81 ദിവസങ്ങൾ പിന്നിടുമ്പോൾ ഇണക്കവും പിണക്കവും ടാസ്‌കുകളുമൊക്കൊയായി ബിഗ്ബോസ് അംഗങ്ങൾ ഗെയിംമിൽ സജീവമാണ്. 60 കാമറകൾക്ക് നടുവിലാണ് ബിഗ്ബോസ് അംഗങ്ങളുടെ ജീവിതം. ഊണിലും ഉറക്കത്തിലുമെല്ലാം കാമറകൾ ഇവരെ പിന്തുടരുന്നുണ്ട്. കാമറെയെ വെട്ടിച്ച് ഒന്നും ഇവർക്ക് ചെയ്യാനാകില്ല. എന്നാൽ കഴിഞ്ഞ ദിവസം കാമറകളെ മറന്ന് ഒളിഞ്ഞുനോക്കിയ സാബുവിന് ബിഗ്ബോസ് ശിക്ഷ വിധിച്ചതാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചിരിപടർത്തുന്നത്.

ബിഗ്ബോസ് നൽകിയ ഹൈഡ് ആൻഡ് സീക്ക് ടാസ്‌കിനിടിയിലാണ് കാമറകളെ മറന്നു സാബു ഒളിഞ്ഞുനോക്കിയത്. പേളി, ശ്രീനിഷ്, സുരേഷ്, സാബു എന്നിവർ ഒരു ടീമും ഷിയാസ്, അർച്ചന, അതിഥി, ബഷീർ എന്നിവർ മറ്റൊരു ടീമുമായിരുന്നു. ഓരോ ടീമിനും ഒരാളെ പെട്ടിക്കുള്ളിൽ ഒളിപ്പിക്കാം, അടുത്ത ടീം കണ്ടുപിടിക്കുന്നതായിരുന്നു ടാസ്‌ക്. ആരാണ് ഓരോ പെട്ടിയിലും ഉള്ളതെന്ന് കണ്ടുപിടിക്കാൻ മത്സരാർത്ഥികൾക്ക് എന്തും ചോദിക്കാം. മത്സരാർത്ഥികളെ പ്രകോപിപ്പിച്ചും കണ്ടുപിടിക്കാം. എന്നാൽ ആദ്യ റൗണ്ടിൽ ഇരു ടീമുകളും പരാജയപ്പെടുകയായിരുന്നു.

എന്നാൽ രണ്ടാമത്തെ റൗണ്ടിലെത്തിയ ഷിയാസിന്റെ ടീമിന് ആരേയും കണ്ടുപിടിക്കാനായില്ലെങ്കിലും സാബുവിന്റെ ടീം പെട്ടിക്കുള്ളിൽ ഒളിച്ച ബഷീറിനെ കണ്ടെത്തുകയായിരുന്നു. ഇതൊടെ ടാസ്‌ക് വിജയിച്ചതിൽ എല്ലാവരും സന്തോഷിച്ചെങ്കിലും സാബു ഒളിഞ്ഞ് നോക്കിയാണ് ബഷീറിനെ കണ്ടുപിടിച്ചതെന്ന് ബിഗ് ബോസിന്റെ അറിയിപ്പ് വന്നു. തുടർന്ന് ബിഗ് ബോസ് സാബുവിന് ശിക്ഷ നൽകുകയും ചെയ്തു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പെട്ടിക്കകത്ത് കയറി ഇരിക്കാനായിരുന്നു ബിഗ് ബോസിന്റെ നിർദ്ദേശം. തുടർന്ന് സാബുവിനെ പെട്ടിക്കുള്ളിലാക്കി. മറ്റ് മത്സരാർത്ഥികളെ കാണാനായി പെട്ടിയിൽ ദ്വാരമുണ്ടാക്കാൻ ബിഗ് ബോസ് നിർദേശിച്ചു തുടർന്ന് വൈകുന്നേരത്തോടെയാണ് സാബുവിനോട് പെട്ടിക്ക് പുറത്ത് നിന്നും ഇറങ്ങാൻ ബിഗ് ബോസ് അറിയിപ്പ് നൽകിയത്. ഇതേതുടർന്ന് വിയർത്ത് കുളിച്ചാണ് സാബു പെട്ടിക്ക് പുറത്തിറങ്ങിയത്.