- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തൃക്കാക്കരയിൽ ട്വന്റി ട്വന്റി മൽസരിച്ചതുകൊണ്ടാണ് പി.ടി. തോമസ് എതിരെ സംസാരിക്കുന്നത്; കടമ്പ്രയാറിനെ മലിനമാക്കുന്നത് കിറ്റെക്സാണെന്നു കണ്ടെത്താൻ സാധിച്ചില്ല; കളക്ടറുടെ യോഗത്തിൽ പറഞ്ഞതല്ല എംഎൽഎമാർ പുറത്തുപറഞ്ഞത് എന്നും സാബു ജേക്കബ്
കൊച്ചി: കിറ്റക്സിൽ വിവിധ വകുപ്പുകൾ നടത്തിയ പരിശോധനയിൽ ഗുരുതര ചട്ടലംഘനങ്ങൾ കണ്ടെത്തിയെന്ന എംഎൽഎമാരുടെ ആരോപണത്തിന് മറുപടിയുമായി ഗ്രൂപ്പ് ചെയർമാൻ സാബു.എം.ജേക്കബ്. കടമ്പ്രയാർ മാലിന്യത്തെക്കുറിച്ചു ചർച്ച ചെയ്തു പുറത്തിറങ്ങിയ എംഎൽഎമാർ അതിനെക്കുറിച്ചു പറയാതെ പഞ്ചായത്തിൽ പണം ബാക്കി വന്നതും സേഫ്റ്റി ഓഫിസറെ നിയമിച്ചതിനെക്കുറിച്ചും മറ്റും ആരോപണങ്ങൾ ഉയർത്തിയതിനെയാണ് സാബു ജേക്കബ് ചോദ്യം ചെയ്തത്. കലക്ടർ ജാഫർ മാലിക്കിന്റെ സാന്നിധ്യത്തിലാണ് കിറ്റെക്സ് വിഷയം ചർച്ച ചെയ്യാൻ ജില്ലയിലെ എംഎൽഎമാരെ ക്ഷണിച്ചു ചർച്ച സംഘടിപ്പിച്ചത്. എന്നാൽ പുറത്തിറങ്ങിയ എംഎൽഎമാരായ പി.ടി. തോമസും ശ്രീനിജിനും കമ്പനിക്കെതിരെ മാധ്യമങ്ങളിൽ ആക്ഷേപങ്ങൾ ഉയർത്തുകയായിരുന്നുവെന്നു സാബു ജേക്കബ് പറഞ്ഞു.
കിറ്റെക്സ് 73 നിയമലംഘനങ്ങൾ നടത്തിയെന്നു പറഞ്ഞ സർക്കാരും എംഎൽഎമാരും പിന്നോക്കം മാറി എട്ടു തൊഴിൽ നിയമങ്ങൾ ലംഘിച്ചെന്നു കണ്ടെത്തിയെന്നാണ് ഇന്നു പറഞ്ഞത്. എറണാകുളത്തെ ഏതാണ്ട് എല്ലാ ഏജൻസികളും നടത്താവുന്ന മുഴുവൻ പരിശോധനകളും നടത്തിയിട്ടും കടമ്പ്രയാറിനെ മലിനമാക്കുന്നത് കിറ്റെക്സാണെന്നു കണ്ടെത്താൻ സാധിച്ചില്ല.
മാത്രമല്ല, കമ്പനി തുടങ്ങുന്നിടം മുതൽ കടമ്പ്രയാർ വരെ വെള്ള സാംപിൾ എടുത്തു പരിശോധിച്ചതിൽ കിറ്റെക്സിനോട് അടുത്തു കിടക്കുന്നിടത്തു മാലിന്യം കുറവാണെന്നാണു കണ്ടെത്തിയത്. കിറ്റെക്സിൽ നിന്നല്ല കടമ്പ്രയാർ മലിനമാകുന്നതെന്ന് ഇതോടെ വ്യക്തമായി. അകത്ത് എന്തു റിപ്പോർട്ടുകൾ ചർച്ച ചെയ്തു എന്നു പറയാതെ പുറത്തിറങ്ങി വസ്തുതാ വിരുദ്ധമായ കുറെ കാര്യങ്ങൾ പതിവു പോലെ പറഞ്ഞ് ആളുകളെ കബളിപ്പിക്കുന്ന തന്ത്രമാണ് ഇന്നും ഇവർ നടത്തിയതെന്നു സാബു ജേക്കബ് പറഞ്ഞു.
ട്വന്റി ട്വന്റി ഭരിച്ച പഞ്ചായത്തിൽ പണം ബാക്കി വച്ചതും വെൽഫെയർ ഓഫിസറെയും ഫയർ ഓഫിസറെയും നിയമിച്ചതിൽ വ്യക്തതക്കുറവുണ്ടെന്നും തൊഴിലാളികളുടെ ഇഎസ്ഐ, പിഎഫ് കണക്കുകളിൽ വ്യത്യാസം കാണുന്നു എന്നെല്ലാമാണ് ഇന്നു പറഞ്ഞത്. ഇതു പറഞ്ഞ അദ്ദേഹത്തെ സർക്കാർ വ്യവസായ മന്ത്രിയാക്കാതിരുന്നത് എന്താണെന്നറിയില്ല. പാർട്ടിക്ക് അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ച് അറിയാവുന്നതുകൊണ്ടായിരിക്കും കൊടുക്കാതിരുന്നതെന്നും സാബു ജേക്കബ് പരിഹസിച്ചു. ഇഎസ്ഐ ഉള്ളവർക്ക് എല്ലാം പിഎഫ് ഉണ്ടാകണമെന്നില്ല. ഒരു ലക്ഷം കിട്ടിയാലും പിഎഫ് ഉണ്ടാകും. നിയമം എന്തെന്നു മനസിലാകാതെ പൊതു ജനങ്ങളെ വിഡ്ഢിത്തരങ്ങൾ പറഞ്ഞു കബളിപ്പിക്കുന്ന രാഷ്ട്രീയ തന്ത്രമാണ് ഇവർ നടത്തുന്നത്.
കിറ്റെക്സ് സിഎസ്ആർ ഫണ്ട് ദുർവിനിയോഗം ചെയ്തെന്നാണ് മറ്റൊരു ആക്ഷേപം. ആറു വർഷമായി കമ്പനി സിഎസ്ആർ നടത്തുന്നുണ്ട്. ഇൻകം ടാക്സ്, കേന്ദ്ര ഏജൻസികൾ പറയാത്ത ആരോപണങ്ങളാണ് ഇവർ ഉയർത്തുന്നത്. എന്തുകൊണ്ടു കേന്ദ്രം നടപടിയെടുക്കുന്നില്ല എന്ന് ആലോചിക്കാതെയാണ് ഇത്. സിംഗപ്പൂർ മോഡൽ റോഡുകൾ നിർമ്മിച്ചതു കമ്പനിയുടെ സ്ഥലത്തേയ്ക്കാണ് എന്നായിരുന്നു മറ്റൊരു ആക്ഷേപം. ഇത്തരത്തിൽ നാലു റോഡുകളാണ് ഉള്ളത്. ഈ നാലു റോഡുകൾ ഒഴിച്ച് ബാക്കി എല്ലാ റോഡുകളും പണി പൂർത്തിയാക്കിക്കഴിഞ്ഞു. അതു മാത്രം ഇവർ പറയുന്നില്ല. ആറേഴു വർഷങ്ങളായി ചർച്ച ചെയ്യുന്ന അതേ കാര്യങ്ങളാണ് ഇപ്പോഴും പറയുന്നത്.
വ്യത്യസ്തമായ രീതിയിലാണ് കിറ്റെക്സ് ഭരണം നടത്തിയത്. പദ്ധതികൾ ദീർഘ വീക്ഷണത്തോടെ ശാസ്ത്രീയമായി പഠിച്ച് അഴിമതിരഹിതമായി നടപ്പാക്കി. അനാവശ്യ ചെലവുകൾ നിർത്തലാക്കി. അതോടൊപ്പം പഞ്ചായത്തിൽ വരുമാനം വളരെ കൂടി. പുതിയ സംരംഭങ്ങൾ വന്നു, നികുതി ലഭിച്ചു. ചെലവു നിയന്ത്രിക്കുകയും അഴിമതി തടയുകയും ചെയ്തപ്പോൾ വന്ന പണമാണ് പഞ്ചായത്തിന്റെ പേരിൽ ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ടിരിക്കുന്നത്. സാധാരണ മറ്റു പഞ്ചായത്തുകളിൽ രാഷ്ട്രീയക്കാരും മറ്റും ഉള്ള പണം വീതിച്ചെടുക്കും. ജനങ്ങൾക്കു കിട്ടില്ല. ഞങ്ങൾ അതു ചെയ്യാതിരുന്നതിനാലാണു പണം അവിടെ കിടക്കുന്നത്. പലിശ കിട്ടുന്നുണ്ട്. നിയമവിരുദ്ധമാണെന്ന് ആരെങ്കിലും പറയട്ടെ. കോടികൾ കടമെടുത്തു സർക്കാർ പദ്ധതികൾ നടപ്പാക്കുമ്പോഴാണു പന്ത്രണ്ടരക്കോടി രൂപ അക്കൗണ്ടിൽ ബാക്കി വച്ചത്. ജനങ്ങളുടെ പണം പൊന്നു പോലെ നോക്കി ശേഖരിച്ചു വച്ചതു വലിയ അപരാധമാണെന്നാണു പറയുന്നത്. ഇതു നശിപ്പിച്ചു കളയണമായിരുന്നോ എന്നു സാബു ചോദിച്ചു.
കിറ്റെക്സ് നടത്തിയ നിർമ്മാണ പ്രവർത്തനം ഹൈക്കോടതിയുടെ ഉത്തരവോടെയാണു ചെയ്തിട്ടുള്ളത്. 2013ൽ വാങ്ങിയ ഭൂമിയിൽ താനായിട്ട് ഒരു കുട്ട മണ്ണു പോലും ഇട്ടിട്ടില്ല. നികത്തു ഭൂമിയായാണു വാങ്ങിയത്. ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിലാണു കെട്ടിടം പണിതിരിക്കുന്നത്. പഴയ സർക്കാർ അവിടെ സർക്കസും വോളിബോൾ മൽസരവുമെല്ലാം നടത്തിയിട്ടുണ്ട്. ഒരു രേഖകളുടെയും പിന്തുണയില്ലാതെയാണ് ഇവർ സംസാരിക്കുന്നത്. നടന്ന കാര്യങ്ങൾ പൊതു ജനങ്ങളോടു പറയാതെ വേറെ കാര്യങ്ങൾ വഴി തിരിച്ചു വിട്ടു വേറെ തലത്തിലേയ്ക്കു കൊണ്ടുപോകുകയാണു ചെയ്യുന്നത്.
തൃക്കാക്കരയിൽ ട്വന്റി ട്വന്റി മൽസരിച്ചതുകൊണ്ടാണ് പി.ടി. തോമസ് എതിരെ സംസാരിക്കുന്നത്. കമ്പനിക്കകത്തു പരിശോധിച്ചാൽ ഇവർക്ക് ഏതെങ്കിലും നിയമലംഘനം കണ്ടുപിടിക്കാൻ സാധിക്കില്ല. സംസ്ഥാനത്തെ വേറെ ഏതെങ്കിലും ഫാക്ടറി പരിശോധിക്കട്ടെ. അടച്ചു പൂട്ടേണ്ടിവരും. കിറ്റെക്സ് നിയമം അനുസരിച്ചു പോകുന്നു എന്നതു മാത്രമാണു പ്രശ്നം. ഇവർക്കു കൈക്കൂലി കൊടുത്താൽ മതി. ഇതുപോലെയുള്ള ആളുകൾ മൽസരിച്ച് ജനങ്ങളെ കൊള്ളയിക്കുകയാണ്. ഇപ്പോൾ പോകുന്ന രീതിയിൽ പോയാൽ സംസ്ഥാനത്തെ വീടുകളിൽ പട്ടികളെ വളർത്തുന്ന സാഹചര്യം വരും. മക്കൾ എല്ലാം ജോലി തേടി വിദേശത്തു പോയാൽ രക്ഷിതാക്കൾക്കു കൂട്ടിനു പട്ടിയെ വളർത്തണ്ടി വരും. 2025 ആകുമ്പോഴേയ്ക്ക് 90 ശതമാനം വീടുകളിലും ആ സാഹചര്യം വരുമെന്നും അദ്ദേഹം പറഞ്ഞു.
എംഎൽഎമാരുടെ ആരോപണം
കിറ്റക്സിൽ തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട് എട്ടോളം ക്രമക്കേടുകൾ നടന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്നും സി.എസ്.ആർ. ഫണ്ട് ട്വന്റി-20യുടെ രാഷ്ട്രീയ പ്രവർത്തനത്തിനായി വിനിയോഗിച്ചെന്നും എംഎൽഎമാർ പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് നൽകാമെന്ന് കളക്ടർ ഉറപ്പുനൽകിയതായും പി.ടി. തോമസ് എംഎൽഎ. പറഞ്ഞു.
ഭൂരിഭാഗം ഡിപ്പാർട്ടുമെന്റുകളും ഞങ്ങൾക്ക് നൽകിയ മറുപടി ഈ കമ്പനി നിയമവിധേയമായിട്ടല്ല പ്രവർത്തിക്കുന്നത് എന്നാണ്- പി.ടി. തോമസ് പറഞ്ഞു. സി.എസ്.ആർ. ഫണ്ട് ട്വന്റി-20 എന്ന രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ട് ചിലവഴിച്ചതിനെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് കണ്ടെത്തിയിട്ടുണ്ട്. വളരെ നല്ല നിലയിലാണ് ഇക്കാര്യത്തിൽ കളക്ടർ ഇടപെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ചുനാളുകളായി വിവിധ വകുപ്പുകൾ കിറ്റക്സുമായി ബന്ധപ്പെട്ട് പരിശോധനകൾ നടത്തിയിരുന്നു. ഇത്തരത്തിൽ 13-ഓളം പരിശോധനകൾ കിറ്റക്സ് കമ്പനിയുടെ വിവിധ ഓഫീസുകളിൽ നടന്നു. കഴിഞ്ഞ ജില്ലാ വികസന യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട് എംഎൽഎമാരായ പി.ടി. തോമസ്, പി.വി. ശ്രീനിജൻ, എൽദോസ് കുന്നപ്പിള്ളി അടക്കമുള്ളവർ ചില പരാതികൾ ഉന്നയിച്ചിരുന്നു.
പരിശോധനാ റിപ്പോർട്ടുകൾ സംബന്ധിച്ച കാര്യങ്ങൾ കൃത്യമായി പുറത്തുവരുന്നില്ല തുടങ്ങിയ കാര്യങ്ങളായിരുന്നു ആ യോഗത്തിൽ ഉയർന്നത്. തുടർന്നാണ് എറണാകുളം ജില്ലാ കളക്ടർ ഇന്ന് മൂന്ന് എംഎൽഎമാരെയും കളക്ടറേറ്റിലേക്ക് വിളിച്ചുവരുത്തുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചർച്ച നടത്തുകയും ചെയ്തത്. തൊഴിൽ, മലിനീകരണ നിയന്ത്രണ ബോർഡ്, ആരോഗ്യവകുപ്പ് തുടങ്ങിയിടങ്ങളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇതിനു ശേഷം എംഎൽഎമാർ വാർത്താസമ്മേളനം നടത്തി. ഈ വാർത്താസമ്മേളനത്തിലാണ് കിറ്റക്സുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകൾ നടന്നെന്ന റിപ്പോർട്ട് തങ്ങൾക്ക് ലഭിച്ചതായി മാധ്യമങ്ങളോടു പ്രതികരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ