നങ്ങൾക്കുവേണ്ടി അല്ലെങ്കിൽ ആർക്കുവേണ്ടിയാണ് കലാകാരന്മാർ പരിപാടികൾ അവതരിപ്പിക്കുന്നത്. ചോദ്യം ചാനൽ അവതാരകനും നടനുമായ സാബുവിന്റേതാണ്. ജനങ്ങളോടു പ്രതിബദ്ധതയില്ലാത്ത കലാകാരന്മാർ കാട്ടുന്നത് അന്തസില്ലായ്മയാണ്. കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ റിമി ടോമിക്കെതിരായി പോസ്റ്റിട്ടതു വിവാദമായതിനെത്തുടർന്നു ഒരു ഓൺലൈൻ മാദ്ധ്യമത്തോടു പ്രതികരിക്കുകയായിരുന്നു സാബു.

കലാകാരന്മാരെല്ലാം പലരുടെയും പ്രോത്സാഹനം കൊണ്ടാണു വളർന്നുവന്നത്. അല്ലാതെ പെട്ടെന്നു മുട്ടവിരിഞ്ഞു പൊട്ടിവന്നതല്ല ആരും. അതുകൊണ്ടുതന്നെ പുതിയ വ്യക്തികളെയോ കുട്ടികളെയോ പ്രോത്സാഹിപ്പിക്കാൻ കുറച്ചുസമയം ചെലവഴിക്കുന്നതിൽ തെറ്റില്ല.

കണ്ണുകാണാത്ത കുട്ടി പാടാൻ വന്നപ്പോൾ റിമി അസ്വസ്ഥത കാട്ടിയെങ്കിൽ അത് അന്തസില്ലായ്മയാണ്. അതു പറയാൻ ഉപയോഗിക്കേണ്ട മലയാള പദം പുലയാട്ട് എന്നു തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം. ഇത്തരം അന്തസില്ലാത്ത പെരുമാറ്റം സൂചിപ്പിക്കാൻ മലയാളത്തിൽ ഇതിലും നല്ലൊരു വാക്കില്ലെന്നും സാബു പറഞ്ഞു. പോക്രിത്തരം കണ്ടാൽ എനിക്ക് പ്രതികരിക്കാനാകില്ല. ആരാധകരും ജനക്കൂട്ടവുമാണ് കലാകാരന്മാരുടെ ഊർജമെന്നും സാബു പറഞ്ഞു.

ഏതു കലാകാരനും പണം വാങ്ങി പരിപാടി ഏറ്റുകഴിഞ്ഞാൽ സംഘാടകർ പറയുന്നതു കേൾക്കാൻ ബാധ്യസ്ഥരാണ്. അവർ ചാർട്ടുചെയ്യുന്നതിന് അനുസരിച്ച് സ്റ്റേജിൽ കയറേണ്ടി വരും. ഇക്കാര്യത്തിൽ ക്ഷമ കാണിച്ചേ പറ്റു എന്നും സാബു പറയുന്നു.

കഴിഞ്ഞ ദിവസമാണ് റിമി ടോമിക്കെതിരെ സാബുവിന്റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ''സ്റ്റേജിൽ പുലയാട്ടു നടത്തുന്ന ഒരുത്തിയുടെ പേരാണ് റിമി ടോമി''യെന്നാണ് മഴവിൽ മനോരമ ചാനലിലെ ടേക് ഇറ്റ് ഈസി എന്ന പരിപാടിയുടെ അവതാരകനായ സാബു പോസ്റ്റ് ചെയ്തത്. അനുകൂലിച്ചും പ്രതികൂലിച്ചും ഷെയർ ചെയ്തും ഈ കമന്റ് നിരവധിപേർ ഏറ്റെടുത്തതോടെ സംഭവം വിവാദത്തിലുമായി. ഇതോടെയാണ് വിശദീകരണവുമായി സാബു രംഗത്തെത്തിയത്.

ദിവസങ്ങൾക്കു മുമ്പ് നിലമ്പൂരിൽ ഒരു പരിപാടി അവതരിപ്പിക്കാൻ പോയ റിമി ടോമി മോശമായി പെരുമാറി എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് ഫേസ്‌ബുക്ക് പോസ്റ്റിട്ടതെന്നു സാബു പറഞ്ഞു.

''പരിപാടിക്കു പോയി റിമി കാണിച്ചുകൂട്ടിയത് പലരും പറഞ്ഞുകേട്ടു. കണ്ണുകാണാൻ വയ്യാത്ത ഒരു കുട്ടിയോടു പെരുമാറിയ രീതിയൊന്നും ശരിയായില്ല എന്നു എനിക്കുതോന്നി. ഞാനതു പ്രകടിപ്പിച്ചു. ഉള്ളിൽ തോന്നുന്നത് അതേപടി പ്രകടിപ്പിക്കുന്ന വ്യക്തിയാണു ഞാൻ. എനിക്കു സ്റ്റേജിൽ മാത്രമേ അഭിനയിക്കാൻ അറിയൂ. ഫേസ്‌ബുക്കിൽ ഇതുപോലെ പലകാര്യങ്ങളും എഴുതാറുണ്ട്. ചിലപ്പോൾ ചർച്ച ചെയ്ത് അങ്ങോട്ടുമിങ്ങോട്ടും തെറിവിളിയാകും.''- സാബു പറഞ്ഞു.

സൂര്യ ടിവിയിലെ തരികിട എന്ന പരിപാടിയിലൂടെയാണ് സാബു ടെലിവിഷൻ പ്രേക്ഷകർക്കു സുപരിചിതനായത്. കേരള സർവകലാശാല യുവജനോത്സവത്തിൽ ഏകാഭിനയത്തിന് ഒന്നാമതെത്തിയ സാബു അന്നുതന്നെ മികച്ച അഭിനേതാവെന്നു പേരെടുത്തിരുന്നു. അതിനു പിന്നാലെ സിനിമകളിലും സാബു അഭിനയിച്ചു.

നിലമ്പൂരിലെ പരിപാടിയിൽ പങ്കെടുത്തു റിമി ടോമി മോശമായി പെരുമാറിയതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉണ്ടെന്ന അവകാശവുമായാണ് രണ്ടുദിവസം മുമ്പ് ഫേസ്‌ബുക്കിൽ പ്രചാരണമുണ്ടായത്. നിലമ്പൂരിൽ പാട്ടുത്സവത്തിനെത്തി അപമര്യാദയായി പെരുമാറിയതിനാൽ ഇനി നിലമ്പൂരേക്കു വിളിക്കില്ലെന്നും റിമിയുടെ ഫേസ്‌ബുക്ക് പേജിൽ കമന്റുകൾ നിറഞ്ഞിരുന്നു. എന്നാൽ, ആരോപണങ്ങൾ ഉന്നയിക്കുന്നവർ എഡിറ്റ് ചെയ്യാത്ത വീഡിയോ പുറത്തുവിടട്ടെ എന്നാണ് റിമി ടോമി പ്രതികരിച്ചത്.