- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഞ്ചു പഞ്ചായത്തിൽ ശക്തമായ സാന്നിധ്യം; സ്വാധീന മേഖലകൾ പലതുണ്ട്; പരിമിതികൾക്കുള്ളിൽ നിന്നു പലതും ചെയ്യാനാകും; നിയമസഭാ മത്സരം ലക്ഷ്യമേ ആയിരുന്നില്ല; പക്ഷെ കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾ അതിനൊരു നിമിത്തമാകുകയാണ്; ട്വന്റി ട്വിന്റിയുടേത് ജനത്തിന്റേയും ജനാധിപത്യത്തിന്റേയും വിജയം; മുന്നണികളെ ഞെട്ടിച്ച കിറ്റക്സ് കൂട്ടായ്മയുടെ സാരഥി സാബു എം ജേക്കബ് മറുനാടനോട്
കൊച്ചി: തിരഞ്ഞെടുപ്പ് വിജയ പ്രഖ്യാപനം വന്ന ശേഷം ഏറ്റവും വേഗത്തിൽ തന്നെ മാധ്യമങ്ങളെ കാണുകയാണ് കേരളം മുഴുവൻ ഉറ്റുനോക്കിയ ട്വന്റി 20 കൂട്ടായ്മയുടെ വിജയ ശില്പിയായ സാബു എം ജേക്കബ് . അങ്ങനെ ചെയ്യാൻ അദ്ദേഹത്തിന് തക്കതായ കാരണവും ഉണ്ടായിരുന്നു . ഒരു പക്ഷെ വിജയിച്ച രാഷ്ട്രീയ മുന്നണിയെക്കാളും തോറ്റവരേക്കാളും ജനം ആകാംഷയോടെ കേൾക്കാൻ കാത്തിരുന്നതും ട്വന്റി 20 നേതാക്കളുടെ വാക്കുകൾ തന്നെ ആയിരുന്നിരിക്കണം .
കാരണം മൂന്നു മുന്നണിയോടും പൊരുതി അവർ നേടിയ വജ്രത്തിളക്കമുള്ള വിജയം സംസ്ഥാന രാഷ്ട്രീയത്തെ തന്നെ അമ്പരപ്പിക്കുകയാണ് . അരാഷ്ട്രീയ സംവിധാനം എന്ന് രാഷ്ട്രീയക്കാർ ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുകയും അന്നാട്ടുകാർ നെഞ്ചേറ്റി ലാളിക്കുകയും ചെയ്ത പ്രാദേശിക രാഷ്ട്രീയ മുന്നേറ്റമായി മാറിയിരിക്കുകയാണ് ട്വന്റി 20 . ഈ സാഹചര്യത്തിൽ നിയമസഭയിലേക്ക് മത്സരിക്കും എന്ന് വെളിപ്പെടുത്തിയ ട്വന്റി 20 സാരഥി വിജയപ്രഖ്യാപന ശേഷം ആദ്യമായി നൽകിയ അഭിമുഖമാണ് ഇന്ന് മറുനാടൻ പ്രസിദ്ധീകരിക്കുന്നത് .
പതം വന്ന ഒരു രാഷ്ട്രീയ നേതാവിനേക്കാൾ ഇരുത്തം വന്ന ശൈലിയിലാണ് സാബു എം ജേക്കബ് മറുനാടനോട് സംസാരിച്ചത് . വെറും ഒരാവേശത്തിൽ എടുത്തു ചാടിയുള്ള പ്രവർത്തനമല്ല ട്വന്റി 20 മറിച്ചു ഓരോ രംഗത്തും കൃത്യമായ വീക്ഷണത്തോടെ തന്നെ , ആസൂത്രണത്തോടെ തന്നെ നീങ്ങുന്ന ഒരു ടീമായി തന്നെ മാറിയിരിക്കുകയാണ് ഈ പുത്തൻ രാഷ്ട്രീയ പരീക്ഷണം .
അതിനാൽ കിഴക്കമ്പലവും ചുറ്റുപാടും ഉള്ള പ്രദേശങ്ങളും മാത്രമല്ല , കേരളത്തിന്റെ ജന്മനസ് തന്നെയാണ് ട്വന്റി 20 തങ്ങളുടെ നാട്ടിലും എത്തണമെന്ന് ആഗ്രഹിക്കുന്നത് . എന്നാൽ ഓരോ പ്രദേശത്തും ആവശ്യക്കാരായ ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങി ഈ ആശയം ഏറ്റെടുക്കണം എന്നതാണ് ട്വന്റി 20 യുടെ പൊതുനയം .
വിജയം ഒപ്പം നിൽക്കുമ്പോഴും നിങ്ങളുടെ പ്രസ്ഥാനം മറ്റുള്ളവരിൽ നിന്നും നേരിടുന്നത് കടുത്ത എതിർപ്പുകൾ ആണല്ലോ ?
സ്വാഭാവികമാണല്ലോ . എതിർപ്പുകൾ ആണ് അവരുടെ മേഖല . എത്രയോ വർഷമായി ഇത് തുടങ്ങിയിട്ട് . അതിന്റെ ആക്കം കൂടുകയേ ഉള്ളൂ . കാരണം ഞങ്ങൾ എവിടെയൊക്കെ എത്തുന്നുവോ , അവിടെയൊക്കെ അവരുടെ നിലനിൽപ്പ് ഭീഷണിയിലാകുകയാണ് . ട്വന്റി 20 പുതിയൊരു പ്രസ്ഥാനമോ മൂവ്മെന്റോ അല്ല . 2013 ൽ തന്നെ രെജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്നവരാണ് ഞങ്ങൾ . രണ്ടു വർഷം കഴിഞ്ഞപ്പോൾ തിരഞ്ഞെടുപ്പിന് നേരിട്ട് കിഴക്കമ്പലം പഞ്ചായത്തിൽ അധികാരത്തിൽ എത്തി . സ്വാഭാവികമായും അവർ പ്രതീക്ഷിച്ചിരിക്കും തമ്മിലടിച്ചു നശിക്കുമെന്നും . അതിനായി ആവശ്യത്തിലേറെ ഊർജ്ജം അവർ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട് .
എന്നാൽ ഓരോ തവണയും എതിർപ്പ് ഉയർത്തുമ്പോഴും നിരാശയാണ് അവർ നേരിട്ടത് . അഞ്ചു വര്ഷം മുൻപ് ആകെയുള്ള 19 സീറ്റിൽ രണ്ടെണ്ണമാണ് ഞങ്ങൾക്ക് നഷ്ടമായത് , ഇത്തവണ ഒരു സീറ്റും . എസ ഡി പി ഐ യുടെ സാന്നിധ്യമാണ് കഴിഞ്ഞ തവണ സീറ്റ് നഷ്ടമാക്കിയതു . ഇത്തവണ അതും മറികടന്നിട്ടുണ്ട് . പറഞ്ഞു വന്നത് രാഷ്ട്രീയവും മതവും ഒക്കെ ഈ കൂട്ടായ്മക്ക് മുന്നിൽ , ഇവിടുത്തെ ജനങൾക്ക് മുന്നിൽ ദയനീയമായി പരാജയെപ്പെടുകയാണ് . ജനവും ജനാധിപത്യവും വിജയിക്കുകയും ചെയുന്നു .
എന്തുകൊണ്ടാണ് പൊടുന്നനെ നിയമസഭാ മത്സര പ്രഖ്യാപനം?
സത്യത്തിൽ നിയമസഭാ മത്സരം ഒന്നും ഞങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്നതല്ല . പ്രാദേശികമായ ജനങളുടെ ജീവിത സൗകര്യം മെച്ചപ്പെടുത്തൽ മാത്രമാണ് ഉദ്ദേശം . എന്നാൽ വോട്ടെടുപ്പ് ദിവസം ഉണ്ടായ അസുഖകരമായ അനുഭവം , അസഹിഷ്ണുതയുടെ അങ്ങേത്തലയ്ക്കൽ എത്തിയ എതിർപ്പുകാരുടെ പ്രവർത്തിയാണ് ഞങ്ങളുടെ ഒപ്പം നിൽക്കുന്നവർക്ക് നിയമസഭാ മത്സരത്തിൽ പങ്കാളിയായി ശക്തി കാണിക്കണം എന്ന അഭിപ്രായത്തിൽ എത്തിച്ചത് .
വോട്ടു ചെയ്യാൻ വന്നവരെ ആക്രമിക്കുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്യുന്നതിൽ മൂന്നു മുന്നണിയും മത്സരിക്കുന്ന കാഴ്ചയാണ് കിഴക്കമ്പലത്തിൽ കണ്ടത് . ലോകമെങ്ങും മലയാളികൾ ഉള്ളിടത്തു ഇത് ചർച്ച ആകുകയും ചെയ്തു . അത്തരത്തിൽ അനേകം ആളുകളാണ് ആ സംഭവ ശേഷം ഞങ്ങളെ ബന്ധപ്പെടുന്നത് . അതിനാൽ കൂട്ടായ്മക്ക് ശക്തിയുള്ളിടത്തു മത്സരിക്കണം എന്ന് തന്നെയാണ് ടീമിന്റെ അഭിപ്രായം .
സംസ്ഥാനത്തു മൊത്തം സാന്നിധ്യം അറിയിക്കുമോ ?
അതിനൊന്നും ഞങ്ങൾ തയ്യാറാകില്ല . പ്രായോഗികതയോടെ സമീപിക്കാനാണ് ഉദ്ദേശം . ഒരു സീറ്റിൽ ആയിരിക്കില്ല മത്സരം . ഞങ്ങൾക്കു അതിലേറെ ഇടങ്ങളിൽ ശക്തമായ സാന്നിധ്യം കാട്ടാനാകും . ഞങ്ങളെ ആഗ്രഹിക്കുന്ന കുറെ സ്ഥലങ്ങൾ ഉണ്ട് . കേരളമെങ്ങും ട്വന്റി 20 യെ ആഗ്രഹിക്കുന്നുണ്ടെങ്കിലും എടുത്തു ചാടി ഒന്നും ഞങ്ങളിൽ നിന്നുണ്ടാകില്ല .
അതിനൊക്കെ ഒട്ടേറെ തടസങ്ങളുണ്ട് . പ്രധാനമായും മികച്ച സ്ഥാനാർത്ഥിയെ കിട്ടുക എന്നത് തന്നെയാണ് . രാഷ്ട്രീയക്കാർക്ക് ഇതൊരു പ്രശ്നമല്ല . ഒരു കൊടിയുടെ കീഴെ ആരെ നിർത്തിയാലും അവർക്കു സ്ഥാനാർത്ഥിയായി . പക്ഷെ ഞങ്ങൾക്ക് കഴിവും അറിവും വിദ്യഭ്യാസവും പരിചയ സമ്പത്തും സാമൂഹ്യ അംഗീകാരവും ഒക്കെ ഒത്തിണങ്ങിയവരെ കിട്ടണം . അതിനായാണ് ഇപ്പോൾ ട്വന്റി 20 പരിശ്രമിക്കുന്നത് . നിശാചയമായും അതിനു പറ്റിയവരെ തന്നെ കണ്ടെത്താനാകും എന്നാണ് പ്രതീക്ഷ .
തോമസ് ജേക്കബ് സ്ഥാനാർത്ഥി ആയിരിക്കുമോ ?
സാധ്യത കുറവാണു എന്നേ ഇപ്പോൾ പറയാനാകൂ . കാരണം കഴിഞ്ഞ തവണ അത്തരമൊരു ശ്രമം ഉണ്ടായതാണല്ലോ . എങ്കിലും എല്ലാ സാധ്യതകളും ഞങ്ങൾ പരിശോധിക്കും . ഇനിയുള്ള നാലു മാസം കുറഞ്ഞ സമയമാണ് എന്നറിയാം . അഞ്ചു പഞ്ചായത്തിൽ ശക്തമായ സാന്നിധ്യമാണ് ഞങ്ങൾ . കൂടാതെ സ്വാധീന മേഖലകൾ പലതുണ്ട് . ഞങ്ങളുടെ പരിമിതികൾക്കുള്ളിൽ നിന്നു തന്നെ പലതും ചെയ്യാനാകും .
നിങ്ങളെ തകർക്കാൻ ശക്തമായ ശ്രമം ഉണ്ടാകുമ്പോൾ ഭയം തോന്നുന്നില്ലേ?
ഭയന്നാൽ ആർക്കും പിടിച്ചു നില്ക്കാൻ സാധിക്കില്ല . ഞങ്ങളെ എങ്ങനെയാണു തകർക്കുക ? അടിത്തറയുള്ള ബിസിനസാണ് ഞങ്ങളുടേത് . ഒരു തട്ടിപ്പും വെട്ടിപ്പും നടത്തുന്നില്ല . ഇത്തവണ തന്നെ നോക്കൂ , പോളിങ് ഓഫിസര്മാരില് നിന്നും പോലും നീതികിട്ടിയില്ല എന്ന് പറയേണ്ടി വരും . കാരണം ഇവിടെയെത്തുന്ന ഇത്തരം ഉദ്യോഗസ്ഥർ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടി അനുഭാവി ആയിരിക്കും . അവരെ ഇങ്ങോട്ടു പറഞ്ഞു വിടുമ്പോൾ തന്നെ കൃത്യമായ നിർദ്ദേശങ്ങളും രാഷ്ട്രീയക്കാർ നല്കിയിരിക്കും . അത്തരം ശ്രമഫലമായി കിഴക്കമ്പലത്തു ഞങ്ങൾക്കു ആയിരത്തിൽ കുറയാത്ത വോട്ടുകൾ നഷ്ടമായിട്ടുണ്ട് . എന്നിട്ടും പിടിച്ചു നിൽക്കാനായി , വിജയിക്കാനായി .
തിരഞ്ഞെടുപ്പ് വേളയിൽ നിങ്ങളുടെ പ്രസ്ഥാനത്തിന് നേരെ സോഷ്യൽ മീഡിയയിൽ അരാഷ്ട്രീയം , മുതലാളിത്തം എന്നൊക്കെ പറഞ്ഞു വളഞ്ഞിട്ടാക്രമണം ആയിരുന്നല്ലോ ?
സോഷ്യൽ മീഡിയ ശക്തമാണ് , അതാങ്ങീകരിക്കുന്നു . എന്നാൽ അതിനും രാഷ്ട്രീയമുണ്ട് . ഇപ്പോൾ ഞാൻ കേരളത്തിൽ പകല് ആണെന്നും ലണ്ടനിൽ പകൽ ആണെന്നും നിങ്ങൾക്കും അറിയാം . പക്ഷെ നിങ്ങൾ ലണ്ടനിൽ രാത്രിയാണ് എന്ന് പറഞ്ഞാൽ എന്ത് ചെയ്യാം ? കേൾകുകയല്ലേ തരമുള്ളൂ . എന്നാൽ അനുഭവിക്കുന്നവർക്കു സത്യം അറിയാമല്ലോ . കിഴക്കമ്പലത്തെ കുറിച്ച് നടന്ന വ്യാജ പ്രചാരണത്തിലും ഇതാണ് സംഭവിച്ചത് . അതിനാൽ അത്തരം പ്രചാരണങ്ങളിൽ ഒന്നും ഞങ്ങൾ തളർന്നിരുന്നില്ല . മോദി വൃത്തികേട് കാട്ടിയാൽ കയ്യടിക്കുന്നവർ ഉണ്ടല്ലോ , അതൊക്കെ അങ്ങനെ കണ്ടാൽ മതിയാകും .
സൈബർ രംഗത്ത് പ്രത്യേക സംവിധാനം ഉണ്ടെന്നൊക്കെ കേട്ടിരുന്നു?
അതൊക്കെ വെറുതെ പറയുന്നതാണ് . ഞങ്ങൾക്കു സൈബർ ടീം ഒന്നും ഇല്ല . സാധാരണക്കാരായ പൊതുജനമാണ് ഞങ്ങളുടെ സൈബർ ടീം .
ത്രസിപ്പിക്കുന്ന വിജയത്തിൽ രാഷ്ട്രീയ നേതാക്കൾ ആരെങ്കിലും അഭിനന്ദനവുമായി വിളിച്ചിരുന്നോ ?
അങ്ങനെ പ്രതീക്ഷിക്കാൻ പോലും പാടില്ലല്ലോ . പക്ഷെ റിട്ട ഹൈക്കോടതി ജഡ്ജിമാർ , നിരവധി ഐ എ എസ് , ഐ പി എസ് ഉദ്യോഗസ്ഥർ , അനേകം വ്യവസായ പ്രമുഖർ രാജ്യത്തിനകത്തും പുറത്തും നിന്നുവരെ അഭിനന്ദനവുമായി വിളിക്കുന്നുണ്ടായിരുന്നു . രാഷ്ട്രീയക്കാർക്ക് ഞങ്ങളെ വിളിക്കാൻ പ്രയാസം കാണുമല്ലോ , ഞങ്ങൾ അത് പ്രതീക്ഷിക്കുന്നുമില്ല . എന്നാൽ കേരളത്തിലെയും ദേശീയ മാധ്യമങ്ങളിലെയും പ്രധാനികൾ അടക്കം ഉള്ളവരുടെ തുറന്ന പിന്തുണയും പ്രോത്സാഹനവും കൂടെയുണ്ട് , വിജയ വാർത്ത വന്ന ശേഷവും അതവർ തുറന്നു പറയുന്നുണ്ട് .
കിഴക്കമ്പലത്തിനു പുറത്തു കടക്കുമ്പോൾ ഐക്കരപ്പടിയിലെ തൂത്തുവാരിയുള്ള വിജയം പ്രതീക്ഷിച്ചിരുന്നോ ?
തുറന്നു പറയാം , നൂറിൽ നൂറു പ്രതീക്ഷിച്ചിരുന്നില്ല . ജനങ്ങൾ എത്ര സ്നേഹവും കരുതലുമാണ് നൽകുന്നത് എന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത് .
ഞങ്ങൾ കേരളത്തിന്റെ കെജ്രിവാൾ എന്നാണ് താങ്കളെ വിജയ വാർത്തയിൽ വിശേഷിപ്പിച്ചത് , എന്ത് പറയുന്നു അതേക്കുറിച്ചു?
എനിക്ക് ഞാൻ ആകാനേ കഴിയൂ . മറ്റൊരാളുമായി താരതമ്യം ചെയ്യുന്നതിൽ കാര്യമില്ല . അങ്ങനെയാകാൻ ആഗ്രഹവുമില്ല , പലർക്കും പല ശൈലിയല്ലേ . ഡൽഹിയിൽ ഉള്ളവർക്ക് അദ്ദേഹത്തോട് ആരാധനയുണ്ട് , നമ്മുടേത് മറ്റൊരു വ്യത്യസ്ത ശൈലിയാണ് . എന്റെ പിതാവിനെ മാത്രമല്ല , മുത്തച്ഛന്റെ കാലം മുതൽ ഉള്ള ഒരു പാരമ്പര്യം ഉണ്ട് , ഞങ്ങളെ അറിയുന്ന ജനങൾക്ക് അതറിയാം . ഞങ്ങളെ കുറിച്ച് ഇവിടർക്കും പറഞ്ഞു കൊടുക്കേണ്ട കാര്യവുമില്ല . അതിനാൽ മറ്റുള്ളവർ ഞങ്ങളെക്കുറിച്ചു എന്ത് പറഞ്ഞാലും അതൊന്നും ഈ നാട്ടിൽ വിലപ്പോകില്ല .
ഈ ആവേശം മാറുമ്പോൾ, എതിരാളികൾ പറയും പോലെ , ഒരു തിരിച്ചടി പ്രതീക്ഷിക്കുന്നുണ്ടോ ? ചുരുങ്ങിയ പക്ഷം നൂറു ശതമാനം ശ്രദ്ധ മാറുമ്പോൾ ബിസിനസ്സിൽ എങ്കിലും ?
രണ്ടും രണ്ടായി കാണണം . ഇന്നോ ഇന്നലെയോ തുടങ്ങിയ ബിസിനസ്സല്ല . അതിന്റെ പ്രവർത്തന മേഖലയിൽ ആഴത്തിൽ വേരൂന്നി തന്നെയാണ് അത് നില്കുന്നത് . എന്റെ ഒരാളുടെ ശ്രദ്ധ ഇല്ലെങ്കിൽ തകരുന്നതല്ല അതിന്റെ സംവിധാനം . തികഞ്ഞ പ്രൊഫഷണലിസമാണ് അതിന്റെ മുഖമുദ്ര . ബിസിനസ് അതിന്റെ വഴിയിലും ട്വന്റി 20 അതിന്റെ വഴിയിലും സഞ്ചരിക്കാൻ പ്രാപ്തമാണ് . രണ്ടും കൂടിക്കുഴഞ്ഞാലാണ് ഒന്നിന്റെ ഇടർച്ച മറ്റൊന്നിനെ ബാധിക്കുക . ജനങൾക്ക് ആവശ്യം ഉള്ള കാലത്തോളം രണ്ടും സ്വന്തം കാലിൽ നില്കും . ആരെക്കൊണ്ടും തകർക്കാനാകില്ല .