കൊച്ചി: കലാഭവൻ മണിയുടെ മരണത്തോടെ പൊലീസ് ചോദ്യം ചെയ്ത സിനിമാതാരം തരികിട സാബു സോഷ്യൽ മീഡിയയിൽ തെറിപറയുന്നത് ഒരു പതിവാക്കിയിട്ടുണ്ട്. അടുത്തിടെ തന്നെ വിമർശിക്കുന്നവരെയൊക്കെ തെറിപറഞ്ഞ് ഓടിക്കുന്നതാണ് സാബുവിന്റെ ശൈലിയെന്നാണ് വിമർശനം. മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന വിധത്തിൽ ഫേസ്‌ബുക്ക് പോസ്റ്റുകളുമായി രംഗത്തെത്തിയ സാബു ഇപ്പോൾ ഒരു സ്ത്രീയെ അധിക്ഷേപിച്ചാണ് രംഗത്തെത്തിയത്.

നടൻ കലാഭവൻ മണിയുടെ മരണത്തിൽ തനിക്ക് പങ്കുണ്ടെന്ന് ആരോപിച്ച സ്ത്രീയെ വേശ്യയെന്ന് വിളിച്ചാണ് നടന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. 'ഡൽഹിയിൽ ശരീരം വിറ്റ് നടക്കുന്ന ഒരു (തുടർന്ന് ഒരു അസഭ്യവാക്ക്) ഉണ്ടായിരുന്നു. മണിച്ചേട്ടന്റെ മരണത്തിൽ എനിക്ക് പങ്കുണ്ട് എന്ന് പറഞ്ഞ ഒരു സങ്കി (സംഘപരിവാർ പ്രവർത്തകരെ സൈബർ ലോകത്ത് ചിലർ അഭിസംബോധന ചെയ്യുന്ന വാക്ക്), അവളൊക്കെ ചത്തോ എന്തോ' എന്നാണ് സാബുവിന്റെ പോസ്റ്റ്. മണിയുടെ മരണത്തിൽ സാബുവിന് പങ്കുള്ളതായി ഈ സ്ത്രീ ആരോപിച്ചതായാണ് സാബു പറയുന്നത്.

പോസ്റ്റിനൊപ്പം കമന്റായി അധിക്ഷേപിക്കുന്ന സ്ത്രീയുടെ ചിത്രവും സാബു നൽകിയിട്ടുണ്ട്. കലിയടങ്ങാത്ത വിധത്തിൽ സ്ത്രീയെ അധിക്ഷേപിച്ചുകൊണ്ടാണ് സാബുവിന്റെ തുടർ കമന്റുകളും. ഹൈദരാബാദിൽ വീട്ടമ്മയായ യുവതിയെ അധിക്ഷേപിച്ചാണ് തരികിട സാബു രംഗത്തെത്തിയത്. കമന്റായി തന്നെ യുവതിയുടെ ചിത്രമിട്ട് അശ്ലീല കമന്റുകളും ഇയാൾ ഇട്ടു. സാബിവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ അതിശക്താമായ പ്രതിഷേധമാണ് ഉയർന്നത്.

ഇതിനിടെ വീട്ടമ്മയും കുടുംബവും നിയമ നടപടിക്ക് ഒരുങ്ങുന്നതായി വാർത്ത വന്നതോടെ സാബു ഫേസ്‌ബുക്ക് പേജ് അപ്രത്യക്ഷമായി. ഇപ്പോൾ സാബുവിന്റെ പേജിൽ കയറിയാൽ കണ്ടന്റ് ഈസ് അൺ അവൈയിലബിൽ എന്ന സന്ദേശമാണ് കാണാൻ സാധിക്കുന്നത്. വനിതകളെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിക്കുന്നത് കുറ്റകരമാണെന്നിരിക്കേയാണ് സാബുവിന്റെ ഫേസ്‌ബുക്ക് പേജ് അപ്രത്യക്ഷമായത്. അതേസമയം പേജ് മാസ് റിപ്പോർട്ട് ചെയ്ത് പൂട്ടിച്ചതാണോ എന്ന കാര്യവും വ്യക്തമല്ല. എന്നാൽ, അധിക്ഷേപിച്ചു കൊണ്ടുള്ള പോസ്റ്റിന്റെ സ്‌ക്രീൻഷോട്ടുകൾ വ്യാപകമായി സോഷ്യൽ മീഡിയിൽ പ്രചരിക്കുന്നുണ്ട്.

നേരത്തെ മണിയുടെ സഹോദരനെയും മണിയുടെ ഭാര്യയെയും അപകീർത്തിപ്പെടുത്തും വിധത്തിലും സാബുമോൻ ഫേസ്‌ബുക്കിൽ പരാമർശം നടത്തിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു. മണിയുടെ മരണം സിബിഐയ്ക്ക് വിടാൻ വേണ്ടി സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. വ്യാജമദ്യം കഴിച്ചാണ് മണി മരിച്ചതെന്ന വിധത്തിലാണ് വാർത്തകൾ പുറത്തുവന്നതും.