു രാഷ്ട്രീയ പാർട്ടിക്ക് നേതൃത്വം കൊടുത്തത് തെറ്റാണെങ്കിൽ അത് വ്യക്തമായി പറയണം. ഒരു വ്യവസായിക്ക് രാഷ്ട്രീയം തെരഞ്ഞെടുക്കാനും മതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട് തന്റെ രാഷ്ട്രീയത്തെ ഇതുപോലുള്ള പരിശോധനകൾ നടത്തി തോൽപ്പിക്കാനാവില്ല . ഒരു വ്യവസായിക്ക് സർക്കാർ നൽകേണ്ടത് മനസ്സമാധാനം ആണ് അത് നൽകാൻ കഴിഞ്ഞില്ലെങ്കിൽ ഇതിൽ ആരും ഇവിടം വിട്ടു പോകും. രാജ്യത്ത് സംസ്ഥാനത്തിന്റെ വികസന റാങ്കിങ് ഇരുപത്തിയെട്ടാണ്. ഈ സാഹചര്യങ്ങൾ മാറ്റാനുള്ള മുന്നൊരുക്കങ്ങളാണ് സർക്കാർ നടത്തേണ്ടതെന്നും സാബു ജേക്കബ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ