തിരുവനന്തപുരം: പ്രായോഗിക രാഷ്ട്രീയത്തിൽ യാതൊരുവിധ പ്രത്യയശാസ്ത്രമോ, നിലപാടോ ഇല്ലാത്ത ആപ്പിന്റെയും, ട്വന്റി ട്വന്റിയുടെയും പിന്തുണ തേടി അലയുകയാണ് സിപിഎം നേതൃത്വം നൽകുന്ന ഇടതുമുന്നണി. ആംആദ്മിയുടെ ദയാദാക്ഷണ്യത്തിനായി കാത്തുകിടക്കുകയാണ് സംസ്ഥാന സിപിഎം നേതൃത്വം. ആംആദ്മി-ട്വന്റി ട്വന്റി നേതൃത്വം നൽകുന്ന ജനക്ഷേമ സഖ്യം തൃക്കാക്കരയിൽ സ്ഥാനാർത്ഥിയെ നിർത്തുന്നില്ലെന്ന് തീരുമാനിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി മുതൽ ബ്രാഞ്ച് സെക്രട്ടറി വരെ ഈ പാർട്ടികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നത്.

ജനക്ഷേമ സഖ്യം മുന്നോട്ട് വെക്കുന്നത് ഇടതു നിലപാടാണെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ് പ്രസ്താവിച്ചത്. ട്വന്റി ട്വന്റി നേതാവും, കിറ്റക്‌സ് വ്യവസായ സാമ്രാജ്യത്തിന്റെ ഉടമയുമായ സാബു എം.ജേക്കബ് ഒരു പിന്തിരിപ്പൻ മുതലാളിയാണെന്നായിരുന്നു ഇക്കാലമത്രെയും സിപിഎമ്മുകാർ പറഞ്ഞുപ്രചരിപ്പിച്ചിരുന്നത്. തൃക്കാക്കരയിൽ സാബു സ്ഥാനാർത്ഥിയെ നിർത്തുന്നില്ലെന്ന് അറിഞ്ഞതോടെ മുതലാളിയെക്കുറിച്ചുള്ള വാഴ്‌ത്തുപാട്ടുകൾ എല്ലാ കോണിൽ നിന്നും സിപിഎം ആരംഭിച്ചുകഴിഞ്ഞു. ഏത് വിധേയനേയും കോൺഗ്രസിനെ തോൽപ്പിക്കുകയെന്നല്ലാതെ മറ്റ് പ്രത്യയ ശാസ്ത്ര നിലപാടുകളൊന്നും സിപിഎമ്മിനില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ട്വന്റിട്വന്റിക്ക് 13,000 വോട്ട് മാത്രമാണ് ലഭിച്ചത്.

എറണാകുളത്ത് കിഴക്കമ്പലം പഞ്ചായത്തിൽ കിറ്റക്‌സ് കമ്പനിയുമായി ബന്ധപ്പെട്ട് തൊഴിൽ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധനയുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് സർക്കാറുമായി ട്വന്റിട്വന്റി ചെയർമാൻ സാബുജേക്കബ് ഇടഞ്ഞിരുന്നു. സംസ്ഥാനത്തുനിന്ന് വ്യവസായം ഇതരസംസ്ഥാനത്തേക്ക് മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയ സാബു, സിപിഎമ്മിനും സർക്കാറിനുമെതിരെ രൂക്ഷവിമർശനമാണ് ചൊരിഞ്ഞത്. അതെല്ലാം മറന്നാണ് സിപിഎം നേതാക്കൾ സാബു ജേക്കബിന് മുന്നിൽ വോട്ടിനായി പ്രശംസാ വാചകവുമായി അണിനിരന്നത്.

തന്റെ ഫാക്ടറിയിൽ നടത്തിയ പരിശോധനകൾ തള്ളിപ്പറയാൻ സാബുജേക്കബ് ആവശ്യപ്പെടുമ്പോഴും സിപിഎം നേതൃത്വം മൗനം അവലംബിക്കുകയാണ്. നിയമപരമായ നടപടികളെ 'അട്ടിമറിക്കണമെന്ന' വ്യവസായിയുടെ താൽപര്യത്തെ സർക്കാറിന് തള്ളിപ്പറയാൻ കഴിയാത്തത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ചങ്ങാത്ത മുതലാളിത്തവുമായുള്ള സഖ്യമാണെന്നും ഇടതുപക്ഷത്തിനുള്ളിൽതന്നെ വിമർശനമുണ്ട്.

പ്രകടമായ ഹിന്ദുത്വ നിലപാട് കൈക്കൊള്ളുന്ന ആം ആദ്മിയോടുള്ള, ഉപതെരഞ്ഞെടുപ്പ് കാലത്തെ സിപിഎമ്മിന്റെ മൃദുസമീപനവും വിമർശനം ക്ഷണിച്ച് വരുത്തുകയാണ്. ഡൽഹി സംസ്ഥാനഭരണം ലഭിച്ചശേഷം മുസ്ലിംകൾക്ക് എതിരായ ഹിന്ദുത്വ വർഗീയതയുടെ ആക്രമണത്തിന്, ആം ആദ്മി മൗനത്തിലൂടെ പച്ചയായ പിന്തുണയാണ് നൽകിയത്. ഈ പ്രത്യയശാസ്ത്ര വിയോജിപ്പുപോലും മറന്നാണ് തൃക്കാക്കരയിൽ സിപിഎം ആപിന് സ്തുതി പാടുന്നത്. ആപിന്റെ സംസ്ഥാന നേതൃത്വത്തിലുള്ള പി.സി സിറിയകിനെതിരെ വി4 കൊച്ചിൻ ഭൂമികൈയേറ്റ ആരോപണം ഉന്നയിച്ചിട്ടും ഇടതുനേതൃത്വം മിണ്ടാതിരിക്കുകയാണ്.

ട്വന്റി ട്വന്റി പാർട്ടിയും ആംആദ്മിയും ബൂർഷ്വാസിയുടെ രണ്ടാം മുഖമാണെന്ന് കേന്ദ്രകമ്മിറ്റി അംഗവും മന്ത്രിയുമായ എം.വി ഗോവിന്ദൻ മാസ്റ്റർ തുടക്കത്തിൽ ആക്ഷേപം ഉന്നയിച്ചെങ്കിലും പിന്നീട് ഏതാണ്ട് വിഴുങ്ങിയ മട്ടിലാണ്. നേതാക്കളുടെ പ്രസം?ഗങ്ങളിലോ വാക്കുകളിലോ ട്വന്റി ട്വന്റിയെയും സാബു എം. ജേക്കബിനെയും നോവിക്കാതിരിക്കാൻ സിപിഎം നേതൃത്വം സദാശ്രദ്ധാലുക്കളായിരുന്നു. കിറ്റക്‌സ് നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചും, സർക്കാർ അന്വേഷണങ്ങളെക്കുറിച്ചും ഇതുവരെയും റിപ്പോർട്ടുകൾ പുറത്തുവിടാത്തത് ട്വന്റി ട്വന്റിയെ പ്രീണിപ്പിക്കാനാണെന്നാണ് ആക്ഷേപം.